ചെറുകിടക്കാർക്കും ആഗോള വിപണന തന്ത്രത്തിൽ മത്സരക്ഷമത ഉറപ്പു വരുത്തുന്ന നിർമിത ബുദ്ധി ആപ്പുമായി കേരള സ്റ്റാർട്ടപ് മിഷന് കീഴിലുള്ള സ്റ്റാർട്ടപ് വിസാർഡ്. ചെറുകിട വാണിജ്യം നടത്തുന്നവർക്ക് ലളിതമായ രീതിയിൽ ആഗോള നിലവാരത്തിലുള്ള വിപണന തന്ത്രങ്ങൾ രൂപകൽപന ചെയ്യാനുതകുന്നതാണ് ഈ ആപ്. ഏത് വിഭാഗത്തിലുള്ള സംരംഭങ്ങൾക്കും പറ്റിയ ഡിസൈൻ, നിറഭേദങ്ങൾ, വ്യത്യസ്തതയാർന്ന അക്ഷര രൂപകൽപനകൾ, ചിത്രങ്ങൾ, പാറ്റേണുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഉത്സവ സീസണുകളിൽ നൽകേണ്ട പോസ്റ്ററുകൾ, ഉൽപന്നങ്ങളുടെ അവതരണം, ഡിജിറ്റൽ പ്രചാരണം, ഡിജിറ്റൽ ബിസിനസ് കാർഡ് എന്നിവയെല്ലാം ഈ ആപ്പിലൂടെ ലഭിക്കുമെന്ന് വിസാർഡ് സി.ഇ.ഒ എം.ടി.പി. സനിദ് പറഞ്ഞു. ഏതാണ്ട് അഞ്ച് കോടി ഡിസൈനുകളാണ് ഒരു ദിവസം ലോകത്ത് രൂപപ്പെടുത്തുന്നത്. വളരെയധികം മനുഷ്യ വിഭവശേഷി വേണ്ട കാര്യമാണിത്.
ചെലവേറിയ ഈ പ്രക്രിയ ചെറുകിടക്കാർക്ക് അന്യമാണ്. ഈ വെല്ലുവിളി ഏറ്റെടുത്താണ് ഡിസൈൻ രംഗത്തെ അന്തരം ഒഴിവാക്കി തുല്യ അവസരം നൽകുന്നതിനുള്ള പരിശ്രമം വിസാർഡ് നടത്തിയതെന്നും സനിദ് പറഞ്ഞു. ആശയത്തിൽ നിന്ന് പൂർണ രൂപകൽപനയിലേക്കെത്താനുള്ള എല്ലാ സംവിധാനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഈ കഴിഞ്ഞ ഓണക്കാലത്ത് മാത്രം തന്നെ 50,000 ഓളം ഡിസൈനുകൾ ഈ ആപ് വഴി നിർമിച്ചിട്ടുണ്ട്.
സൗജന്യവും പ്രീമിയവുമായ പ്ലാനുകളാണ് ഈ ആപ്പിലുള്ളത്. സമഗ്രമായ വിപണന തന്ത്രം ആവശ്യമായ ബിസിനസുകൾക്ക് അതനുസരിച്ചുള്ള സേവനങ്ങൾ പ്രീമിയം സംവിധാനത്തിലൂടെ ലഭ്യമാക്കും. പ്രമുഖ ബ്രാൻഡുകളുമായി ചെറുകിടക്കാർക്ക് മത്സരക്ഷമത വളർത്തുവാൻ ഈ ആപ് നിർണായകമാണെന്ന് സനിദ് പറഞ്ഞു. ചെറിയ ഹോട്ടലുകൾക്ക് വരെ ആഗോള ഹോം ഡെലിവറി സംവിധാനവുമായി മത്സരിക്കാൻ ഇതിലൂടെ സാധിക്കും. സാമൂഹ്യ മാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സാപ് എന്നിവയിൽ സജീവ സാന്നിധ്യമായി നിൽക്കാനും വിസാർഡിലൂടെ കഴിയുമെന്ന് സനിദ് ചൂണ്ടിക്കാട്ടി.
കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് വിസാർഡ് പ്രവർത്തിക്കുന്നത്. കെ.എസ് യു.എമ്മിൽ നിന്നും സ്റ്റാർട്ടപപ്പ് ഇന്ത്യയിൽ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ട്. പ്രണവ് വർമ, അർവിത്വിക് പുറവങ്കര എന്നിവരാണ് കമ്പനിയുടെ സഹസ്ഥാപകർ.