ബംഗളൂരു-ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിടുന്ന പ്രക്രിയ പൂർത്തിയാക്കി. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു.ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയതായും ഇന്ത്യൻ സമയം രാവിലെ രണ്ടേ കാലോടെയാണ് പേടകത്തിലെ ലാം എഞ്ചിൻ ജ്വലിപ്പിച്ച് യാത്രാപഥം മാറ്റിയതെന്നും ഐ.എസ്.ആർ.ഒ വിശദീകരിച്ചു.ലക്ഷ്യസ്ഥാനമായ എൽ വണ്ണിൽ പേടകം എത്താൻ 110 ദിവസമെടുക്കും. ഭൂമിയിൽ നിന്നും പതിനഞ്ച് ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. ജനുവരി ആദ്യ വാരത്തോടെയായിരിക്കും പേടകം ഇവിടെയെത്തുക.ഇത് അഞ്ചാം തവണയാണ് ഐ.എസ്.ആർ.ഒ ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് അയക്കുന്നത്.






