Sorry, you need to enable JavaScript to visit this website.

യെമൻ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് അൽബുദൈവി

ജിദ്ദ - യെമൻ സംഘർഷത്തിന് സമാധാനപരവും സമഗ്രവുമായ പരിഹാരം കാണാൻ സൗദി അറേബ്യയും ഒമാനും നടത്തുന്ന ശ്രമങ്ങളെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പ്രശംസിച്ചു. റിയാദിൽ ഹൂത്തി സംഘവുമായി നടത്തുന്ന ചർച്ചകൾ യെമനിൽ സമാധാനം കൈവരിക്കുന്ന ദിശയിൽ സൗദി അറേബ്യ നടത്തുന്ന സുപ്രധാന ചുവടുവെപ്പാണ്. യെമൻ പ്രതിസന്ധിക്ക് ശാശ്വതവും സമഗ്രവുമായ പരിഹാരം കാണാൻ സഹായിക്കുന്ന ഫലങ്ങൾ റിയാദ് ചർച്ചകളിലുണ്ടാകണമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ പറഞ്ഞു. 
യെമൻ പ്രതിസന്ധിക്ക് സമഗ്ര പരിഹാരം കാണാൻ ഒമാനുമായി ഏകോപനം നടത്തി സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ കുവൈത്ത് സ്വാഗതം ചെയ്തു. ഗൾഫ് സമാധാന പദ്ധതിക്കും യു.എൻ തീരുമാനങ്ങൾക്കും അനുസൃതമായി യെമൻ സംഘർഷത്തിന് പരിഹാരം കാണാൻ യു.എൻ മേൽനോട്ടത്തിൽ നടത്തുന്ന മുഴുവൻ പ്രാദേശിക, അന്താരാഷ്ട്ര ശ്രമങ്ങൾക്കുമുള്ള നിരന്തര പിന്തുണ കുവൈത്ത് വിദേശ മന്ത്രാലയം വ്യക്തമാക്കി. 
യെമനിൽ ശാശ്വത വെടിനിർത്തൽ നടപ്പാക്കാനും മുഴുവൻ യെമനി കക്ഷികൾക്കും സ്വീകാര്യമായ ശാശ്വത രാഷ്ട്രീയ പരിഹാരം കാണാനുമുള്ള ചർച്ചകൾക്ക് ഹൂത്തി സംഘത്തെ റിയാദിലേക്ക് ക്ഷണിച്ച് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ വിദേശ മന്ത്രാലയവും പറഞ്ഞു. യെമൻ യുദ്ധം അവസാനിപ്പിക്കാനും സമഗ്രവും നീതിപൂർവകവുമായ സമാധാനമുണ്ടാക്കാനും സൗദി അറേബ്യയും ഒമാനും നടത്തുന്ന ശ്രമങ്ങളെ വിലമതിക്കുന്നതായി അറബ് പാർലമെന്റ് പ്രസിഡന്റ് ആദിൽ അൽഅസൂമി പറഞ്ഞു. 

Latest News