മുംബൈ- കടബാധ്യതകള്‍ തീര്‍ക്കാന്‍ 2121 കോടി രൂപ കൂടി എയര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ആവശ്യപ്പെട്ടു. 2018-19 വര്‍ഷത്തില്‍ കൊടുത്തുതീര്‍ക്കാനുള്ള തുക കണക്കാക്കിയാണ് കൂടുതല്‍ മുതല്‍ മുടക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എയര്‍ലൈന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ബാങ്കുകളും പാട്ടക്കാരും കിട്ടാനുള്ള കുടിശ്ശികക്ക് വേണ്ടി സമ്മര്‍ദം ശക്തമാക്കിയിരിക്കയാണ്. 1800 കോടിയോളം രൂപയാണ് എയര്‍ ഇന്ത്യ കൊടുത്തു തീര്‍ക്കാനുള്ളത്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള കൂടുതല്‍ തുക അടുത്ത പത്ത് ദിവസത്തിനിടയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ലഭിച്ച 650 കോടി രൂപക്കു പുറമെയാണ് 2121 കോടി രൂപ കൂടി ആവശ്യപ്പെട്ടിരിക്കുന്നത്. വാങ്ങാനാളില്ലാത്തതിനാല്‍ എയര്‍ ഇന്ത്യയുടെ ബഹുഭൂരിഭാഗം ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ കഴിഞ്ഞ മാസം ഉപേക്ഷിച്ചിരുന്നു. ഇപ്പോഴും നികുതിദായകരുടെ പണം കൊണ്ട് നിലനിന്നുപോകുന്ന ദേശീയ വിമാനക്കമ്പനിയെ രക്ഷിക്കാനുള്ള അവസാനശ്രമമായിരുന്നു സ്വകാര്യവല്‍ക്കരണം. എന്നാല്‍ എയര്‍ ഇന്ത്യയുടെ നിബന്ധനകള്‍ക്കനുസൃതമായി ആരും തന്നെ ഓഹരികള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കിയില്ല.
ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടുമ്പോള്‍ തന്നെ നഷ്ടത്തിലോടുന്ന എയര്‍ഇന്ത്യയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായം നല്‍കുമെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. എന്നാല്‍ പുതിയ പദ്ധതിയുടെ സമയപരിധിയടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
മൂന്ന് ബാങ്കുകളും രണ്ട് വിമാന ലീസിംഗ് സ്ഥാപനങ്ങളും കഴിഞ്ഞ ഒരാഴ്ചക്കിടെ എയര്‍ ഇന്ത്യക്ക് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള വെല്‍സ് ഫാര്‍ഗോ ട്രസ്റ്റ് സര്‍വീസസ്, യു.എ.ഇ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദുബായ് എയറോ സ്‌പേസ് എന്റര്‍പ്രൈസ് (ഡി.എ.ഇ) എന്നീ സ്ഥാപനങ്ങള്‍ വാടക ഇനത്തില്‍ നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യക്ക് നോട്ടീസ് അയച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അലയന്‍സ് എയര്‍ തങ്ങള്‍ക്ക് ഒരു കോടിയിലേറെ ഡോളര്‍ നല്‍കാനില്ലെന്നും നോട്ടീസയച്ചിട്ടില്ലെന്നുമാണ് ഡി.എ.ഇ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്. എയര്‍ ഇന്ത്യക്കു കീഴില്‍ ഇന്ത്യയിലെ ചെറിയ പട്ടണങ്ങളിലേക്കും സിറ്റികളിലേക്കും മേഖലാ തലത്തില്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് അലയന്‍സ് എയര്‍.






