Sorry, you need to enable JavaScript to visit this website.

ഇല വീഴാൻ മരങ്ങളില്ലാത്ത ഇലവീഴാപൂഞ്ചിറ...


ഇലവീഴാപൂഞ്ചിറ. ഇതൊരു സിനിമ പേര് മാത്രമാണെന്ന് കരുതുന്നവർ ഏറെയാണ്. പ്രകൃതി രമണീയമായ ഈ സ്ഥലം സിനിമക്കു ശേഷമാണ് കൂടുതൽ പോപ്പുലറായതെന്നത് സത്യം. പേരിലെ സൂചന പോലെ ഇവിടെ ഇല വീഴാനുള്ള മരങ്ങളൊന്നുമില്ല. അതിനു പിന്നിൽ ഐതിഹ്യങ്ങളും നാട്ടുകാരുടെ കഥകളമൊക്കെയുണ്ട്. കഥകളെന്തായാലും ഇലവീഴാപൂഞ്ചിറയുടെ ഭംഗി അതൊന്ന് വേറെ തന്നെയാണ്. അംബരചുംബികളായ മൂന്ന് കൂറ്റൻ മലകൾ തൊട്ടുരുമ്മി കിടക്കുന്നു. മലകളുടെ താഴ്‌വരയിൽ പരന്നുകിടക്കുന്ന വിശാലമായ കുളം. കുളവുമായി ബന്ധപ്പെട്ടും ഐതിഹ്യങ്ങളൊക്കെയുണ്ട്. 
ആകാശം മുട്ടേ ഉയർന്നുനിൽക്കുന്ന മലകളിൽ നിന്ന് ഉയർന്നു പൊങ്ങുന്ന കോടമഞ്ഞിന്റെ തണുപ്പ് ആസ്വദിച്ച് വിശീയടിക്കുന്ന കുളിർകാറ്റ് കൊള്ളാനൊരിടം. 


പേരിലെ കൗതുകമാണ് ഇവിടേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സാങ്കേതിക നിർമിതികളൊന്നുമില്ലാതെ പ്രകൃതി രമണീയമായ സ്ഥലവും ഏവരും ഇഷ്ടപ്പെടുന്ന അന്തരീക്ഷവും. 
മലമുകളിലെ പാറക്കെട്ടിൽ നിന്നാൽ ഏതു നേരവും നനുത്ത കാറ്റ് തഴുകിത്തലോടും. അതിൽ മതിമറന്ന് നിൽക്കുമ്പോൾ ഇളംചാറ്റലായി മഴയെത്തും. പച്ചവിരിച്ച പോലെ കിടക്കുന്ന മലനിരകളിൽ വെയിൽ തഴുകി മാറുന്നതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്. വെയിലിന്റെ വ്യത്യസ്ത ഭാവം കാണണമെങ്കിൽ നട്ടുച്ച സമയത്തെത്തണം. ഒരു ഭാഗം വെയിലേറ്റ് നല്ല പച്ചവിരിച്ച് നിൽക്കുമ്പോൾ അതേ മലയുടെ മറ്റൊരു ഭാഗം നിഴൽ വീണ പോലെ വെയിൽ മങ്ങി നിൽക്കും. ഇതിനെയെല്ലാം മറികടന്നാണ് കോടയും ഇളംചാറ്റൽ മഴയുമെത്തുന്നത്. കുളിര് കോരുന്ന ചാറ്റൽമഴ നനഞ്ഞ് പ്രകൃതിഭംഗി മതിയാവോളം ആസ്വദിക്കാൻ ഇലവീഴാപൂഞ്ചിറയിലേക്ക് കയറാം. ഈരാറ്റുപേട്ട - മുട്ടം (തൊടുപുഴ) റോഡിൽ മേലുകാവ് ജംഗ്ഷനിൽ നിന്ന് മുകളിലേക്ക് ആറര കിലോമീറ്റർ യാത്ര ചെയ്താൽ ഇലവീഴാപൂഞ്ചിറയിലെത്താം.

മേലുകാവ് മുതൽ ഇലവീഴാപൂഞ്ചിറ വരെ റോഡ് പുതുക്കിപ്പണിതു കഴിഞ്ഞു. വീതിയുള്ള നല്ല റോഡ്. മൂന്ന് ഹെയർപിൻ വളവുകൾ തിരിഞ്ഞ് മുകളിലെത്തിയാൽ കുളമാണ് ആദ്യം. ചിറയിലേക്കുള്ള ചെറിയ വഴി തുടങ്ങുന്നിടത്ത് സഞ്ചാരികളെ പ്രതീക്ഷിച്ച് പ്രദേശവാസികൾ രണ്ടു-മൂന്ന് ചെറിയ കടകൾ തുടങ്ങിയിട്ടുണ്ട്. അതിനടുത്ത് വാഹനം പാർക്ക് ചെയ്താൽ ചിറയിലേക്കും മലമുകളിലേക്കും പോകുന്നതിനെക്കുറിച്ചും മറ്റും അവർ വിശദീകരിച്ചു തരും. കടകളുടെ ചുവരിൽ ഇലവീഴാപൂഞ്ചിറയുമായി ബന്ധപ്പെട്ട നല്ല ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. റോഡിൽ നിന്ന് 50 മീറ്റർ നടന്നാൽ കുളത്തിലെത്താം. കുളം കുടിവെള്ള സ്രോതസ്സാക്കി മേലുകാവ് പഞ്ചായത്ത് ശുദ്ധീകരിച്ച് പ്രവർത്തിപ്പിക്കുകയാണ്. കുളത്തിലിറങ്ങരുതെന്നും കുടിവെള്ള സംഭരണിയാണെന്നും പഞ്ചായത്ത് വക ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പിന്നിൽ പച്ചപ്പ് വിരിച്ച മലനിരകളും താഴെ നിറഞ്ഞുകിടക്കുന്ന വിശാലമായ കുളവും. ഇവിടെനിന്നുള്ള ചിത്രങ്ങളെടുക്കാൻ സഞ്ചാരികളുടെ തിരക്കാണ്. ചിറയിൽ നിന്ന് തിരികെ റോഡിലെത്തി വേണം മലമുകളിലേക്ക് കയറാൻ. സമുദ്ര നിരപ്പിൽ നിന്ന് 3200 അടി ഉയരത്തിലുള്ള മലമുകളിൽ വരെ വാഹനങ്ങളെത്തും.

അവിടെ നിന്നും ഇലവീഴാപൂഞ്ചിറയുടെ മനോഹാരിത ആസ്വദിക്കാം. അവിടെയുള്ള പാറക്കെട്ടിലൊക്കെ നിന്ന് പ്രകൃതി ഭംഗി മതിയാവോളം നുകരാം. എന്നാൽ വ്യൂ പോയന്റിലേക്ക് പോകണമെങ്കിൽ ഓഫ്‌റോഡ് സഞ്ചാരമാണ്. അതിനുതകുന്ന വാഹനങ്ങളുമായി എത്തുന്നവർക്ക് വ്യൂ പോയന്റിൽ വരെ പോകാം. അല്ലാത്തവർക്കായി ഇവിടെ ജീപ്പ് സവാരി പ്രദേശവാസികൾ ഒരുക്കിയിട്ടുണ്ട്. ഏഴ് പേർക്ക് വരെ ഒരു ജീപ്പിൽ കയറി മലമുകളിലെത്താം. വ്യൂ പോയന്റിലെത്തി മനംനിറയും  കാഴ്ചകൾ കണ്ടും പ്രകൃതിഭംഗി ക്യാമറയിൽ ഒപ്പിയെടുത്തും എത്ര നേരം വേണമെങ്കിലും നിൽക്കാം. 


നിർമിതികളൊന്നും എത്താത്തതിനാലും കച്ചവടക്കാർ കൈയടക്കാത്ത സ്ഥലമായതിനാലും പ്രകൃതിഭംഗിക്ക് ഒരിടിവും സംഭവിച്ചിട്ടില്ല. വ്യൂ പോയന്റിൽ നിൽക്കുമ്പോൾ കോടമഞ്ഞ് മൂടി അടുത്ത് നിൽക്കുന്നവരെ പോലും കാണാനാകില്ല. മഞ്ഞ് മാറിക്കഴിഞ്ഞാൽ ആയിരക്കണക്കിനടി താഴെയുള്ള മലങ്കര ഡാമിന്റെ റിസർവോയറും അങ്ങ് പടിഞ്ഞാറുള്ള വേമ്പനാട് കായലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഗ്നൽ ലൈറ്റുകളും എല്ലാം വ്യക്തം. കോട്ടയം, ഇടുക്കി ജില്ലകളുടെ സംഗമ സ്ഥലത്തെ മാൻകുന്ന്, കൊടിയത്തൂർ, തോണിപ്പാറ എന്നീ മൂന്ന് മലകൾ ചേരുന്നിടമാണ് ഇലവീഴാപൂഞ്ചിറ. വ്യൂ പോയന്റിൽ നിന്നാൽ കോട്ടയത്തിനും ഇടുക്കിക്കും പുറമെ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പല കാഴ്ചകളും കാണാമെന്ന അപൂർവത ഇലവീഴാപൂഞ്ചിറക്ക് മാത്രം അവകാശപ്പെട്ടതാണ്. സഞ്ചാരപ്രിയരെ ഭ്രമിപ്പിക്കാനുതകുന്ന എല്ലാ ചേരുവകളും ഇലവീഴാപൂഞ്ചിറ മലനിരകളിലുണ്ട്.

വ്യൂ പോയന്റിൽ കേരള പോലീസിന്റെ വയർലസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. സ്റ്റേഷൻ പ്രവർത്തിക്കുന്ന പ്രദേശം പോലീസിന്റെ അധീനതയിലാണെങ്കിലും സഞ്ചാരികൾക്ക് യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. ഉയരം കൂടിയ പ്രദേശമായതിനാൽ ഇടിയും മിന്നലുമുള്ള ഘട്ടത്തിൽ അപകടങ്ങളുണ്ടാകാറുണ്ട്. മിന്നലേറ്റുള്ള അപകടങ്ങൾ വർധിച്ചതോടെ മലകൾക്ക് മീതെ കൂറ്റൻ ടവറുകൾ നിർമിച്ച് മിന്നൽ രക്ഷാചാലകം സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും അപകടമുണ്ടാകാം. ഇക്കാലത്തെ യാത്ര ഒഴിവാക്കുകയോ, ഇടിയും മിന്നലുമുണ്ടായാൽ വേഗം മലയിറങ്ങുകയോ വേണം. ഇലവീഴാപൂഞ്ചിറ സിനിമയിൽ കാണിച്ചിരിക്കുന്ന വയർലസ് സ്റ്റേഷൻ അതേ പടി ഇവിടെയുണ്ട്. ട്രെയിൻ ബോഗിയുടെ മാതൃകയിലുള്ള ഈ സ്റ്റേഷൻ ഫിഷറീസിന്റെ സിഗ്നൽ സ്റ്റേഷനായിരുന്നു. പോലീസ് സിഗ്നൽ സ്റ്റേഷൻ ഇതിനും താഴെയാണ്. തുരുമ്പെടുത്ത് കുടക്കുന്ന സ്റ്റേഷൻ സിനിമക്കു വേണ്ടി പെയിന്റ് ചെയ്താണ് ഉപയോഗപ്പെടുത്തിയത്. 


ഇലവീഴാപൂഞ്ചിറയിൽ ഇല വീഴാത്തതിനു പിന്നിൽ ഒന്നിലധികം ഐതിഹ്യങ്ങളും നാട്ടുകാരുടെ വക കഥകളുമുണ്ട്. ദ്രൗപതിയുടെ നീരാട്ടുമായി ബന്ധപ്പെട്ടൊരു ഐതിഹ്യ കഥ പറയാനുണ്ട് ഈ സ്ഥലത്തിന്. പഞ്ചപാണ്ഡവരുടെ ഭാര്യയായ ദ്രൗപതി നീരാടാൻ എത്താറുള്ള ഒരു താടകമായിരുന്നത്രേ ഇവിടെയുള്ള ചിറ. ദ്രൗപതിയുടെ നീരാട്ട് കാണാൻ ഇടയായ ചില ദേവൻമാരുടെ മനസ്സ് ഇളകി. അവർ ദ്രൗപതിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായി. ഇത് മനസ്സിലാക്കി ദേവൻമാരുടെ രാജാവായ ഇന്ദ്രൻ തടാകത്തിന് മറ നിർമിക്കാൻ തീരുമാനിച്ചു. അങ്ങനെ സൃഷ്ടിച്ചതാണത്രേ തടാകത്തിന് ചുറ്റുമുള്ള മൂന്ന് മലകൾ. 


ദ്രൗപതിയുടെ നീരാട്ട് ദേവന്മാർ മറഞ്ഞിരുന്ന് കാണുന്നതൊഴിവാക്കാൻ പാണ്ഡവന്മാർ മരം മുഴുവൻ മുറിച്ച് കളഞ്ഞതാണെന്ന് മറ്റൊരു ഐതിഹ്യം. അതേസമയം, നാട്ടുകാർ പറയുന്ന കഥയിൽ പ്രധാനം തുടർച്ചയായുണ്ടാകുന്ന തീപ്പിടിത്തത്തിലൂടെ എല്ലാ സസ്യങ്ങളും വെണ്ണീറാകും. എല്ലാ വർഷവും രണ്ടും മൂന്നും തവണ ഇതാവർത്തിക്കുന്നതിനാലാണ് മരങ്ങൾ വളരാത്തതെന്നാണ്. മരമില്ലാത്ത സ്ഥലത്തെ ചിറയിൽ ഇല വീഴില്ല. അങ്ങനെ ഇലവീഴാപൂഞ്ചിറയുണ്ടായി.  

Latest News