Sorry, you need to enable JavaScript to visit this website.

ഭാഷാസമരം: ഒരു സമുദായത്തിന്റെ ചെറുത്തുനിൽപ്പ്

ഇന്ന് ജൂലൈ 30: മലപ്പുറത്ത് പോലീസ് വെടിവെയ്പ്പിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവർ കൊല്ലപ്പെട്ടതിന്റെ ഓർമദിനം


1980 ജൂലൈ 30. ഞാൻ ഒമ്പതാം തരത്തിൽ പഠിക്കുന്ന കാലം. ഉപ്പ പി.കെ. അഹമ്മദലി മദനി തിരുവനന്തപുരത്താണ്. തിരുവനന്തപുരവും കോഴിക്കോടും മലപ്പുറവുമൊക്കെ സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്ന ഉപ്പയുടെ യാത്രയെ കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാറുണ്ടായിരുന്നില്ല. കാരണം അറബി ഭാഷക്ക് വേണ്ടിയുള്ള ഓട്ടം അദ്ദേഹത്തിന്റെ ജീവിത സപര്യയായിരുന്നുവല്ലോ. അന്ന് മലപ്പുറത്ത് പിക്കറ്റിംഗ് ഉണ്ടെന്നറിയാം. അയൽപക്കത്തു നിന്നും ഡോ. പി. അബൂബക്കർ സാഹിബ് വീട്ടിൽ വന്നു പറഞ്ഞു. 'മലപ്പുറത്ത് വെടിവെപ്പുണ്ടായിരിക്കുന്നു. ഉപ്പയുടെ വിവരം വല്ലതുമുണ്ടോ?' അൽപം കഴിഞ്ഞു ഡോക്ടറുടെ വീട്ടിലേക്ക് ഉപ്പയുടെ ഫോൺ വന്നു. ഗദ്ഗദത്തോടെയുള്ള സംസാരം. 'മലപ്പുറത്ത് സമരത്തിൽ പങ്കെടുത്ത മൂന്നു പേർക്ക് വെടിയേറ്റിരിക്കുന്നു. മറ്റുള്ളവരെല്ലാം ഇപ്പോൾ സുരക്ഷിതം. ഞാൻ പിന്നീട് വിളിക്കാം.' 
1980 ജൂലൈ 30 ബുധനാഴ്ച പരിശുദ്ധ റമദാനിലെ പതിനേഴാം ദിനം. കേരള സർക്കാർ അറബി, ഉറുദു, സംസ്‌കൃതം ഭാഷാ പഠനത്തിനെതിരെ കൊണ്ടുവന്ന അനാവശ്യ നിയന്ത്രണങ്ങൾക്കെതിരെ സമരം ചെയ്ത ചെറുപ്പക്കാർക്ക് നേരെ ഭരണത്തിന്റെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞത് അന്നാണ്. മലപ്പുറം സിവിൽ സ്റ്റേഷൻ കവാടം പിക്കറ്റ് ചെയ്ത മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർക്കു നേരെ നടത്തിയ വെടിവെപ്പിൽ മൂന്നു ചെറുപ്പക്കാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ആയിരങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തപ്പെട്ടു.  
38 വർഷം പിന്നിടുമ്പോഴും ഭാഷാസമരം എന്നെന്നും ഭാഷാസ്‌നേഹികൾ ഓർത്തുവെക്കുന്നു. ചരിത്രം ആ സമരത്തെ ഏറ്റുവാങ്ങിയെന്ന് ചുടുചോരകൊണ്ടെഴുതിയ ചരിത്രമാണത്. ഈ രക്തസാക്ഷിത്വത്തിലേക്ക് മുസ്‌ലിം സമുദായത്തെ വലിച്ചിഴച്ചത് അക്കാലത്ത് അധികാരത്തിലുണ്ടായിരുന്നവരുടെ ഭാവനാ ശൂന്യമായ നിലപാടാണ്. 'ഭാഷാബോധന' നയമെന്ന പേരിൽ മുസ്ലിം സമുദായത്തിന്റെ സാംസ്‌കാരിക ഭാഷയായ അറബിയെ ഗളഹസ്തം ചെയ്യാൻ അവർ തുനിഞ്ഞപ്പോൾ സമുദായം പ്രതിരോധിച്ചു. കേരളത്തിലെ അറബി ഭാഷ പഠന സൗകര്യം ആരുടേയും അവകാശങ്ങൾ കവർന്നെടുത്തുണ്ടാക്കിയതതല്ല. ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ ഉണ്ടായിരുന്ന സൗകര്യങ്ങളാണത്. ഒന്നാം ഭാഷ ഇംഗ്ലീഷ്, രണ്ടാം ഭാഷ മലയാളമോ അറബിയോ എന്ന നിലയിലായിരുന്നു മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ അന്നത്തെ സിലബസ്. തിരുവിതാംകൂറിൽ നേരത്തെ തന്നെ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ശ്രമഫലമായി മഹാരാജാവിന്റെ പിന്തുണയോടെ അറബി പഠനം സ്‌കൂളുകളിൽ നടപ്പാക്കിയിരുന്നു. 
1957-ൽ ഒന്നാം കേരള മന്ത്രിസഭ അധികാരമേറ്റപ്പോൾ മലബാറിലും തിരുവിതാംകൂറിലുമുണ്ടായിരുന്ന പഠന സൗകര്യങ്ങൾ ഏകീകരിക്കാൻ ശ്രമങ്ങൾ നടത്തി. കരുവള്ളി മുഹമ്മദ് മൗലവി നടത്തിയ പരിശ്രമത്തിന്റെ ഫലമായി 1958-ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഇതു സംബന്ധിച്ച് നിയമങ്ങളുണ്ടായി. സ്‌പെഷ്യലിസ്റ്റ് അധ്യാപകർ എന്ന പരിഗണന മാത്രമാണ് അവർക്ക് ലഭിച്ചിരുന്നതെന്നു മാത്രം. കുറച്ച് അധ്യാപകർ നിയമിക്കപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞു പലരെയും പിരിച്ചുവിട്ടു. പ്രശ്‌നം പരിഹരിക്കാൻ കെ.എം. സീതി സാഹിബ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കെ.എൽ. ശ്രീമാലിയെ കണ്ടു. അറബി അധ്യാപകർ സി. എച്ച്. മുഹമ്മദ് കോയ മുഖേന ഗവർണ്ണർക്ക് നിവേദനം നൽകി. ഇതേത്തുടർന്ന് കുറെ തസ്തികകൾ അംഗീകരിച്ചു.  
അറബി അധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ഒരു ആത്മാർത്ഥതക്കുറവ് ബന്ധപ്പെട്ടവർ പ്രകടിപ്പിച്ചിരുന്നു. ഇല്ലായ്മയുടെയും വല്ലായ്മയുടെയും കരിദിനങ്ങൾ അറബി അധ്യാപകന്റെ ജീവിതത്തിൽ ഇഴഞ്ഞുനീങ്ങി. ഇതിനൊരു മാറ്റമുണ്ടാവുന്നത് 1967-ൽ സി.എച്ച്. വിദ്യാഭ്യാസ മന്ത്രി ആയപ്പോഴാണ്. അതുവരെ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരായിരുന്ന അറബി അദ്ധ്യാപകരെ ഭാഷാധ്യാപകരായി അംഗീകരിച്ചു കൊണ്ട് മറ്റുള്ള ഭാഷാദ്ധ്യാപകർക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നൽകി സർക്കാർ ഉത്തരവിറക്കി. എൽ.പി സ്‌കൂളുകളിൽ അറബി അദ്ധ്യാപകനെ നിശ്ചയിക്കാൻ 100 കുട്ടികൾ വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. പകരം 20 കുട്ടികളുണ്ടെങ്കിൽ തസ്തിക നിലനിൽക്കും എന്ന സ്ഥിതിവന്നു. അതോടെ അറബി പഠന സൗകര്യം സാർവ്വത്രികമായി. മുസ്‌ലിം പിന്നോക്ക പ്രദേശങ്ങളിൽ കൂടുതൽ സ്‌കൂളുകൾ വന്നതോടെ അറബി അദ്ധ്യാപകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. കുട നന്നാക്കുന്നവരെയും ചെരിപ്പുകുത്തികളെയും അധ്യാപകരാക്കി എന്ന അറബി ഭാഷ വിരോധികളുടെ പഴി സി.എച്ചിന് കേൾക്കേണ്ടി വന്നു. 
എന്നാൽ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷ മാത്രമേ പാടുള്ളൂ എന്ന വാദവുമായി ചിലർ രംഗത്തു വന്നു. അറബി പഠനത്തെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ വാദം മെല്ലെ ഇടത് സംഘടനകൾ ഏറ്റെടുത്തു. ഭാഷാബോധന നയമെന്ന പേരിൽ ഇത് പ്രചരിക്കപ്പെട്ടു.  ഇതാണ് 1980-ലെ ഭാഷാ വിരുദ്ധ ഉത്തരവുകളിലേക്ക് എത്തിച്ചത്.  നിലവാരം മെച്ചപ്പെടുത്താനെന്ന വ്യാജേനയാണ് സർക്കാർ ഉത്തരവ് ഇറക്കിയതെങ്കിലും അത് മൊത്തത്തിൽ അറബി, ഉറുദു, സംസ്‌കൃതം ഭാഷകൾ സ്‌കൂളുകളിൽ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിന്റെ ഭാഗമാണെന്ന് ഭാഷാ സ്‌നേഹികൾ തിരിച്ചറിഞ്ഞു. 'അക്കമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ' എന്നിങ്ങനെ പ്രാസഭംഗിയുള്ള മൂന്നു കൂച്ചു വിലങ്ങുകളാണ് ഇ.കെ. നായനാർ സർക്കാർ 1980 ജൂൺ 11-ന് ഇറക്കിയ ഉത്തരവിൽ ഉണ്ടായിരുന്നത്. 
കേരള എജ്യുക്കേഷൻ റൂൾസിൽ പറയുന്ന 20ഃ20 അടി സ്ഥലസൗകര്യം ഉറപ്പുവരുത്താതെയാണ് അറബി, ഉറുദു, സംസ്‌കൃതം തസ്തികകൾ അനുവദിച്ചിട്ടുള്ളതെന്നും അതുകൊണ്ട് കെ.ഇ.ആർ പറയുന്ന സ്ഥലസൗകര്യം ഉറപ്പുവരുത്തി കെട്ടിടങ്ങൾ നിർമ്മിച്ച ശേഷമേ തസ്തികകൾ അനുവദിക്കാവൂ എന്നുമാണ് സർക്കാർ ഉത്തരവിലെ 'അക്കമഡേഷൻ'. ഈ ഭാഷകളുടെ അധ്യാപനം 'റെഗുലർ' അല്ല, 'പാരലൽ' ആണെന്നും അതുകൊണ്ട് ഇവക്ക് പ്രത്യേകം കെട്ടിടങ്ങൾ ഉണ്ടാക്കണമെന്നുമുള്ള ദുർന്യായമാണ് സർക്കാർ പറഞ്ഞത്. ഈ ഭാഷകൾ പഠിപ്പിക്കുന്ന മാധ്യമം മലയാളം ആയിരിക്കെ അതിനെ റെഗുലർ അല്ലെന്നു പറയുന്നത് ന്യായമായിരുന്നില്ല. മാത്രവുമല്ല അക്കമഡേഷന്റെ പേരിൽ മാനേജുമെന്റുകൾക്ക് കെട്ടിടങ്ങൾ ഉണ്ടാക്കാനുള്ള മതിയായ സമയവും അനുവദിച്ചിരുന്നില്ല.  
അറബി, ഉറുദു, സംസ്‌കൃതം ഭാഷകൾ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ആറാമത്തെ പ്രവൃത്തി ദിവസത്തിനുമുമ്പ് ഹെഡ്മാസ്റ്ററുടെ മുമ്പിൽ നേരിട്ട് ഹാജരായി കുട്ടി ഇന്ന ഭാഷ പഠിക്കാൻ ഉദ്ദേശിക്കുന്നു എന്നും മലയാളം പഠിപ്പിക്കേണ്ടതില്ല എന്നും എഴുതിക്കൊടുക്കണമെന്ന നിർദ്ദേശമാണ് ഡിക്ലറേഷൻ. ഇതും ഭാഷാപഠനത്തെ നിരുത്സാഹപ്പെടുത്താനുള്ള വഴിയായിരുന്നു.  
ഓറിയന്റൽ ടൈറ്റിൽ യോഗ്യതയുണ്ടായിരുന്ന അറബി അധ്യാപകർക്ക് എസ്.എസ്.എൽ.സി ഉണ്ടായിരിക്കണമെന്ന നിർദ്ദേശമാണ് ക്വാളിഫിക്കേഷൻ. എന്നാൽ എസ്.എസ്.എൽ.സി യോഗ്യത അറബി അധ്യാപകർക്ക് നിർബന്ധമാക്കുക അക്കാലത്ത് പ്രായോഗികമായിരുന്നില്ല.  കാരണം അറബി അധ്യാപകരിലെ പഴമക്കാർക്ക് മാത്രമല്ല, പൊതു അദ്ധ്യാപകരിലെ പലർക്കും എസ്.എസ്.എൽ.സി. ഉണ്ടായിരുന്നില്ല.  പൊതു അധ്യാപകരിൽ എസ്.എസ്.എൽ.സി ഇല്ലാത്തവരെ ഇൻസർവീസ് കോഴ്സുകൾ നടത്തി അവരുടെ നിലവാരം മെച്ചപ്പെടുത്തി എസ്.എസ്.എൽ.സിക്ക് തതുല്യരാക്കുകയായിരുന്നു സർക്കാർ ചെയ്തത്.  എന്നാൽ എസ്.എസ്.എൽ.സി ഇല്ല എന്ന ഒരൊറ്റ കാരണം പറഞ്ഞ് ആ വർഷം വിരമിക്കുന്ന അറബി അദ്ധ്യാപകർക്കു പോലും ജോലിയിൽ തുടരാൻ സാധ്യമല്ലാത്ത വിധം നിയമക്കുരുക്ക് സൃഷ്ടിക്കുകയായിരുന്നു സർക്കാർ ചെയ്തത്.  
സർക്കാരിന്റെ കുതന്ത്രം മനസ്സിലാക്കിയ അറബി അദ്ധ്യാപക നേതാക്കളായ കരുവള്ളി മുഹമ്മദ് മൗലവി, പി.കെ. അഹമ്മദലി മദനി, കുളത്തൂർ ടി. മുഹമ്മദ് മൗലവി  എന്നിവർ കൂടിയാലോചിക്കുകയും മുസ്‌ലിം ലീഗുമായും അദ്ധ്യാപക സംഘടനകളുമായും മുസ്‌ലിം സംഘടനകളുമായും ചർച്ച നടത്തുകയും യോജിച്ച ചെറുത്തുനിൽപ്പിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഭാഷാ പഠനത്തെ നിരുത്സാഹപ്പെടുത്തുന്നതും ക്രമേണ വിദ്യാലയങ്ങളിൽനിന്ന് നിഷ്‌കാസനം ചെയ്യപ്പെടാൻ മതിയാവുന്നതുമായ ഈ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 1980 ജൂലൈ നാലിന് കേരളത്തിലെ അറബി അദ്ധ്യാപകർ സെക്രട്ടറിയേറ്റിനു മുമ്പിൽ കൂട്ടധർണ്ണ നടത്തി. ധർണ ഉദ്ഘാടനം ചെയ്തത് സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു. 'അധ്യാപകർ സ്‌കൂളിലേക്ക് തിരിച്ചു പോകൂ, നിങ്ങൾ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടവരാണ്, സമരം ചെയ്യേണ്ടവരല്ല, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു' -എന്ന സി. എച്ചിന്റെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം ഈ ധർണയുടെ ഉദ്ഘാടന വേളയിലായിരുന്നു. അറബി കോളേജ് വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തുവന്നു. 
ലീഗിന്റെ 14 എം.എൽ.എമാർ വിദ്യാഭ്യാസ മന്ത്രി ബേബി ജോണിനെ കണ്ടു ചർച്ച നടത്തി. മുൻ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദ് കുട്ടി അറബി അധ്യാപക സംഘടനയായ കെ.എ.ടി.എഫ് നേതാക്കളുമായി വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. എന്നാൽ സർക്കാർ നിലപാട് നിരാശാജനകമായിരുന്നു. നടപടികളുമായി മുന്നോട്ടു പോകുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഈ വികലമായ ഉത്തരവുകൾ പിൻവലിച്ചില്ലെങ്കിൽ ജൂലൈ 30-ന് കലക്ടറേറ്റുകളിൽ പിക്കറ്റിംഗ് സംഘടിപ്പിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചത്. കേരളത്തിലെ എല്ലാ ജില്ലാ കളക്റ്ററേറ്റുകളിലും പിക്കറ്റിംഗ് നടന്നു. മലപ്പുറത്ത് സമാധാനപരമായി സമരം നടത്തിയവർക്ക് നേരെ പോലീസ് നിറയൊഴിക്കുകയായിരുന്നു.  മൂന്ന് യുവാക്കളുടെ ജീവൻ പൊലിഞ്ഞു. ആ വീരരക്തസാക്ഷികൾ 'മജീദ്-റഹ്മാൻ-കുഞ്ഞിപ്പ' എന്ന ത്രിത്വമായി ഇന്നും സ്മരിക്കപ്പെടുന്നു. കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്തും പോലീസ് അതിക്രമമുണ്ടായി.  
ഇതോടെ ഉത്തരവുകളിൽ ചില മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറായി.  എന്നാൽ ശാശ്വത പരിഹാരം വേണമെന്ന കാര്യത്തിൽ അദ്ധ്യാപകരും മുസ്‌ലിം സംഘടനകളും ഉറച്ചുനിന്നു. സെപ്റ്റംബർ 15-നകം പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ രാജ്ഭവനിലേക്ക് 'ഗ്രേറ്റ് മാർച്ച്' നടത്തുമെന്ന് യൂത്ത് ലീഗ് നേതാക്കൾ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തെത്തുടർന്ന് 1980 സെപ്റ്റംബർ 10-ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളെ പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി സർക്കാർ ക്ഷണിച്ചു. ചർച്ചയിൽ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് 19-ന് വീണ്ടും ചേർന്നു. ആ യോഗത്തിൽ സർക്കാർ വിവാദ ഉത്തരവുകൾ പൂർണ്ണമായി പിൻവലിച്ചു. സമരവും അതിനെ തുടർന്നുണ്ടായ പോലീസ് വെടിവെപ്പും ഒഴിവാക്കാമായിരുന്നു എന്ന് കോടതി പോലും നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിൽ പോലീസുകാർ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരാണെന്ന മഞ്ചേരി കോടതിയുടെ വിധി വളരെ പ്രസക്തമാണ്.  
ഭാവനാശൂന്യമായ നിയമനിർമ്മാണം വഴി സർക്കാരിന് നേരിടേണ്ടി വന്നത് ഒരു സമുദായത്തിന്റെ തന്നെ എതിർപ്പായിരുന്നു. ആകാശം ഇടിഞ്ഞു വീണാലും ഭൂമി പിളർന്നാലും പിറകോട്ടില്ലെന്ന ദുർവാശി ജീവസ്സുറ്റ ഒരു ഭാഷയെ ദിനേന ഉപയോഗിക്കുകയും അതിനെ സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ മുമ്പിൽ വിലപ്പോവില്ലെന്ന് ഭാഷ സമരം നമ്മെ ബോധ്യപ്പെടുത്തുന്നു. 

 

Latest News