Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ പുതിയ ഉയരത്തിൽ

നിക്ഷേപകരുടെ സ്വപ്നം യാഥാർത്ഥ്യമാക്കി ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ പുതിയ ഉയരത്തിൽ. നിഫ്റ്റിക്ക് മുൻവാരം സൂചിപ്പിച്ചത് ശരിവെച്ച് സൂചിക 20,200 പോയന്റിലേക്ക് പ്രവേശിച്ചു. ഓഗസ്റ്റ് മധ്യത്തിൽ തന്നെ വ്യക്തമാക്കിയതാണ് സാങ്കേതിക തിരുത്തലുകൾ പൂർത്തിയാവുന്നതോടെ നിഫ്റ്റി ചരിത്ര നേട്ടത്തിലുടെ 20,400 നെ ഉറ്റുനോക്കുമെന്ന്. നിഫ്റ്റി പോയവാരം 372 പോയന്റും സെൻസെക്സ് 1239 പോയന്റും ഉയർന്നു. നാലാഴ്ചകളിൽ ഏകദേശം നാല് ശതമാനം കുതിച്ചു ചാട്ടം വിപണി കാഴ്ചവെച്ചു. നിഫ്റ്റി നാലാഴ്ചകളിൽ 757 പോയന്റും സെൻസെക്സ് 2436 പോയന്റും കയറി. ബുൾ തരംഗം കണ്ട് രംഗത്ത് നിന്നും വിട്ടുനിന്നിരുന്നവർ പുതിയ പൊസിഷനുകൾക്ക് ഉത്സാഹിച്ചു. അവർക്ക് ആത്മവിശ്വാസം പകരുന്നതാണ് നടപ്പുവർഷം ഇൻഡക്സുകളിലെ മുന്നേറ്റം. സെപ്റ്റംബർ മധ്യം വരെയുള്ള ഒമ്പത് മാസക്കാലയളവിൽ ബി.എസ്. ഇ 6997 പോയന്റും എൻ.എസ്.ഇ 2087 പോയന്റും ഉയർന്നു. 
19,819 ൽ നിന്നും മുൻവാരം സുചിപ്പിച്ച പ്രതിരോധം തകർത്ത് റെക്കോർഡായ 19,991 തിരുത്തി ചരിത്രത്തിൽ ആദ്യമായി 20,000 പ്രവേശിച്ച വിപണി ഒരവസരത്തിൽ 20,222 വരെ ഉയർന്നു. മാർക്കറ്റ് ക്ലോസിങിൽ 20,192 പോയന്റിലാണ്. ഈ വാരം 20,320 ലേക്ക് ഉയരാനുള്ള ഊർജം സംഭരിച്ചാൽ അടുത്ത ലക്ഷ്യം 20,449 പോയന്റായി മാറും. നിഫ്റ്റിക്ക് 19,964 ലും 19,737 ലും താങ്ങുണ്ട്. സാങ്കേതികമായി വീക്ഷിച്ചാൽ നിഫ്റ്റി ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെന്റ്,  പാരാബോളിക് എസ്.എ.ആർ ബുള്ളിഷാണ്.
ചരിത്രം തിരുത്തിയ പ്രകടനത്തിന്റെ  ആവേശത്തിലാണ് സെൻസെക്സ്. 66,662 ഓപൺ ചെയ്ത സൂചിക ശരവേഗത്തിൽ മുന്നേറി.
തളർച്ച അറി യാതെ 11 ദിവസങ്ങളിലെ കുതിപ്പിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് 67,927 വരെ കയറിയ ശേഷം വ്യാപാരാന്ത്യം 67,838 പോയന്റിലാണ്. വിപണിക്ക് 68,251 - 68,664 ൽ പ്രതിരോധവും 67,101  66,364 ൽ താങ്ങുമുണ്ട്.   
ജി20 ഉച്ചകോടി സൃഷ്ടിച്ച ആത്മവിശ്വാസവും ആഗോള ഓഹരി സൂചകങ്ങളിലെ ഉണർവും രാജ്യത്ത് നാണയപ്പെരുപ്പത്തിൽ ദൃശ്യമായ നേരിയ കുറവും  മൺസൂൺ അവസാന റൗണ്ടിൽ മഴയുടെ അളവ് മെച്ചപ്പെട്ടതും ഓഹരി വിപണിക്ക് അനുകൂലമായി. 
ഓഹരി വിപണി ഉത്സവ പ്രതീതിയിൽ ആറാടുമ്പോൾ ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ  തകർച്ച തടയാൻ ധനമന്ത്രാലയവും കേന്ദ്ര ബാങ്കും പഠിച്ച പണി പതിനെട്ടും പയറ്റി. രൂപ 82.94 ൽ നിന്നും 83 ലേക്ക് ദുർബലമായത് കണ്ട് കരുതൽ ശേഖരത്തിൽ നിന്നും ഡോളർ ഇറക്കിയിട്ടും മൂല്യം 83.21 ലേക്ക് ഇടിഞ്ഞു, വാരാന്ത്യം 83.19 ലാണ്, രൂപക്ക് 25 പൈസയുടെ മൂല്യത്തകർച്ച. 
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലക്കയറ്റം ഇന്ത്യൻ നാണയത്തെ വട്ടംകറക്കും.   ക്രൂഡ് ഓയിൽ ബാരലിന് 94 ഡോളറായി. വിനിമയ മൂല്യം 83.75 - 84.49 ലേക്ക് ദുർബലമാകാം. പണപ്പെരുപ്പം നിയന്ത്രിച്ചതായി റിസർവ് ബാങ്ക് അവകാശപ്പെടുന്നുണ്ടെങ്കിലും ഓഹരി സൂചിക റെക്കോർഡിൽ നിന്നും തളർന്നാൽ രൂപയുടെ മൂല്യത്തിലും വിള്ളൽ സംഭവിക്കും.   വിദേശ ഓപറേറ്റർമാർ പിന്നിട്ട വാരം 2679 കോടി രൂപയുടെ വിൽപനയും 1932 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 3414 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, ഒപ്പം 51 കോടി രൂപയുടെ വിൽപന നടത്തി. യുഎസ് ഫെഡ് റിസർവ് ഈ വാരം വായ്പ അവലോകനത്തിന് ഒത്തുചേരും. പലിശയിൽ മാറ്റത്തിന് സാധ്യതയില്ല, എന്നാൽ ഡിസംബറിന് മുന്നേ നിരക്ക് ഉയർത്താം. 
ബി എസ് ഇ ഐ റ്റി ഇൻഡകസ്‌ക് 3.2 ശതമാനം ഉയർച്ച രേഖപ്പെടുത്തി. ബാങ്കിംഗ്, ഐ റ്റി, സാമ്പത്തിക സേവനങ്ങൾ, ഓട്ടോ, ടെക്നോളജി, ഫാർമ ഓഹരികൾ മികവ് കാഴ്ചവെച്ചു. ബജാജ് ഓട്ടോ ഓഹരി വില 7.79 ശതമാനം ഉയർന്ന് 5130 രൂപയായി.
മുൻനിര ഐ.റ്റി ഓഹരികളായ ഇൻഫോസീസ്, വിപ്രോ, റ്റി സി എസ്, എച്ച് സി എൽ ടെക് തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. എസ് ബി ഐ, ഇൻഡസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ മോട്ടേഴ്സ്, മാരുതി, എം ആന്റ് എം, സൺ ഫാർമ്മ, ടാറ്റാ സ്റ്റീൽ, ഐ റ്റി സി തുടങ്ങിയവ മികവ് കാണിച്ചു. 
 

Latest News