ജിദ്ദ- ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) സൗദി നാഷണൽ കമ്മിറ്റി നാട്ടിൽ നിന്നെത്തിയ നേതാക്കൾക്ക് സ്വീകരണവും ഹജ് വളണ്ടിയർമാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കർണാടക ചാപ്റ്റർ കർണാടക ഗവ. ചീഫ് വിപ്പും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റുമായ സലീം അഹമ്മദ്, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വക്താവ് നിഖേത് രാജ് മൗര്യ എന്നിവർക്കാണ് സ്വീകരണം നൽകിയത്.
ഐ.ഒ.സിയുടെയും ഒ.ഐ.സി.സിയുടെയും ഹജ് വളണ്ടിയർമാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ജനാധിപത്യ ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തി വർധിച്ചു വരികയാണെന്നും, അതിന്റെ മികച്ച ഉദാഹരണമാണ് കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയം എന്നും മറുപടി പ്രസംഗത്തിൽ ചീഫ്‌വിപ്പ് സലീം അഹമ്മദ് അഭിപ്രായപ്പെട്ടു.
വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും, അടുത്ത വർഷം നടക്കാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീർത്തും നിരർഥകമായ കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ സ്വപ്‌നം ഒരിക്കലും ഇന്ത്യാ രാജ്യത്ത് നടക്കില്ല. കർണാടകയിൽ കോൺഗ്രസ് നേടിയ ചരിത്ര വിജയം ഇത് സാക്ഷ്യപ്പെടുത്തുന്നതായും സലീം അഹമ്മദ് പറഞ്ഞു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വക്താവും വാഗ്മിയുമായ നിഖേത് രാജ് മൗര്യ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. വൈജാത്യങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ചു നിലനിർത്തിയത് ഇന്ത്യയുടെ ഭരണഘടനയും ആ ഭരണഘടന ഇന്ത്യക്ക് സമ്മാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസും, അതിന് തുടക്കം കുറിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ആണ്.
ഇന്ത്യാ രാജ്യത്തിന്റെ സർവോന്മുഖമായ പുരോഗതിക്കു പിന്നിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് സർക്കാരുകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് ദുർബലമായാൽ മാത്രമേ തങ്ങളുടെ പ്രഖ്യാപിത വർഗീയ അജണ്ടണ്ടകൾ നടപ്പിലാക്കാൻ കഴിയൂ എന്ന് ബി.ജെ.പിയും ആർ.എസ്.എസും കരുതുന്നു.
കോൺഗ്രസിന്റെ സാന്നിധ്യം ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതര ദേശീയതയുടെയും സ്ഥായിയായ നിലനിൽപ്പിന് ആവശ്യമാണ്. എല്ലാ പ്രതിസന്ധികളെയും മറന്നുകൊണ്ട് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിൽ വരുമെന്നും നിഖേത് രാജ് മൗര്യ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മെമ്പർഷിപ് കാമ്പയിൻ കർണാടക ചീഫ് വിപ്പ് സലീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹജ് വളണ്ടിയർമാർക്കുള്ള മെമന്റോ മുഖ്യാതിഥികളായ സലീം അഹമ്മദും നിഖേത് രാജ് മൗര്യയും ഡോ.സാമി സഈദ് സഹീർ അൽ ഇല്യാനിയും (മക്ക ആരോഗ്യ വകുപ്പ് ഡയറക്ടർ) നൽകി.
മികച്ച സംഘടനാ പ്രവർത്തനങ്ങൾക്ക് ഐ.ഒ.സി നൽകിയ മെമന്റോ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഹക്കീം പാറക്കൽ ഏറ്റുവാങ്ങി. മികച്ച ഹജ് സേവന പ്രവർത്തനങ്ങൾക്ക് ഒ.ഐ.സി.സി മക്ക കമ്മിറ്റിക്ക് വേണ്ടി ഷാനിയാസ് കുന്നിക്കോട് മെമന്റോ ഏറ്റുവാങ്ങി. കൊറിയോഗ്രാഫർ നദീറ മുജീബ് സംവിധാനം ചെയ്ത കുട്ടികളുടെ ഡാൻസും കലാ പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
സിക്കന്ദർ, അംജദ്, റഫീഖ് അഹമ്മദ് തുടങ്ങിയ ജിദ്ദയിലെ പ്രമുഖ ഗായകർ പങ്കെടുത്ത ഗാനസന്ധ്യ ഏറെ ഹൃദ്യമായി. ഇന്ത്യൻ ഓവർസീസ് പ്രവർത്തകർക്കൊപ്പം ഒ.ഐ.സി.സി, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, ഒ.ഐ.സി.സി മക്ക കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.
മക്ക ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ഡോ.സാമി അൽ ഇല്യാനി പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കന്നകർ, അലോക് പ്രഭു, സർഫ്രാസ്, അസർ, ജാസിം, ഇഖ്ബാൽ ഗബ്ഗാൽ എന്നിവർ നേതൃത്വം നൽകി.