ബ്രിട്ടീഷ് വിദേശ മന്ത്രിക്ക് നാക്കുപിഴ; ഭാര്യയുടെ നാട് മാറി

ബെയ്ജിംഗ്- ചൈനീസ് സന്ദര്‍ശനത്തിനെത്തിയ പുതിയ ബ്രിട്ടീഷ് വിദേശ മന്ത്രിയുടെ നാക്കുപിഴയില്‍ ചൈനക്കാരിയായ ഭാര്യ ജപ്പാന്‍കാരിയായി. ഉടന്‍ തന്നെ മന്ത്രി ജെറെമി ഹണ്‍ട് തിരുത്തി. ഭാര്യ ചൈനക്കാരിയാണ്. ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യിയുമായി നടത്തിയ സംഭാഷണത്തിലാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ അവിശ്വസനീയമായ അബദ്ധം.
ഭാര്യ ചൈനക്കാരിയാണെന്നും അതുകൊണ്ടുതന്നെ മക്കള്‍ പാതി ചൈനക്കാരാണെന്നും തങ്ങള്‍ക്ക് ചൈനീസ് മുത്തച്ഛനും മുത്തശ്ശിയുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവരൊക്കെ സിയാനിലാണ് ജീവിച്ചിരുന്നതെന്നും ശക്തമായ കുടുംബ ബന്ധമാണുള്ളതെന്നും ബ്രിട്ടീഷ് വിദേശ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ചൈനയിലെ പുരാതന സിയാന്‍ പട്ടണത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.
ബ്രിട്ടീഷ് സര്‍ക്കാരില്‍ നേരത്തെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഹണ്ടിന്റെ ഭാര്യ ചൈനക്കാരി ലൂസിയ ഗുവോയാണ്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്.
ബ്രിട്ടനും ചൈനയും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനുള്ള ശ്രമത്തിലായിരുന്നു മന്ത്രി. നൂറ്റാണ്ടുകളായി ശത്രുതയുള്ള രാജ്യങ്ങള്‍ തമ്മില്‍  ഈയിടെയാണ് ബന്ധം ഇത്തിരിയെങ്കിലും മെച്ചപ്പെട്ടത്. 1930 കളിലും 1940കളിലും ചൈനയുടെ ഭാഗങ്ങളില്‍ ജപ്പാന്‍ നടത്തിയ അധിനിവേശമാണ് ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നത്.

 

Latest News