റിയാദ് - പ്രളയത്തിൽ മുങ്ങിയ ലിബിയയിലേക്ക് സൗദിയുടെ സഹായ ഹസ്തം. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ബെൻഗാസിയിലെ ബെനിന ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 50 ടൺ ഭക്ഷണവുമായി സൗദിയുടെ മൂന്നാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവർ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന് (കെ.എസ് റിലീഫ്) നൽകിയ നിർദ്ദേശ പ്രകാരമാണ് സഹായം അയച്ചത്. ദുരിതബാധിതർക്ക് ഭക്ഷണവും പാർപ്പിട വസ്തുക്കളുമാണ് ഇതിലുള്ളത്.
ലിബിയൻ റെഡ് ക്രസന്റുമായി ഏകോപിപ്പിച്ച് കെ.എസ് റിലീഫ് സ്‌പെഷ്യലൈസ്ഡ് ടീം സഹായ വിതരണം നിയന്ത്രിക്കും.
പ്രതിസന്ധികളിൽ സൗഹൃദ രാജ്യങ്ങൾക്ക് രാജ്യം നൽകുന്ന അചഞ്ചലമായ പിന്തുണയുടെ സാക്ഷ്യമാണ് ഈ ശ്രമങ്ങളെന്ന് അധികൃതർ പറഞ്ഞു.