Sorry, you need to enable JavaScript to visit this website.

വനിതാ സംവരണ ബില്‍ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ, ലോക്‌സഭയില്‍ അവതരിപ്പിക്കും

ന്യൂദല്‍ഹി- നാളെ നടക്കുന്ന ലോക്‌സഭയുടെ പ്രത്യേക സമ്മേളനത്തില്‍  വനിതാ സംവരണ ബില്‍ അവതരിപ്പിച്ചേക്കും. ബില്ലിന്  കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു ബില്‍. 2010 മാര്‍ച്ചില്‍ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. 'ചരിത്രപരമായ തീരുമാനങ്ങള്‍' ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു നിര്‍ണായക നീക്കം.
മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിനാല്‍ വനിതാ സംവരണ ബില്‍ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെന്നു ദേശീയ മാധ്യമങ്ങള്‍ പറയുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പാര്‍ലമെന്റിന്റെ അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിച്ചതിനു പിന്നാലെയാണു മോഡിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നത്. മന്ത്രിസഭാ യോഗത്തിന്റെ അജണ്ട എന്താണെന്നു വ്യക്തമായിരുന്നില്ലെങ്കിലും, നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തെന്നാണു റിപ്പോര്‍ട്ട്.
തിങ്കളാഴ്ച പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന ദിനമായിരുന്നു. പുതിയ മന്ദിരത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് 1.15ന് ലോക്‌സഭ സമ്മേളിക്കും.

 

Latest News