ശ്രീനഗര്‍- ലഷ്‌ക്കറെ ത്വയ്യിബ കമാന്ററും അനന്ത്‌നാഗ് നഗം കൊക്കേര്‍നാഗ് സ്വദേശിയുമായ ഹുസൈന്‍ ഖാന്‍ ഉള്‍പ്പെടെ രണ്ടുപേരെ വധിച്ചതിന് പിന്നാലെ സൈനിക നടപടി അവസാനിപ്പിച്ചു. വധിക്കപ്പെട്ട രണ്ടാമനെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഇരുവരില്‍ നിന്നുമായി നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അനന്ത്‌നാഗ് മേഖലയില്‍ ഏഴു ദിവസമാണ് ഏറ്റുമുട്ടല്‍ തുടര്‍ന്നത്.
ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് എ. ഡി. ജി. പി. വിജയകുമാര്‍ പറഞ്ഞു. കൊല്ലപ്പട്ട ഹുസൈന്‍ ഖാനൊപ്പം മറ്റ് രണ്ടു ഭീകരര്‍ കൂടിയുണ്ടായിരുന്നതായി സംശയിക്കുന്നതിനാല്‍ പ്രദേശവാസികള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് പോകരുതെന്ന് എ. ഡി. ജി. പി. ആവശ്യപ്പെട്ടു.
ഭീകരരുമായുളള ഏറ്റുമുട്ടലില്‍ മൂന്നു സൈനികോദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന ഹുസൈന്‍ ഖാനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് കരുതുന്നത്.