Sorry, you need to enable JavaScript to visit this website.

സിഖ് നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക്  പങ്ക്? എംബസി ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി 

ന്യൂദല്‍ഹി- കാനഡയിലെ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കിയത്. ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ചാണ് ഹര്‍ദീപ് സിംഗ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാകാമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഒരു കനേഡിയന്‍ പൗരന്റെ കൊലപാതകത്തില്‍ ഏതെങ്കിലും വിദേശ സര്‍ക്കാരിന്റെ പങ്കാളിത്തം നമ്മുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. 
ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കെയാണ് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നീക്കം. കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയാണ്. ഖാലിസ്ഥാന്‍ ആവശ്യമുന്നയിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രൂഡോയോട് ആശങ്ക അറിയിച്ചിരുന്നു. ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചയടക്കം നിര്‍ത്തിവയ്ക്കുന്നതിലേക്ക് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. 

 

Latest News