Sorry, you need to enable JavaScript to visit this website.

ഗൾഫ് വിദേശ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് ഫൈസൽ രാജകുമാരൻ

ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്ത് ജി.സി.സി വിദേശ മന്ത്രിമാരുടെ ഏകോപന യോഗത്തിൽ പങ്കെടുത്തവർ ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുന്നു
സിറിയയിലേക്കുള്ള യു.എൻ ദൂതൻ ഗെയ്ർ ഓട്ടോ പെഡെഴ്‌സനും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ചർച്ച നടത്തുന്നു.

ജിദ്ദ - അമേരിക്കയിലെ ന്യൂയോർക്കിൽ 78 ാമത് യു.എൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് ചേർന്ന ഗൾഫ് വിദേശ മന്ത്രിമാരുടെ ഏകോപന യോഗത്തിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സംബന്ധിച്ചു. ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയും ഗൾഫ് രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും സംബന്ധിച്ച യോഗം ഗൾഫിലെയും മേഖല, ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും ഇക്കാര്യങ്ങളിൽ നടത്തുന്ന ശ്രമങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ഗൾഫ് രാജ്യങ്ങൾ തമ്മിൽ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിനെ കുറിച്ചും വിശകലനം ചെയ്തു. സൗദി വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽറസിയും യോഗത്തിൽ സംബന്ധിച്ചു. 
സിറിയയിലേക്കുള്ള യു.എൻ ദൂതൻ ഗെയ്ർ ഓട്ടോ പെഡെഴ്‌സനുമായും സൗദി വിദേശ മന്ത്രി പ്രത്യേകം കൂടിക്കാഴ്ചയും ചർച്ചയും നടത്തി. സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളും ഇക്കാര്യത്തിൽ സൗദി അറേബ്യയും യു.എന്നും നടത്തുന്ന ശ്രമങ്ങളും ഇതുമായി ബന്ധപ്പെട്ട് ജിദ്ദ അറബ് ഉച്ചകോടിയിൽ കൈക്കൊണ്ട തീരുമാനങ്ങളും  ഇരുവരും വിശകലനം ചെയ്തു. സിറിയയുടെ അഖണ്ഡതയും സുരക്ഷയും സ്ഥിരതയും അറബ് ബന്ധവും കാത്തുസൂക്ഷിക്കുന്ന നിലക്ക് സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാൻ മുഴുവൻ ശ്രമങ്ങളും സൗദി അറേബ്യ നടത്തുമെന്ന് വിദേശ മന്ത്രി പറഞ്ഞു. ഉസ്‌ബെക്കിസ്ഥാൻ വിദേശ മന്ത്രി ബഖ്തിയോർ സൈദോവുമായും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ചർച്ച നടത്തി. യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിൽ, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ കൂടിക്കാഴ്ചകളിലും ചർച്ചകളിലും പങ്കെടുത്തു.

Tags

Latest News