മദീന- മദീനയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഡ്രൈവര്‍മാര്‍ക്ക് മദീനയിലെ ചരിത്ര സ്ഥലങ്ങളെ കുറിച്ച് അവബോധം നല്‍കുന്നതിനുള്ള പരിശീലന കോഴ്‌സ് സംഘടിപ്പിക്കുന്നു.
മദീന റിസേര്‍ച്ച് ആന്റ് സ്റ്റഡീസ് സെന്ററും ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും സഹകരിച്ചാണ് ഇത്തരമൊരു പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.
ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍മാരെല്ലാം പരിശീലന കോഴ്‌സില്‍ പങ്കെടുക്കാന്‍ മദീന റിസേര്‍ച്് ആന്റ് സ്റ്റഡീസ് സെന്ററിന്റെ വെബ് സൈറ്റ് വഴി കോഴിസിനുളള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഗവേഷണം കേന്ദ്രം അറിയിച്ചു.
രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന കോഴ്‌സ് വഴി വാഹന ഡ്രൈവര്‍മാര്‍ക്ക്് മദീനയിലെ ചരിത്ര പ്രധാന സ്ഥലങ്ങളെ കുറിച്ചും അവയുമായി ബന്ധപ്പെട്ട ചരിത്രത്തെ സംബന്ധിച്ചും വ്യക്തമായ അറിവു പകര്‍ന്നു നല്‍കും. ഇതോടൊപ്പം പ്രവാചക നഗരി സന്ദര്‍ശകരുമായി ഏറ്റവും നല്ല രൂപത്തില്‍ ഇടപഴകുന്നതിനും ഉയര്‍ന്ന സേവനം നല്‍കുന്നതിനും പരിശീലനം നല്‍കുമെന്ന് ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഈ രംഗത്തുണ്ടാകുന്ന മത്സരം നിരവധി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനു സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.