സുരക്ഷിതത്വം ഗുണനിലവാരമുള്ള വൻകിട ഓഹരികളിൽ
കുറച്ചു കാലമായി ആഗോള രാഷ്ട്രീയ, സാമ്പത്തിക സംവാദങ്ങളുടെ കേന്ദ്ര ബിന്ദുവാണ് ഇന്ത്യ. ലോകത്തിലെ അതിവേഗം വളരുന്ന വൻ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ ഇതര രാജ്യങ്ങൾ ഇന്ത്യയെ ബഹുമാനത്തോടെയാണ് കാണുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കനുസരിച്ച് ഈ വർഷം ആഗോള ജി.ഡി.പി വളർച്ചയുടെ 15 ശതമാനം ഇന്ത്യയുടെ സംഭാവനയായിരിക്കും. ചൈനയിൽ വളർച്ച ഗണ്യമായി താഴോട്ട് പോയ്‌ക്കൊണ്ടിരിക്കുമ്പോൾ ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് ഇന്ത്യയെ ആണ്. മറ്റു പല രാജ്യങ്ങളിലും ഏകാധിപത്യപരവും സ്ഥിരതയില്ലാത്തതുമായ രാഷ്ട്രീയ വ്യവസ്ഥ നിലനിൽക്കുമ്പോൾ ഇന്ത്യ ജനാധിപത്യ രാജ്യമാണ് എന്ന വസ്തുത നമ്മുടെ അന്തസ്സ് വർധിപ്പിക്കുന്നു. ഇന്ത്യയുടെ നാലു ഡികളായ ഡെമോക്രസി, ഡെമോഗ്രഫി, ഡിജിറ്റൽ ലീഡർഷിപ്പ്, ഡൊമസ്റ്റിക് ഉപഭോഗം നയിക്കുന്ന വളർച്ച എന്നിവക്ക് 2027-28 ഓടെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായും 2032 ഓടെ 8 ട്രില്യൺ ഡോളർ സാമ്പത്തിക ശക്തിയായും രാജ്യത്തെ മാറ്റാനുള്ള കഴിവുണ്ട്.
ദൽഹി ജി20 പ്രഖ്യാപനം രാജ്യത്തിന്റെ തൊപ്പിയിലെ തൂവലായി. ആഫ്രിക്കൻ യൂനിയനെ ജി20 ൽ ഉൾപ്പെടുത്താൻ കഴിഞ്ഞതും നിർദിഷ്ട ഇന്ത്യ-മിഡിൽ ഈസ്റ്റ് - യൂറോപ് ഇടനാഴിയും (IMEEC) രാഷ്ട്രതന്ത്രപരമായ വിജയമാണ് ഇന്ത്യക്കു നൽകിയത്. ഉയർന്നു വരുന്ന രാജ്യങ്ങളുടെ ശബ്ദവും പ്രതിരൂപവുമായി ഇന്ത്യ മാറിയതും രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. ഗുണപരമായ ഈ മാറ്റങ്ങൾ വിപണിയിൽ എങ്ങനെയാണ് പ്രതിഫലിക്കുക എന്ന് പരിശോധിക്കാം.
ഇന്ത്യൻ ഓഹരി വിപണി രാജ്യത്തിനകത്തു നിന്നും ഇതര രാജ്യങ്ങളിൽ നിന്നും പണം ആകർഷിക്കുന്നത് തുടരും.
ഓഹരി നിക്ഷേപത്തെക്കുറിച്ചുള്ള അറിവ് വർധിക്കുകയും സമ്പാദ്യം മൂലധന വിപണിയിൽ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാവുകയും ചെയ്യുന്നതോടെ കൂടുതൽ ആഭ്യന്തര മൂലധനം വിപണിയിലേക്കു വരും. എന്നാൽ വിദേശ മൂലധനത്തിന്റെ വരവ് ഹ്രസ്വകാലത്തിൽ യു.എസ് ബോണ്ട് യീൽഡ്, ഡോളർ സൂചിക, എക്‌സ്‌ചേഞ്ച് നിരക്ക് എന്നിവയെ ആശ്രയിച്ചിരിക്കും. എങ്കിലും ദീർഘകാലയളവിൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വൻതോതിൽ ഒഴുകും. വികസ്വര വിപണികളിൽ ഏറ്റവും മികച്ച വളർച്ച സാധ്യത ഇന്ത്യക്കാണ്.
നിഫ്റ്റി 20000 എന്ന മാന്ത്രിക അക്കത്തിൽ എത്തിയിരിക്കയാണ്. 20000 ത്തിൽ നിഫ്റ്റി വാല്യുവേഷൻ കൂടുതലാണെങ്കിലും അപകട നിലയിലല്ല. നല്ല വാർത്തകൾ വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ. എന്നാൽ വിദൂര ഭാവിയിലെ സാധ്യതകൾ ഇപ്പോൾ വിപണിയിൽ പ്രതിഫലിച്ചിട്ടില്ല. ഹ്രസ്വകാല വെല്ലുവിളികൾ വിപണിയിൽ തിരുത്തലുകൾ ഉണ്ടാക്കാം. ഇന്ത്യയുടെ ഭാവി വളർച്ച സാധ്യതയിൽ നിന്ന് നേട്ടം ഉണ്ടാവണമെങ്കിൽ നിക്ഷേപകർ വ്യവസ്ഥാപിതമായ നിക്ഷേപം തുടരുക തന്നെ വേണം.
ഇടത്തരം - ചെറുകിട ഓഹരികളുടെ വാല്യുവേഷൻ കൂടുതലാണ്
ഹ്രസ്വകാല കാഴ്ചപ്പാടിൽ നോക്കിയാൽ, ഇടത്തരം - ചെറുകിട, വൻകിട ഓഹരികളുടെ വാല്യുവേഷനിലെ വ്യത്യാസം ഉയർന്നതാണ്. ദീർഘകാലാടിസ്ഥാനത്തിൽ വൻകിട ഓഹരികളെ കവച്ചു വെക്കുന്ന പ്രകടനമാണ് ചെറുകിട ഓഹരികൾ നടത്തുന്നത് എന്നത് വസ്തുതയാണ്. എന്നാൽ ചെറുകിട ഓഹരികൾക്കിപ്പോൾ വാല്യുവേഷൻ കൂടുതലാണ്. ഈ വർഷം മാർച്ചിലെ താഴ്ന്ന നിലയിൽ നിന്ന് ഇടത്തരം ഓഹരികളും ചെറുകിട ഓഹരികളും യഥാക്രമം 38 ശതമാനം, 40 ശതമാനം വീതം ഉയർന്നിരിക്കുന്നു. നിഫ്റ്റിയാകട്ടെ, മാർച്ചിലെ താഴ്ചയിൽ നിന്ന് 15.2 ശതമാനം മാത്രമാണ് ഉയർന്നത്. ഈ മികച്ച പ്രകടനം ഇടത്തരം - ചെറുകിട ഓഹരികളിലേക്ക് വൻതോതിൽ മ്യൂച്വൽ ഫണ്ട് പ്രവാഹം സൃഷ്ടിക്കുകയും അവയുടെ വാല്യുവേഷൻ സാമാന്യ നിലവാരത്തിൽ നിന്ന് ഉയർത്തുകയും ചെയ്തിരിക്കുന്നു. ഈ ഉയർന്ന വാല്യുവേഷൻ നിലനിൽക്കുന്നതല്ല.
20000 ൽ നിഫ്റ്റി ട്രേഡിംഗ് നടക്കുമ്പോൾ വിപണിയിലെ പി.ഇ അനുപാതം 18.5 ആണ് (2025 സാമ്പത്തിക വർഷത്തിലെ നിഫ്റ്റി ലാഭത്തിന്റെ അടിസ്ഥാനത്തിൽ). ഈ വാല്യുവേഷൻ ഉയർന്നതായതുകൊണ്ട് വിപണിയിൽ തിരുത്തൽ സാധ്യതയുണ്ട്. ഇടത്തരം - ചെറുകിട ഓഹരികളൽ തിരുത്തൽ ആഴമേറിയതായിരിക്കും. ഈ സാഹചര്യത്തിൽ സുരക്ഷിതത്വം ഗുണനിലവാരമുള്ള വൻകിട ഓഹരികളിലാണ്.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ് ലേഖകൻ)