Sorry, you need to enable JavaScript to visit this website.

അന്ത്യ പ്രവാചകന്‍; ഇല്ലാക്കഥകള്‍ പോരിശകളായി പാടിനടക്കുമ്പോള്‍

എന്താണ് ഒരു പ്രവാചകന്റെ ആവശ്യകത? എന്തുകൊണ്ടാണ് മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനായത് ? ഈ ചോദ്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് ചില അടിസ്ഥാന സംഗതികള്‍ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്.
മനുഷ്യന്റെ പ്രാഥമികവും സുപ്രധാനവുമായ ജ്ഞാനോപാധിയാണ് പഞ്ചേന്ദ്രിയങ്ങള്‍. ഇതിലൂടെയാണ് നാം പല കാര്യങ്ങളും തിരിച്ചറിയുന്നത്. ഇതിന്റെ അഭാവത്തില്‍ നമുക്ക് ഒന്നും നന്നായി മനസ്സിലാക്കാന്‍ സാധിക്കില്ല. എന്നാല്‍, പഞ്ചേന്ദ്രിയങ്ങള്‍ വഴിയുള്ള വിവരം കുറ്റമറ്റതല്ലെന്നതാണ് അനുഭവ സത്യം. നമുക്ക് കലശലായ പനി ബാധിച്ചാല്‍ വളരെയേറെ രുചികരമായ ഭക്ഷണം തീര്‍ത്തും അരുചികരമായി അനുഭവപ്പെടുന്നു. ആ സന്ദര്‍ഭത്തില്‍ രുചിയറിയാനുള്ള ഇന്ദ്രിയം തകരാറിലാവുന്നു എന്നര്‍ഥം. കഠിനജ്വരം ബാധിച്ച ഒരാളെ സ്പര്‍ശിച്ചുനോക്കുമ്പോള്‍ തീ പോലെ ചൂടുണ്ടെന്ന് നാം പറയും. എന്നാല്‍ ജ്വരബാധിതന് കുളിരാണ് അനുഭവപ്പെടുക. പല കാരണങ്ങളാല്‍ കേള്‍വിയും കാഴ്ചയും തകരാറിലാവാറുണ്ട്. മാത്രമല്ല, ഒരു നിശ്ചിത അകലത്തിനപ്പുറമോ ഇപ്പുറമോ ഈ ഇന്ദ്രിയങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കില്ല. പഞ്ചേന്ദ്രിയങ്ങള്‍ക്ക് പരിധിയും പരിമിതികളുമുണ്ടെന്ന് ചുരുക്കം.

മൃഗങ്ങളില്‍നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്ന സുപ്രധാന ഗുണം, മനുഷ്യത്വത്തിന്റെ നിദാനമെന്നുതന്നെ പറയാവുന്ന വിശേഷബുദ്ധിയാണ്. ഇതുവഴിയാണ് മനുഷ്യന് വിശകലനശേഷിയും പ്രതികരണബോധവും വകതിരിവും മനസ്സാക്ഷിയുമൊക്കെ ഉണ്ടാവുന്നത്. ഇത് മനുഷ്യനില്‍ നിക്ഷിപ്തമായ, അവന്‍ ഏറ്റെടുത്ത അമാനത്താണെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട് (33:72). ഈ മഹാ അനുഗ്രഹത്തിന്റെ ബലത്തിലാണ് മനുഷ്യന്‍ നാഗരിക വളര്‍ച്ച കൈവരിച്ചത്. പക്ഷേ, ഇതിനും പരിമിതികളുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. വിശ്വവിഖ്യാതരായ ചിന്തകരും പണ്ഡിതരും മനുഷ്യനന്മ ലാക്കാക്കി വളരെ ആത്മാര്‍ഥമായും ഗാഢമായും ചിന്തിച്ച് എത്തിച്ചേര്‍ന്ന നിഗമനങ്ങളിലെ കടുത്ത വൈരുധ്യങ്ങളും വൈവിധ്യങ്ങളും മനുഷ്യബുദ്ധിയുടെ പരിമിതികളെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്നലത്തെ ശാസ്ത്രീയ സത്യം ഇന്നത്തെ അന്ധവിശ്വാസമായി മാറുന്നുണ്ടല്ലോ.

മനുഷ്യന്റെ ഈദൃശ പരിമിതികള്‍ സൃഷ്ടികര്‍ത്താവായ അല്ലാഹുവിന് നന്നായറിയും. ആയതിനുള്ള ഉത്തമപരിഹാരമെന്ന നിലക്കാണ് സര്‍വജ്ഞനും മാര്‍ഗദര്‍ശനമേകുന്നവനും കരുണാവാരിധിയുമായ അല്ലാഹു നബിമാരെ നിയോഗിച്ചത്.ഭൂമുഖത്തെ പ്രഥമ മനുഷ്യനായ ആദം(അ) ഒരു നബികൂടി ആയത് അക്കാരണത്താലാണ്. പല കാലങ്ങളില്‍ പല ദേശങ്ങളിലായി പരശ്ശതം നബിമാര്‍ വന്നു. എല്ലാവരുടെയും സന്ദേശം തത്ത്വത്തിലും മൊത്തത്തിലും ഒന്നായിരുന്നു.ആ സുദീര്‍ഘ പരമ്പരയില്‍ അവസാന കണ്ണിയാണ് മുഹമ്മദ് നബി(സ). സാര്‍വകാലിക പ്രസക്തിയോടെ സമഗ്രവും സമ്പൂര്‍ണവുമായ രൂപത്തില്‍ മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാമിനെ അന്തിമമായി തിരുമേനി സംസ്ഥാപിച്ചു.

എന്തുകൊണ്ട് മുഹമ്മദ് നബി അന്ത്യപ്രവാചകനായി? നബി(സ) പ്രവാചകനായത് അദ്ദേഹത്തിന്റെ ഇംഗിതമനുസരിച്ചോ തീരുമാനപ്രകാരമോ അല്ല (42:52). അല്ലാഹു തീരുമാനിച്ചു നിശ്ചയിച്ചതാണ്.ഇതേ അല്ലാഹു തന്നെയാണ് നബിയെ അന്ത്യപ്രവാചകനായി നിശ്ചയിച്ചത് (33:40).

ജനിച്ചവരൊക്കെ മരിക്കും എന്ന പോലെയുള്ള ഒരു സത്യമാണ് തുടക്കമുള്ളതിനെല്ലാം ഒടുക്കമുണ്ടാകുമെന്നത്. ഈ ലോകത്തിനും ഇവിടത്തെ മനുഷ്യവാസത്തിനും ഒരു ഒടുക്കമുണ്ടാകും. നമുക്കൊരു മരണമുണ്ട് എന്ന പോലെ നാം നിവസിക്കുന്ന ഈ ലോകത്തിന് ഒരന്ത്യമുണ്ട്. അന്ത്യപ്രവാചകനിലൂടെ അവതീര്‍ണമായ അന്തിമ വേദഗ്രന്ഥം ഇക്കാര്യം പലേടത്തായി പലരീതിയില്‍ ശക്തിയായി ഉണര്‍ത്തുന്നുണ്ട് (22:1, 55:1).ഈ ലോകത്തിന്റെ അന്ത്യവും തുടര്‍ന്നു വരാനിരിക്കുന്ന പരലോകവും നബി(സ) ഏറെ ഊന്നിപ്പറഞ്ഞതും പല നിലകളില്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചതുമായ അടിസ്ഥാന വിശ്വാസകാര്യമാണ്. ധാരാളം നബിവചനങ്ങള്‍ ലോകാന്ത്യത്തിന്റെ അടയാളങ്ങളെയും അപ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളെയും വിവരിക്കുന്നതായുണ്ട്.വിശുദ്ധ ഖുര്‍ആനിലും ലോകാന്ത്യത്തെയും ധാരാളമായി വിവരിച്ചിട്ടുണ്ട്.അതേ, അന്ത്യപ്രവാചകന്‍ എന്ന വസ്തുത ലോകാന്ത്യവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് സാരം. നബി(സ) ലോകാന്ത്യത്തിന്റെ സുപ്രധാന അടയാളമാണ്.ഞാനും ലോകാന്ത്യവും ഇങ്ങനെയാണെന്ന് രണ്ടു വിരലുകള്‍ ചേര്‍ത്തുവെച്ച് നബി സൂചിപ്പിച്ചതായി അദ്ദേഹത്തിന്റെ വചനങ്ങളുടെ (ഹദീസ്) ആശയങ്ങളിലുണ്ട്. ലോകാന്ത്യത്തിന്റെ അടയാളമായി, വഹ്‌യിന്റെ ഉള്‍ക്കാഴ്ചയോടെ നബി(സ) പ്രവചിച്ച ഒരുപാട് സംഗതികള്‍ പുലര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്.

ഇനിയൊരു പ്രവാചകനിയോഗത്തിന്റെ ആവശ്യമില്ലാത്തവിധം അന്ത്യപ്രവാചകന് അവതരിച്ച അന്തിമ വേദഗ്രന്ഥം (ഖുര്‍ആന്‍) യാതൊരു തെറ്റുവ്യത്യാസവുമില്ലാതെ സാര്‍വത്രികമായും ജനകീയമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. നാള്‍ക്കുനാള്‍ ഖുര്‍ആന്‍ പല രീതികളില്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ്, പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിശുദ്ധ ഗ്രന്ഥം മാനവകുലത്തിനെത്തിക്കുകയും വിശദീകരിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്ത നബിയുടെ ചര്യയും ചരിത്രവും സവിശദം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ലോകത്ത് മറ്റൊരു മഹാനും ഇവ്വിധം ആദരപൂര്‍വം അനുസരിക്കപ്പെടുകയോ അനുകരിക്കപ്പെടുകയോ ചെയ്യുന്നില്ല. നബിയുടെ ഇരുപത് പ്രപിതാക്കളുടെ പേര് ഉള്‍പ്പെടെ നബിചരിതം സവിശദം, സസൂക്ഷ്മം രേഖപ്പെടുത്തിയിട്ടുണ്ട്.

നബി(സ)യെ അടുത്തറിയുന്തോറും നബിയോടുള്ള സ്‌നേഹം കൂടിക്കൂടി വരുന്ന അനുഭവമാണ് എന്നും എവിടെയുമുള്ളത്. നബിയുടെ സഖാക്കള്‍ തിരുമേനിയെ സ്‌നേഹിച്ചതുപോലെ ലോകത്ത് ഒരു നേതാവിനെയും ഒരനുയായിവൃന്ദവും സ്‌നേഹിച്ചിട്ടില്ല. നബിക്ക് ലഭിച്ചതുപോലുള്ള അനുസരണം(ത്വാഅത്ത്) മറ്റൊരു ചരിത്ര പുരുഷന്നും ലഭിച്ചിട്ടില്ല.

ഈമാനിന്റെയും ഇസ്‌ലാമിന്റെയും അവിഭാജ്യഘടകമായ നബി, ഹിദായത്തിന്റെ സ്രോതസ്സാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ തീര്‍ച്ചയായും താങ്കള്‍ ഋജുവായ സരണിയിലേക്ക് വഴികാണിക്കുക തന്നെയാണ് (42:52) എന്ന് പ്രസ്താവിച്ചത്.

നബിയെ അതിരറ്റ് സ്‌നേഹിക്കുകയെന്നത് ഈമാനിന്റെ പൂര്‍ണതക്ക് അനുപേക്ഷണീയമാണ്. പക്ഷേ, ഹുബ്ബുല്ലായില്‍നിന്നാണ് ഹുബ്ബുര്‍റസൂല്‍ പൊട്ടിപ്പുറപ്പെടേണ്ടത്. മുഹമ്മദുര്‍റസൂലുല്ലാഹ് എന്നതാണ് നബിയുടെ മേല്‍വിലാസം. കഅ്ബാലയത്തെ ആദരിക്കുന്നത്/ആദരിക്കേണ്ടത് അല്ലാഹുവിന്റെ ഭവനം (ബൈത്തുല്ലാഹ്) എന്ന നിലക്കാണെന്നപോലെ നബിയെ സ്‌നേഹിക്കേണ്ടത് അല്ലാഹുവിന്റെ ദൂതന്‍(റസൂല്‍) എന്ന നിലക്കായിരിക്കണം. അല്ലാഹുവിനോടുള്ള അനുരാഗത്താല്‍ റസൂലിനെ സ്‌നേഹിക്കണം. അല്ലാത്ത പക്ഷം അടിതെറ്റും, കുഴമറിച്ചില്‍ സംഭവിക്കും. അതാണ് ഇന്ന് ചില നബിദിനാഘോഷങ്ങളുടെ പേരില്‍ നടന്നുകൊണ്ടണ്ടിരിക്കുന്നത്.

സന്ദേശം (മെസേജ്-രിസാലത്ത്) തീരെ ഗൗനിക്കാതെ ദൂതനെ മാത്രം മാനിക്കുമ്പോള്‍ വന്നുചേരുന്ന അബദ്ധങ്ങളും അനര്‍ഥങ്ങളും മനസ്സിലാക്കാതെ പോകുന്നു. അല്‍ത്വാഫ് ഹുസൈന്‍ ഹാലിയുടെ കവിത ഇങ്ങനെയാണ്:
ഇതരന്മാര്‍ വിഗ്രഹപൂജ നടത്തിയാല്‍ കാഫിര്‍;
ദൈവത്തിന് പുത്രനെ സങ്കല്‍പിച്ചാല്‍ കാഫിര്‍;
അഗ്‌നിക്ക് മുമ്പില്‍ പ്രണമിച്ചാല്‍ കാഫിര്‍;
നക്ഷത്രങ്ങളില്‍ ദിവ്യശക്തി ദര്‍ശിച്ചാല്‍ കാഫിര്‍;
എന്നാല്‍ വിശ്വാസികള്‍ക്ക് വിശാലമാണ് മാര്‍ഗങ്ങള്‍!
ആരെ വേണമെങ്കിലും യഥേഷ്ടം ആരാധിക്കാം!
നബിയെ വേണമെങ്കില്‍ ദൈവമായി കാണിക്കാം!
ഇമാമുകളുടെ പദവി നബിയേക്കാള്‍ ഉയര്‍ത്താം!
ജാറങ്ങളില്‍ (ശവകുടീരം)പോയി നേര്‍ച്ചകള്‍ അര്‍പ്പിക്കാം!
ശുഹദാക്കളോട് ദുആ ഇരക്കാം!
തൗഹീദിന് ഒരു കോട്ടവും വരില്ല!
ഇസ്‌ലാം തകരുകയില്ല, ഈമാന്‍ തെറ്റുകയുമില്ല!!

സകലയിനം വിഗ്രഹങ്ങളെയും വിഗ്രഹ പൂജകളെയും വേരോടെ പിഴുതെറിഞ്ഞ കടുത്ത വിഗ്രഹഭഞ്ജകനായ നബിയെ വിഗ്രഹവല്‍ക്കരിക്കുന്നവര്‍ നബിയോട് കാണിക്കുന്ന അനാദരവും അനീതിയും അതിഗുരുതരമാണ്. വീരാരാധന, വ്യക്തിപൂജ, വിഗ്രഹവല്‍ക്കരണം എന്നിവയിലൂടെയാണ് ശിര്‍ക്കിന്റെ കവാടങ്ങള്‍ തുറക്കപ്പെടുന്നത്. നബി(സ)യുടെ യഥാര്‍ഥ മഹത്വം പറയാതെ ഇല്ലാക്കഥകള്‍ പോരിശകളായി പാടിനടക്കുമ്പോള്‍ അത്തരക്കാര്‍ക്ക് നബി നല്‍കിയ താക്കീത്, കത്തിക്കാളുന്ന കഠിനകഠോരമായ നരകാഗ്‌നിയില്‍ അവര്‍ സ്വന്തം ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ എന്നതാണ്.

 

Latest News