ജിദ്ദ - കുവൈത്തിനും ഇറാഖിനുമിടയിലെ ഖോർ അബ്ദുല്ലയിൽ സമുദ്ര ഗതാഗതം നിയന്ത്രിക്കുന്ന കരാറുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉടലെടുത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്ത് ചേർന്ന ഗൾഫ് വിദേശ മന്ത്രിമാരുടെ യോഗം ഇറാഖിനോട് ആവശ്യപ്പെട്ടു. ഗൾഫ് ഉൾക്കടലിന്റെ വടക്ക് കുവൈത്തിന്റെ ഭാഗമായ ബോബിയാൻ, വർബ ദ്വീപുകൾക്കും ഇറാഖിന്റെ ഭാഗമായ അൽഫാവു ഉപഭൂഖണ്ഡത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഖോർ അബ്ദുല്ലയിൽ സമുദ്ര ഗതാഗതം നിയന്ത്രിക്കുന്ന കരാർ 2012 ൽ കുവൈത്തും ഇറാഖും ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും പാർലമെന്റുകൾ അംഗീകരിച്ച കരാർ 2013 ൽ യു.എന്നിന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഈ കരാർ ഭരണഘടന വിരുദ്ധമാണെന്ന് ഇറാഖ് ഫെഡറൽ സുപ്രീം കോടതി സെപ്റ്റംബർ നാലിന് വിധിക്കുകയായിരുന്നു.
കരാറുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉടലെടുത്ത പ്രശ്‌നങ്ങൾ ഗൾഫ് രാജ്യങ്ങളുമായുള്ള ഇറാഖിന്റെ ബന്ധങ്ങൾക്ക് ഗുണം ചെയ്യില്ല. കൂടാതെ ഇത് 833 ാം നമ്പർ യു.എൻ പ്രമേയം അടക്കം അന്താരാഷ്ട്ര ചാർട്ടറുകൾക്കും ധാരണകൾക്കും കരാറുകൾക്കും വിരുദ്ധമാണെന്നും ഗൾഫ് വിദേശ മന്ത്രിമാരുടെ യോഗം പറഞ്ഞു. ഇറാഖ് ഫെഡറൽ സുപ്രീം കോടതി വിധിയിലുള്ള പ്രതിഷേധം കുവൈത്ത് കഴിഞ്ഞ ദിവസം രേഖാമൂലം ഇറാഖിനെ അറിയിച്ചിരുന്നു. കുവൈത്തിലെ ഇറാഖ് അംബാസഡർ അൽമൻഹൽ അൽസ്വാഫിയെ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിദേശകാര്യ സഹമന്ത്രി അഹ്മദ് അൽബകർ ആണ് പ്രതിഷേധക്കുറിപ്പ് കൈമാറിയത്.