ന്യൂദല്‍ഹി - വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ശ്രമത്തിലാണ് സിംഗപ്പൂര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ന്യൂദല്‍ഹിയില്‍ എത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഫിന്‍ടെക്, ഡിജിറ്റലൈസേഷന്‍ എന്നീ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൂടിയോലോചനകള്‍ നടന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള സെക്രട്ടറി സൗരഭ് കുമാറും സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയത്തിലെ രണ്ടാമത്തെ സ്ഥിരം സെക്രട്ടറിയായ ലൂക്ക് ഗോയും ചേര്‍ന്നാണ് വിദേശകാര്യ ഓഫീസ് കണ്‍സള്‍ട്ടേഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തില്‍ ചേരാനുള്ള സിംഗപ്പൂരിന്റെ തീരുമാനത്തെ ഇന്ത്യ അഭിനന്ദിച്ചു. ജി 20 ഉച്ചകോടിയില്‍ ആരംഭിച്ച ആഗോള ജൈവ ഇന്ധന സഖ്യത്തില്‍ ചേര്‍ന്നതിന് സിംഗപ്പൂരിന് നന്ദി അറിയിക്കുകയും ചെയ്തു.
2022 സെപ്റ്റംബറില്‍ നടന്ന ഇന്ത്യ-സിംഗപ്പൂര്‍ മിനിസ്റ്റീരിയല്‍ റൗണ്ട് ടേബിളിന് ശേഷം രാജ്യങ്ങള്‍ തമ്മില്‍ ധാരണയായ സഹകരണ മേഖലകളുടെ വളര്‍ച്ചയിലും പുരോഗതിയിലും ഇരു രാജ്യങ്ങളും തൃപ്തി രേഖപ്പെടുത്തി. ജി 20 ഉച്ചകോടിക്കായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ് ഇന്ത്യ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ വിദേശകാര്യമന്ത്രാലയ തലത്തിലുള്ള സഹകരണ ചര്‍ച്ചകള്‍ നടക്കുന്നത്.