Sorry, you need to enable JavaScript to visit this website.

ആരോഗ്യ മേഖലയിൽ വീണ്ടും ഭീതി വളർത്തുന്ന നിപ്പ വൈറസ്

ആരോഗ്യ മേഖലയിൽ വീണ്ടും ഭീതി വളർത്തി നിപ്പ വൈറസ് എത്തിയിട്ടുണ്ട്. ഏതാനും വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടകാരികളായ വൈറസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതും ആശങ്കയുയർത്തിയിട്ടുണ്ട്. ദേശീയ ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ഇതിനകം ഉണ്ടായിട്ടുണ്ട്. ഇത്തവണ രോഗവ്യാപനം തുടക്കത്തിൽ തന്നെ തടഞ്ഞു നിർത്താൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് കഴിഞ്ഞുവെന്നാണ് അനുമാനിക്കേണ്ടത്.
കോഴിക്കോട് മേഖലയിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ആദ്യമല്ല. കോഴിക്കോട് കോർപറേഷനും പരിസരങ്ങളും സാംക്രമിക രോഗങ്ങൾക്ക് അതിവേഗം വിധേയപ്പെടുന്നുണ്ടെന്നാണ് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നത്. പൂർണമായും തുടച്ചു നീക്കാൻ കഴിയാത്ത വിധത്തിൽ വൈറസുകൾ ഈ പ്രദേശങ്ങളിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്നോ അനുകൂല സാഹചര്യങ്ങളിൽ വ്യാപിക്കുന്നുണ്ടെന്നോ വേണം കരുതാൻ. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പകർച്ചവ്യാധികൾ മൂലം ഏറെ ബുദ്ധിമുട്ടിയവരാണ് കോഴിക്കോട് പ്രദേശങ്ങളിലുള്ളവർ. നിപ്പയും കോവിഡുമെല്ലാം ഇവിടെയും ജനജീവിതം ഏറെ ദുസ്സഹമാക്കിയിരുന്നു. നിരന്തരമായ ലോക്ഡൗണുകളിലൂടെ തകർന്നു പോയ വ്യാപാര മേഖലയും തൊഴിൽ മേഖലയുമെല്ലാം കോഴിക്കോടിനെ ഇപ്പോഴും ക്ഷീണത്തിലാക്കിയിരിക്കുകയാണ്. ഇത്തവണ നിപ്പ വൈറസ് ബാധ കണ്ടെത്തി ഏറെ വൈകാതെ തന്നെ നിയന്ത്രണത്തിലാക്കാനായത് കൂടുതൽ പ്രതിസന്ധിയിലേക്ക് ജനങ്ങളെ തള്ളിവിട്ടില്ലെന്ന് മാത്രം.
പകർച്ചവ്യാധികൾ ആവർത്തിച്ചെത്തുമ്പോഴും നമ്മുടെ ആരോഗ്യ മേഖല എത്ര മാത്രം കാര്യക്ഷമമാണ് എന്ന ചോദ്യം ആവർത്തിച്ചെത്തുന്നുണ്ട്. എല്ലാ കൊല്ലവും ആ ചോദ്യം ഉത്തരമില്ലാതെ കിടക്കുകയാണെന്ന് മാത്രം. കേരളത്തിലെ തന്നെ വൈറസ് പ്രഭവ കേന്ദ്രങ്ങളിലൊന്നായി കോഴിക്കോട് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇതിന് പ്രധാന കാരണം പതിനായിരക്കണക്കിന് രോഗികൾ വന്നു പോകുന്ന കോഴിക്കോട് മെഡിക്കൽ കോളേജാണ്. കോഴിക്കോട് ജില്ലക്ക് പുറമെ അയൽ ജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം രോഗികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്നു. അതുകൊണ്ടു തന്നെ പല തരത്തിലുള്ള രോഗവാഹകരാണ് ഇവിടെയുള്ളത് എന്നത് രോഗങ്ങളുടെ പ്രധാന ഇടമായി ഈ ആശുപത്രിയെ മാറ്റുന്നുണ്ട്. ഇവിടെ വെച്ച് കണ്ടെത്തുന്ന വൈറസ് ബാധ മറ്റു ജില്ലകളിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം കൂടുതലാണ് എന്നതും ഭീഷണി വർധിപ്പിക്കുന്നുണ്ട്.
തുടർച്ചയായി പകർച്ചവ്യാധികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടും കോഴിക്കോട് കേന്ദ്രീകരിച്ച് ഇപ്പോഴും മെഡിക്കൽ ലാബ് സംവിധാനങ്ങൾ ഇല്ല എന്നത് നമ്മുടെ സർക്കാർ ഇക്കാര്യത്തിൽ എത്ര മാത്രം നിർജീവമാണ് എന്നാണ് തെളിയിക്കുന്നത്. വൈറസുകൾ അതിവേഗം വ്യാപിക്കുന്ന ഒന്നാണ്. ഒരാൾക്ക് രോഗബാധ സംശയിച്ചാൽ ആദ്യം ചെയ്യേണ്ടത് രക്തം അല്ലെങ്കിൽ സ്രവം പരിശോധിച്ച് ഇത് എന്ത് അസുഖമാണെന്ന് കണ്ടെത്തുകയാണ്. ഇത് എത്രയും പെട്ടെന്ന് ചെയ്യുന്നോ അത്രയും, രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാഹചര്യം കുറക്കും. എന്നാൽ പരിശോധന ഫലം ലഭിക്കുന്നത് ദിവസങ്ങൾക്ക് ശേഷമാണ്. കാരണമാകട്ടെ, കോഴിക്കോട്ട് ലാബ് സംവിധാനമില്ല എന്നതും. പുനെയിലെ ദേശീയ ഇൻസ്റ്റിറ്റിയൂട്ടിൽ അയച്ച് ദിവസങ്ങൾക്ക് ശേഷം ഫലം ലഭിക്കുമ്പോൾ മാത്രമാണ് രോഗം എന്താണെന്ന് അറിയുന്നത്. അപ്പോഴേക്കും രോഗിക്ക് രോഗം മൂർഛിക്കുകയോ അയാളിൽ നിന്ന് മറ്റു പലരിലേക്കും പകരുകയോ ചെയ്തിരിക്കും.
കേരളത്തിലുണ്ടാകുന്ന അസുഖമെന്താണെന്ന് അറിയാൻ ഇപ്പോഴും പുനെയിലേക്ക് നോക്കിയിരിക്കുന്ന ദുരവസ്ഥ ആരോഗ്യ മേഖലയിലെ നമ്മുടെ അഹങ്കാരത്തിന്റെ മുഖത്തുള്ള അടിയാണ്. ആഗോള ആരോഗ്യ നിലവാരത്തിൽ നിൽക്കുന്നുവെന്ന് ഉച്ചത്തിൽ വിളിച്ചു പറയുമ്പോഴാണ്, രോഗം കണ്ടെത്താനുള്ള സംവിധാനം ഇവിടെ ഇല്ലെന്ന് തിരിച്ചറിയുന്നത്. നേരത്തെ ആലപ്പുഴയിലെ വൈറോളജി ലാബിലാണ് ഇത്തരത്തിലുള്ള വൈറസുകളുടെ സാന്നിധ്യം പരിശോധിക്കാനുള്ള സംവിധാനമുണ്ടായിരുന്നത്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കുറച്ചു കാലമായി പുനെ ഇൻസ്റ്റിറ്റിയൂട്ടിലേക്കാണ് സാമ്പിൾ അയക്കുന്നത്. ഇതിനിടെ, കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ ഒരു ആധുനിക ലാബ് തുറന്നിരുന്നു. എന്നാൽ ഇക്കാര്യം സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജോ കൂടെയുള്ളവരോ അറിഞ്ഞിട്ടില്ലെന്നതാണ് ഏറ്റവും പുതിയ തമാശ. തിരുവനന്തപുരത്തെ ലാബിൽ നിരവധി പരിശോധനകൾ നടത്താനുള്ള സൗകര്യമുണ്ടെന്നാണ് വിദഗ്്ധർ പറയുന്നത്. എന്നാൽ ഇതുണ്ടായിട്ടും എന്തുകൊണ്ട് പുനെയിലേക്ക് തന്നെ സാമ്പിൾ അയക്കുന്നുവെന്നത് മുഖ്യമന്ത്രിക്ക് വരെയുണ്ടായ സംശയമാണ്. സ്വന്തം വകുപ്പിന് കീഴിൽ എന്തെല്ലാം സൗകര്യങ്ങളുണ്ടെന്ന് പോലും അറിയാത്ത മന്ത്രിയാണ് വീണ ജോർജ് എന്ന് നിയമസഭയിൽ തന്നെ തെളിയിക്കപ്പെട്ടിരിക്കുന്നു. 
കോഴിക്കോട് രോഗവ്യാപനത്തിന്റെ കേന്ദ്രമാകുമ്പോൾ പരിശോധിക്കാനുള്ള ലാബ് തിരുവനന്തപുരത്തല്ല വേണ്ടത് എന്നതാണ് മറ്റൊരു കാര്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാ വൈറസ് പരിശോധനയും നടത്താൻ പറ്റുന്ന ലാബ് വേണമെന്ന് ആരോഗ്യ മേഖലയിൽ നിന്ന് ആവശ്യമുയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയൊന്നുമില്ല.
പകർച്ചവ്യാധികൾക്കെതിരെ ഭയം വേണ്ട, ജാഗ്രത മതിയെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും ഭയം വളർത്തുന്നതിൽ മുന്നിൽ നിൽക്കുന്നത് അവർ തന്നെയാണ്. ഏതെങ്കിലുമൊരു പകർച്ചവ്യാധി കണ്ടെത്തിയാൽ തന്നെ, അതിനെ പർവതീകരിച്ച് മാധ്യമങ്ങളിലൂടെ വാർത്ത നൽകി സമൂഹത്തിൽ ഭയം വിതയ്ക്കുന്ന പ്രവണത ആരോഗ്യ വകുപ്പിൽ പണ്ടു മുതലേ ഉള്ളതാണ്. രോഗ വ്യാപനത്തിന്റെ തോത് പെരുപ്പിച്ച് കാട്ടി ജനങ്ങളെ ഭയപ്പെടുത്തുന്നത് അവരുടെ രീതിയാണ്. ഇതിനായി അവർ തെറ്റായ കണക്കുകൾ പോലും മാധ്യമങ്ങൾക്ക് നൽകും. 
രോഗവ്യാപനം കൂടതലാണെന്ന ആശങ്ക പരക്കുന്നതോടെ ആരോഗ്യ വകുപ്പിന് സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കും. ഈ ഫണ്ടിൽ തന്നെയാണ് ഉദ്യോഗസ്ഥരുടെ നോട്ടം. മരണക്കണക്ക് പോലും പെരുപ്പിച്ച് കാട്ടി ഫണ്ട് വാങ്ങി ബോധവൽക്കരണത്തിന്റെയും ശിൽപശാലയുടെയും പേരിൽ ലക്ഷങ്ങൾ അടിച്ചു മാറ്റുന്നവരുടെ നാട് കൂടിയാണിത്.

Latest News