Sorry, you need to enable JavaScript to visit this website.

മക്കയിലും മദീനയിലും 100 ചരിത്ര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നു

ഹിറാ കൾച്ചറൽ ഡിസ്ട്രിക്ടിൽ പാർട്‌ണേഴ്‌സ് പ്രോഗ്രാം കരാറുകൾ ഒപ്പുവെക്കുന്ന ചടങ്ങിൽ സൗദി ഹജ്, ഉംറ മന്ത്രി ഡോ.തൗഫീഖ് അൽറബീഅ സംസാരിക്കുന്നു.

മക്ക- മക്കയിലും മദീനയിലും 100 ചരിത്ര കേന്ദ്രങ്ങൾ സൗദി ഹജ്, ഉംറ മന്ത്രാലയം വികസിപ്പിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ.തൗഫീഖ് അൽറബീഅ വെളിപ്പെടുത്തി. വിവിധ വകുപ്പുകളുമായുള്ള പങ്കാളിത്തത്തിലൂടെയും ഏകോപനത്തിലൂടെയും പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 
ഹിറാ കൾച്ചറൽ ഡിസ്ട്രിക്ടിൽ പാർട്‌ണേഴ്‌സ് പ്രോഗ്രാം കരാറുകൾ ഒപ്പുവെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹജ്, ഉംറ തീർഥാടകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താനും മക്കയിലും മദീനയിലും അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കാനും പിൽഗ്രിംസ് സർവീസ് പ്രോഗ്രാം പ്രവർത്തിക്കുന്നു. മക്കക്കും മദീനക്കും മഹത്തായ ചരിത്രമുണ്ട്. ഇവ അടുത്തറിയാൻ ലോക മുസ് ലിംകൾ അതിയായി ആഗ്രഹിക്കുന്നതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു. 
ഹാജിമാരുടെയും ഉംറ തീർഥാടകരുടെയും അനുഭവം സമ്പന്നമാക്കേണ്ടത് പ്രധാനമാണെന്നും ഹജ്, ഉംറ തീർഥാടകർക്ക് സേവനം നൽകുന്ന കമ്പനികൾക്ക് പിന്തുണ നൽകുന്നതിലും കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിലും മന്ത്രാലയം വലിയ പങ്ക് വഹിക്കുന്നതായും മന്ത്രി പറഞ്ഞു. ഹിറാ കൾച്ചറൽ ഡിസ്ട്രിക്ടിൽ ഹജ്, ഉംറ മന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്‌ണേഴ്‌സ് പ്രോഗ്രാം കരാറുകൾ ഒപ്പുവെച്ചു. മക്കയിലും മദീനയിലും സാംസ്‌കാരിക പദ്ധതികളെ കുറിച്ചുള്ള അവതരണവും സാംസ്‌കാരിക പദ്ധതികൾ സന്ദർശിക്കാനുള്ള റിസർവേഷൻ മാനേജ്‌മെന്റിനുള്ള 'ഹൈഹലാ' പ്ലാറ്റ്‌ഫോമിനെ കുറിച്ച് പരിചയപ്പെടുത്തലും ചടങ്ങിൽ നടന്നു. 
ഹജ്, ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കാൻ പരസ്പര സഹകരണത്തോടെയും സംയോജനത്തോടെയും നിക്ഷേപ കമ്പനികളും ഹജ്, ഉംറ കമ്പനികളും ബസ് കമ്പനികളും ടൂറിസം, ഹോട്ടൽ കമ്പനികളും മക്കയിലും മദീനയിലും നടപ്പാക്കുന്ന സാംസ്‌കാരിക പദ്ധതികൾ തമ്മിൽ സംയോജനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്‌ണേഴ്‌സ് പ്രോഗ്രാം ആരംഭിച്ചത്. 

Tags

Latest News