റിയാദ്- റൊണാൾഡോയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചാനലുകൾക്കു മുമ്പിൽ പൊട്ടിക്കരയുകയും ചെയ്ത ഇറാൻ ബാലന് തന്റെ ഫുട്ബോൾ ഹീറോയെ കണ്ണു നിറയെ കാണാനും കെട്ടിപ്പിടിക്കാനും അവസരമൊരുക്കി സൗദി അൽ നസ് ർ ക്ലബ്.
പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസവും നിലവിൽ സൗദി അൽ നസ് റിലെ കളിക്കാരനുമായ റൊണാൾഡോയെ കാണാൻ ആഗ്രഹ പ്രകടിപ്പിച്ചു ഫുട്ബോൾ താരം താമസിക്കുന്ന ഹോട്ടലിനു മുന്നിലെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെ തുടർന്ന് തേങ്ങിക്കരയുന്ന ഇറാൻ ബാലന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിനെ തുടർന്നായിരുന്നു ബാലനുമായുള്ള കൂടിക്കാഴ്ചക്ക് അൽ നസ് ർ ക്ലബ് അവസരമൊരുക്കിയത്. നഗരത്തിലെ ഹോട്ടലിൽ ബാലനെ സ്വീകരിച്ച റൊണോൾഡോ ബാലനുമൊത്തു ഫോട്ടോക്ക് പോസ് ചെയ്യുകയും അൽ നസർ ക്ലബിന്റെ ജഴ്സി ബാലനു സമ്മാനിക്കുകയും ചെയ്തു. ജഴ്സിയിൽ റൊണാൾഡോയുടെ ഒപ്പു വെക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി നിരവധി പേർ ഷെയർ ചെയ്തു. റൊണോൾഡോയെ അനുകരിച്ച് കുട്ടി ശബ്ദമുണ്ടാക്കുകയും ആക്ഷനുകളെടുക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.