പെരിന്തല്‍മണ്ണ- നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ ചൊല്ലി ബഹളവും അജണ്ട വലിച്ചുകീറലും. പ്രതിപക്ഷ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു നടപടി. ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ കിഴക്കെതില്‍ സക്കീന രാജിവെക്കണവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രമേയം. അജണ്ടയിലെ 52 ാമത് ഐറ്റമായാണ് പ്രമേയം ചേര്‍ത്തത്. ഇതാദ്യം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ചെയര്‍മാന്‍ നിരസിച്ചു. അജണ്ട വായിച്ചു തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടതളത്തിലെത്തി പ്ലക്കാര്‍ഡുയര്‍ത്തി. ഇതോടെ വാക്കുതര്‍ക്കം തുടങ്ങി.
അജണ്ട വായിക്കാന്‍ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് എത്തി തടസപ്പെടുത്താന്‍ ശ്രമിക്കുകയും അജണ്ട പിടിച്ചു വാങ്ങുകയും ചെയ്തു. ഇതോടെ ഭരണപക്ഷ കൗണ്‍സിലര്‍ അജണ്ട തിരിച്ചുവാങ്ങി നല്‍കിയതോടെ ബഹളവും വാക്കുതര്‍ക്കവുമായി. ഇതിനിടെ മുഴുവന്‍ പ്രമേയവും പാസായതായും പച്ചീരി ഫാറൂഖിനെ സസ്‌പെന്‍ഡ് ചെയ്തതായും ചെയര്‍മാന്‍ പി. ഷാജി അറിയിച്ചു. പ്രതിപക്ഷപ്രമേയം, അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍ ക്രമപ്രകാരം പരിഗണിക്കാമെന്നും ഇതു കൗണ്‍സിലിന്റെ അധ്യക്ഷനായ ചെയര്‍മാന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും കൗണ്‍സില്‍ നടപടിക്രമങ്ങള്‍ നിശ്ചയിച്ചത് പ്രകാരം നടക്കട്ടെ എന്നതായിരുന്നു ചെയര്‍മാന്റെ നിലപാട്.
മുഖ്യഅജണ്ടയില്‍ ഉണ്ടായിരുന്ന 50 അജണ്ടകളും സപ്ലിമെന്ററി ലിസ്റ്റിലെ അഞ്ച് അജണ്ടകളും പാസായതായും പച്ചീരി ഫാറൂഖ് കൊണ്ടുവന്ന പ്രമേയം തള്ളിയതായും ചെയര്‍മാന്‍ പറഞ്ഞു. മുനിസിപ്പാലിറ്റി ആക്ട് വകുപ്പ്38(3)പ്രകാരം യോഗത്തില്‍ തടസമുണ്ടാക്കുകയും അജണ്ട വലിച്ചു കീറി അപമര്യാദയായി പെരുമാറുകയും ചെയ്തതിനാണ്
പ്രതിപക്ഷ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തതെന്നു ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
അതേസമയം മുനിസിപ്പല്‍ ആക്ടിന് വിരുദ്ധമായി ഒമ്പതാം വാര്‍ഡിലെ സ്വന്തം പേരിലുള്ള വൈദ്യുതി കണക്ഷന്‍ അനധികൃതമായി ഉപയോഗിച്ചതായി കെ.എസ്.ഇ.ബി വിജിലന്‍സ് കണ്ടെത്തിയതില്‍ മൂന്നേകാല്‍ ലക്ഷം രൂപയും പിഴയും അടച്ച് കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയതിനാല്‍ കൗണ്‍സിലര്‍
രാജിവക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യമെന്ന് പച്ചീരി ഫാറൂഖ്് വ്യക്തമാക്കി. കൗണ്‍സിലറുടെ വൈദ്യുതി മോഷണം പിടികൂടിയ സംഭവം ഇലക്ഷന്‍ കമ്മീഷനെ അറിയിച്ചതായും ഇവരുടെ രാജിക്കായി നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.