ജിദ്ദ - സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനും സോമാലിയൻ ആഭ്യന്തര സുരക്ഷ മന്ത്രി ഡോ. മുഹമ്മദ് അഹ്മദ് ശൈഖ് അലിയും ചർച്ച നടത്തി. റിയാദിൽ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തെ തന്റെ ഓഫീസിൽ വെച്ചാണ് സോമാലിയൻ ആഭ്യന്തര സുരക്ഷ മന്ത്രിയെ സൗദി ആഭ്യന്തര മന്ത്രി സ്വീകരിച്ചത്. സൗദി, സോമാലിയ ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.
ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിർ അൽദാവൂദ്, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, സുരക്ഷ കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി മുഹമ്മദ് അൽമുഹന്ന, പൊതുസുരക്ഷ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമി, അതിർത്തി സുരക്ഷ സേന മേധാവി മേജർ ജനറൽ മുഹമ്മദ് അൽശഹ്‌രി എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.