Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര ജനാധിപത്യ ദിനം അധികമാരും അറിഞ്ഞില്ല

ആഗോള തലത്തിലും ഇന്ത്യയിലും കേരളത്തിലും അർഹിക്കേണ്ട രീതിയിൽ ആചരിക്കേണ്ടിയിരുന്ന, വളരെ പ്രസക്തമായ ഒരു ദിനാചരണമാണ് അധികമാരും അറിയാതെ കഴിഞ്ഞ ദിവസം കടന്നുപോയത്. അന്താരാഷ്ട്ര ജനാധിപത്യ ദിനം. 2007 ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ഇത്തരത്തിൽ ഒരു ദിനം ആചരിക്കാൻ തീരുമാനിച്ചത്.  ജനാധിപത്യത്തിന്റെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുക,  ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ അംഗരാജ്യങ്ങളെയും സംഘടനകളെയും ഈ ദിനം ഉചിതമായ രീതിയിൽ അനുസ്മരിക്കാൻ യു.എൻ ക്ഷണിക്കുകയും ചെയ്തു. അടുത്ത തലമുറയെ ശാക്തീകരിക്കുക എന്നതായിരുന്നു ഈ വർഷത്തെ അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിന്റെ പ്രമേയം. ജനാധിപത്യം മുന്നോട്ട് കൊണ്ടുപോകുന്നതിലും അവരുടെ ലോകത്തിൽ അഗാധമായ സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളിൽ അവരുടെ ശബ്ദം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിലും യുവജനങ്ങളുടെ അവശ്യ പങ്കാളിത്തത്തിനാണ് പ്രമേയം ഊന്നൽ നൽകുന്നത്. എന്നാൽ നിർഭാഗ്യവശാൽ ഈ ദിനത്തിന് അർഹമായ പ്രാധാന്യം നൽകാൻ ലോകം തയാറായില്ല എന്നതാണ് യാഥാർത്ഥ്യം. 
ലോകം ഇന്നോളം പരീക്ഷിച്ച എല്ലാ സാമൂഹ്യ - രാഷ്ട്രീയ സംവിധാനങ്ങളിലും വെച്ച് താരതമ്യേന പുരോഗമനപരം എന്താണ് എന്ന ചോദ്യത്തിന്, എല്ലാ പരിമിതികൾക്കുള്ളിലും ഒരു പാട് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെങ്കിലും ജനാധിപത്യം തന്നെയാണ് എന്നു പറയാം. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭരണമാണല്ലോ ജനാധിപത്യം. അതു തന്നെയാണ് അതിനെ മറ്റു സംവിധാനങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നതും. പ്രജകളെ പൗരന്മാരാക്കി മാറ്റിയ ഒന്നാണ് ജനാധിപത്യം. മാത്രമല്ല, തത്വത്തിലെങ്കിലും ആർക്കും ഭരണാധികാരിയാകാൻ കഴിയുന്ന സംവിധാനവും മറ്റൊന്നില്ല. അടിമത്തം, ഫ്യൂഡലിസം, രാജഭരണം, മതരാഷ്ട്രം തുടങ്ങിയ പല രാഷ്ട്രീയ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനാധിപത്യമാണ് മികച്ചതെന്ന കാര്യത്തിൽ കാര്യമായി ആരും തർക്കിക്കുമെന്നു തോന്നുന്നില്ല. ആ സംവിധാനങ്ങളെല്ലാം പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്നതാണ്. ജനാധിപത്യത്തിലും അതിനുള്ള സാധ്യതകളുണ്ട്, നടക്കുന്നുമുണ്ട.് എങ്കിലും അതല്ല മുഖ്യ പ്രവണത. മറുവശത്ത് ജനാധിപത്യ സംവിധാനത്തിനു ശേഷം ഉടലെടുത്ത കമ്യൂണിസ്റ്റ് ഭരണമാണ് കൂടുതൽ മെച്ചം എന്നു വാദിക്കുന്നവർ കേരളത്തിലെങ്കിലും ധാരാളമുണ്ട്. എന്നാൽ അത്തരം രാഷ്ട്രങ്ങളുടെ ഉദയവും പതനവും പഠിച്ചാൽ കാണാനാകുക, ജനാധിപത്യാവകാശങ്ങൾ തടഞ്ഞതാണ് അവയുടെ പതനത്തിനു കാരണമെന്നാണ്. 
ഇപ്പോഴും നൂറോളം രാജ്യങ്ങളെ മാത്രമാണ് ജനാധിപത്യ രാഷ്ട്രങ്ങൾ എന്ന് വിളിക്കാനാവുക എന്നതാണ് യാഥാർത്ഥ്യം. അവയിൽ പലതിലും ജനാധിപത്യം വൻ വെല്ലുവിളികൾ നേരിടുകയുമാണ്. ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ ഹീറോകളായി മാറുന്ന സാഹചര്യങ്ങളാണ് പലയിടത്തും ഉരുത്തിരിയുന്നത്. ശക്തരായ ഭരണാധികാരികളുടെ നേതൃത്വത്തിൽ സുസ്ഥിര ഭരണം വേണമെന്നവശ്യപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന വാർത്തകൾ  പുറത്തു വരുന്നുണ്ട്. വിവിധ മാനദണ്ഡങ്ങളിലൂടെ ലോക രാഷ്ട്രങ്ങളിലെ ജനാധിപത്യത്തിന്റെ നിലവാരം എവിടെയെത്തി എന്ന പരിശോധനയാണ് ഈ ദിനാചരണത്തിന്റെ ഭാഗമായി നടക്കാറുള്ളത്.  അത്തരം പരിശോധനയിൽ തെളിയുന്നത് ജനാധിപത്യ സംവിധാനം ആഗോള തലത്തിൽ  വെല്ലുവിളികളെ നേരിടുന്നു എന്നു തന്നെയാണ്. 
ഈ വർഷം അന്താരാഷ്ട്ര ജനാധിപത്യ ദിനാചരണം ഏറ്റവും ശക്തമായി ആചരിക്കേണ്ടിയിരുന്നത് ഇന്ത്യയിലായിരുന്നു. ഇപ്പോൾ തന്നെ  ജനാധിപത്യ രാഷ്ട്രങ്ങളിൽ ഏറെക്കുറെ അവസാന നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. അതാകട്ടെ, അനുദിനം കൂടുതൽ കൂടുതൽ പിറകോട്ട് പോകുകയുമാണ്. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പോടെ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള പദ്ധതികളാണ് മുന്നോട്ടു പോകുന്നത് എന്ന ആശങ്ക ശക്തമായ കാലത്താണ് ഈ ദിനാചരണം കടന്നുപോയിരിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് നിർമിച്ച പുതിയ പാർലമെന്റ് മന്ദ്രിരത്തിന്റെ ഉദ്ഘാടന വേളയിൽ എന്തൊക്കെയാണ് ലോകം കണ്ടത്. ഇപ്പോഴിതാ, നടക്കാൻ പോകുന്ന പാർലമെന്റ് സമ്മേളനം തങ്ങളുടെ ലക്ഷ്യങ്ങൾ വെളിവാക്കുന്ന ഒന്നാക്കി മാറ്റാനാണ് സംഘപരിവാർ നീക്കമെന്നും വ്യക്തമാണ്. ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് മനുസ്മൃതിയെ അടിസ്ഥാനമാക്കി പുതിയ ഭരണഘടന തയാറാക്കിക്കഴിഞ്ഞു എന്ന വാർത്തയുമുണ്ടായിരുന്നു. ബഹുസ്വരതയെ സൂചിപ്പിക്കുന്ന ഇന്ത്യ എന്ന പേര് മാറ്റി ഏകത്വത്തെ സൂചിപ്പിക്കുന്ന ഭാരതം എന്ന പേർ കൊണ്ടുവരാൻ ശ്രമിക്കുന്നു. 
ജനാധിപത്യത്തിനും മതേതരത്വത്തിനും ആധുനിക കാലത്തിനും അനുയോജ്യമല്ലാത്ത സനാതന ധർമത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി പോലും രംഗത്ത് വരുന്നു. ഒറ്റ രാജ്യം, ഒറ്റ മതം, ഒറ്റ ഭാഷ, ഒറ്റ സംസ്‌കാരം, ഒറ്റ നികുതി എന്നിങ്ങനെ എല്ലാ വൈവിധ്യങ്ങളും ഇല്ലാതാക്കാനുള്ള നീക്കങ്ങളിൽ ഇപ്പോഴിതാ ഒറ്റ തെരഞ്ഞെടുപ്പു വരുന്നു. പിന്നാലെ ഒറ്റ സിവിൽ കോഡും ഒറ്റ പാർട്ടിയും ഒറ്റ നേതാവുമൊക്കെ വരാൻ പോകുന്നു. ഇതിനെല്ലാം ഊർജമായി ഇസ്‌ലാമോഫോബിയ ശക്തമാക്കുന്നു.
മറുവശത്ത് ജനാധിപത്യത്തിന്റെ അടിത്തറയായ പ്രതിപക്ഷ ബഹുമാനം ഒട്ടും തന്നെയില്ലാത്ത അവസ്ഥയിലാണ് ഭരണപക്ഷം. അഭിപ്രായ ഭിന്നതകളുള്ളവരെ ഭീകര നിയമങ്ങൾ ഉപയോഗിച്ച് തുറുങ്കിലടക്കുകയോ കൊന്നുകളയുകയോ ചെയ്യുന്നു. ഈ കുറിപ്പെഴുതുന്ന ദിവസം ഉമർ ഖാലിദ് എന്ന വിദ്യാർത്ഥി വിചാരണയോ ജാമ്യമോ ഇല്ലാതെ മൂന്ന് കൊല്ലം തികയ്ക്കുകയാണ്. ചരിത്രവും സിലബസുമൊക്കെ തിരുത്തുന്നു. എല്ലാ സ്ഥാപനങ്ങളും ജനാധിപത്യ വിരുദ്ധമായി കൈയടക്കുന്നു, ഒപ്പം പ്രതിപക്ഷം ഭരിക്കുന്ന നിയമസഭകളും. ഭീതിദമായ ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പോലും ഓർക്കാതെ അന്താരാഷ്ട്ര ജനാധിപത്യ ദിനം കടന്നുപോയത്. 
കേരളത്തിലേക്കു വന്നാലും ജനാധിപത്യ വിരുദ്ധമായ പ്രവണതകൾ ശക്തമാകുന്ന കാഴ്ചയാണ് കാണുന്നത്. അതിനും ആശയപരമായ ഒരു കാരണമുണ്ട്. ഒറ്റ മതരാഷ്ട്രം ലക്ഷ്യം വെക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നതെങ്കിൽ ഒറ്റ പാർട്ടി ഭരണം ലക്ഷ്യം വെക്കുന്നവരാണ് സംസ്ഥാനം ഭരിക്കുന്നത്. കേരള സമൂഹത്തിൽ ആശയപരമായ സ്വാധീനവും അവർക്കാണല്ലോ കമ്യൂണിസ്റ്റ് പാർട്ടികളുടെ ലക്ഷ്യവും മാർഗവും ഒരിക്കലും ജനാധിപത്യപരമല്ല. 
തമ്മിൽ ഭേദപ്പെട്ട ഭരണ സംവിധാനമാണ് ജനാധിപത്യമെന്നു പറയുമ്പോഴും അത് ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്.  അഴിമതിയും സ്വജപക്ഷപാതവും ക്രിമിനലിസവും ജനാധിപത്യത്തിനു ഉയർത്തുന്ന ഭീഷണി ചെറുതല്ല. ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരാകേണ്ട രാഷ്ട്രീയ പാർട്ടികളെയും വിവരാവകാശത്തിനു കീഴിൽ കൊണ്ടുവരണം. പാർട്ടികൾ ഏതു പ്രധാന തീരുമാനമെടുക്കുമ്പോഴും ജനങ്ങളോട് അഭിപ്രായം ചോദിക്കുന്ന സംവിധാനം വേണം. ആവശ്യമെങ്കിൽ ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള സംവിധാനം വേണം. ഇന്ത്യയെ സംബന്ധിച്ച് പ്രസക്തമായ മറ്റൊന്നാണ് അംബേദ്കറും മറ്റുമുന്നയിച്ച സാമൂഹ്യ ജനാധിപത്യം. ജനാധിപത്യത്തെ ഭരണകൂട രൂപം മാത്രമായി കാണാതെ ദൈനംദിന - സാമൂഹ്യ ജീവിതത്തിലും അതു സാധ്യമാകണം. ജനാധിപത്യ വിരുദ്ധമായ ജാതീയതയും മതാധിപത്യവും പുരുഷാധിപത്യവുമെല്ലാം നിലനിൽക്കുന്ന സമൂഹത്തിൽ ജനാധിപത്യം കൃത്യമായി പ്രവർത്തിക്കുമെന്നു കരുതാനാവില്ല. ഇത്തരത്തിൽ ജനാധിപത്യത്തെ കൂടുതൽ കരുത്തുള്ളതാക്കാനുള്ള സംവിധാനങ്ങളെ കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ സജീവമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതാണ് ഈ വർഷത്തെ ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി നാം മനസ്സിലാക്കേണ്ടത്. 

Latest News