Sorry, you need to enable JavaScript to visit this website.

ജീവനെടുക്കുന്ന ഓൺലൈൻ ചതിക്കുഴി

നിസ്സഹായാവസ്ഥയിലാണ് ആളുകൾ പണം കടം വാങ്ങുന്നത്. പലിശയോ മറ്റു ചരടുകളോ ഇല്ലാതെ മനുഷ്യർ പരസ്പരം സാമ്പത്തികമായി സഹായിച്ചിരുന്ന കാലമൊക്കെ എന്നോ ഇല്ലാതായി. ഇന്നത്തെ ആളുകളുടെ ആവശ്യങ്ങൾ ഇങ്ങനെയുള്ള ചെറു സംഖ്യ കൊണ്ട് തീർക്കാവുന്നവയുമല്ല. എല്ലാം വൻകിട ആവശ്യങ്ങളാണ്. 
സാമ്പത്തിക ആവശ്യങ്ങളുമായി നട്ടംതിരിയുന്ന ആളുകളിലേക്ക് പുതുതായി ഇറങ്ങി വന്നതാണ് ഓൺ ലൈൻ വായ്പ രീതി. ഇന്റർ നെറ്റിലെ ലോൺ ആപ്പിന്റെ ചൂണ്ടയിൽ കൊത്തുന്നവരിൽ നിന്ന് താമസ ലേശമില്ലാതെ എല്ലാ വിവരങ്ങളും ആപ്പുകൾ കൈയിലാക്കുന്നു. ആധാർ നമ്പർ കിട്ടുന്നതോടെ തന്നെ ഏതാണ്ട് എല്ലാ വിവരങ്ങളും ബന്ധപ്പെട്ടവർക്ക് കിട്ടും.  മൊബൈൽ ഫോൺ വഴി വിവരങ്ങളെല്ലാം കിട്ടുന്നതോടെ എത്രയും വേഗത്തിൽ വായ്പ അനുവദിച്ചു കിട്ടുന്നു. ആഹ്ലാദത്തിലാകുന്ന  ഉപഭോക്താവിന്റെ മനസ്സിൽ ആപ്പിനെക്കുറിച്ചുള്ള മതിപ്പ് വർധിക്കാൻ ഇതിടയാക്കും. മറ്റുള്ളവരിലേക്കും വിവരം കൈമാറുന്നതോടെ കൂടുതൽ പേർ സംവിധാനം ഉപയോഗപ്പെടുത്താൻ തുടങ്ങുന്നു.    
തിരിച്ചടവ് മുടങ്ങുന്നതോടെ ലോൺ അനുവദിച്ചവരുടെ മട്ട് മാറും.  അങ്ങനെ മട്ട് മാറിയതിന്റെ ഫലമായി കേരളത്തിൽ എത്രയോ പേർ പ്രതിസന്ധിയിൽ പെട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പല കാരണങ്ങളാൽ ആളുകൾ ഇതൊന്നും പുറത്ത് പറയാതിരിക്കുകയാണ്. വിഷയം സജീവ ശ്രദ്ധയിലേക്ക് വരാൻ കാരണം എറണാകുളം കടമക്കുടിയിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാക്കളായ  മാതാവും പിതാവും ജീവനൊടുക്കിയ ദാരുണ സംഭവമാണ്. 
 കടമക്കുടി മാടശ്ശേരി വീട്ടിൽ നിജോ (39), ഭാര്യ ശിൽപ (29), മക്കളായ ഏഴ് വയസ്സുകാരൻ എബൽ, അഞ്ച് വയസ്സുകാരൻ ആരോൺ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് മുകളിലത്തെ മുറിയിൽ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങിമരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. 
ഡിസൈൻ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയൽവാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി താഴത്തെ നിലയിൽ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചിട്ടും നിജോ വിളി കേട്ടില്ല. ഒടുവിൽ മുകളിലെത്തി മുറിയുടെ വാതിൽ തള്ളിത്തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നം കേരളം സജീവമായി ചർച്ച ചെയ്യാൻ ഈ മരണം കാരണമായി.  ലോൺ ആപ്പുകളെപ്പറ്റി 1440 ലധികം പരാതികളാണ് കഴിഞ്ഞ എട്ടര മാസത്തിനിടക്ക്  സൈബർ സെല്ലിൽ കിട്ടിയതെന്നാണ് കടമക്കുടി സംഭവത്തിന് ശേഷം പുറത്ത് വന്ന വിവരം. 24 കേസെടുത്തെങ്കിലും ചുരുക്കം കേസുകളിൽ മാത്രമാണ് പ്രതികളെ പിടികൂടിയത്. 
കടമക്കുടിയിലെ കുടുംബത്തിന്റെ ജീവിതം തകർത്ത സംഭവത്തിലെ ലോൺ  പറയത്തക്ക ഭീമമായ തുകയുടേതൊന്നുമായിരുന്നില്ല. ആശ്രയമില്ലാത്തവരായതിനാലാവാം   ആ കുടുംബത്തിന് തോറ്റു പോകേണ്ടി വന്നു. അവരുടെ ആത്മഹത്യാ കുറിപ്പിൽ ഇക്കാര്യം വ്യക്തമാണ്. 
തട്ടിപ്പുകൾ വർധിച്ചതോടെ രാജ്യത്ത് വായ്പ ആപ്പുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.   സുരക്ഷിതമല്ലാത്തതും നിയമ വിരുദ്ധവുമായ ആപ്പുകൾ അനുവദിക്കരുതെന്ന് ആപ്പിളിനും ഗൂഗിളിനും നിർദേശം നൽകിയെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്.  വായ്പ ആപ്പുകളെ നിയന്ത്രിക്കാൻ നിയമ നിർമാണം നടത്തും. 
'ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ഇന്ത്യക്കാർ ഉപയോഗിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ ഉണ്ട്. വായ്പ ലഭ്യമാക്കുന്ന ഒരു കൂട്ടം ആപ്ലിക്കേഷനുകൾ ട്രാക്ക് ചെയ്യുകയാണ്... സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകളോ നിയമ വിരുദ്ധമായ ആപ്ലിക്കേഷനുകളോ നൽകരുതെന്ന് ഗൂഗിളിനും ആപ്പിളിനും നിർദേശം നൽകിയിട്ടുണ്ട്' -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്റർനെറ്റ് സുരക്ഷിതവും  വിശ്വസനീയവുമായി നിലനിർത്തുക എന്നത് സർക്കാരിന്റെ  ലക്ഷ്യവും ദൗത്യവുമാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  വായ്പ ആപ്പുകളുടെ കാര്യത്തിൽ സുതാര്യത ഉണ്ടെന്ന് ഉറപ്പാക്കാൻ അനുമതി നൽകുന്നതിന് മുന്നോടിയായി ആർ.ബി.ഐയുമായി ബന്ധപ്പെടണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.  
ആറു മാസം മുൻപ് തന്നെ 128 ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ ആപ്പിളിനും ഗൂഗിളിനും നിർദേശം നൽകിയിരുന്നു. 
 ഓഗസ്റ്റിൽ റിസർവ് ബാങ്കും ഡിജിറ്റൽ വായ്പ സംബന്ധിച്ച നിയമങ്ങൾ അവതരിപ്പിച്ചതാണ്. നിയമ വിരുദ്ധമായ ഡിജിറ്റൽ വായ്പ പ്രവർത്തനങ്ങൾ തടയുന്നതിനും ബിസിനസ്  പെരുമാറ്റത്തിലും ഉപഭോക്തൃ സംരക്ഷണത്തിലും ഉള്ള ആശങ്കകൾക്കിടെയായിരുന്നു റിസർവ് ബാങ്ക് നടപടി.
കൊച്ചി കടമക്കുടിയിൽ ഓൺലൈൻ വായപ തട്ടിപ്പിന് ഇരയായി ദമ്പതികൾ കുടുംബത്തോടെ ആത്മഹത്യ ചെയ്തതിനു ശേഷവും കുടുംബത്തെ വായ്പ ആപ്പുകാർ വേട്ടയാടിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.  മരിച്ച യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചായിരുന്നു ഭീഷണിപ്പെടുത്തലും അപമാനിക്കലും. മൂന്ന് ഘട്ടങ്ങളായാണ് തട്ടിപ്പ് അരങ്ങേറുന്നതെന്നാണ് പോലീസിന് കിട്ടിയ വിവരം. 
ആദ്യ വിഭാഗം തങ്ങളുടെ അക്കൗണ്ട് തട്ടിപ്പുകാർക്ക് നൽകുന്നവരാണ്. രണ്ടാമത്തെ വിഭാഗം കാൾ സെന്റർ രീതിയിൽ പ്രവർത്തിക്കുന്നു. ഇവരാണ് ഇരയെ ഭീഷണിപ്പെടുത്തി കൊല്ലാക്കൊല ചെയ്യുന്നത്. ദയാശൂന്യമായ നിലയിൽ ഇരകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരാണ് മൂന്നാമത്തെ സംഘം. അവരുടെ ഒളിയിടങ്ങൾ വിദേശ രാജ്യങ്ങളിലായതിനാൽ പിടികൂടുക പ്രയാസകരം. ഇതൊരവസരമായി കണ്ടാണ് തട്ടിപ്പുകാരുടെ നീക്കം. 
തട്ടിപ്പ് ലോൺ ആപ്പുകളുടെ ബുദ്ധികേന്ദ്രങ്ങൾ ചൈനയും തായ് വാനുമാണെന്ന വിവരവും  പുറത്ത് വന്നിട്ടുണ്ട്.   കടം വാങ്ങിയവരെ  സമൂഹത്തിൽ അപമാനിക്കുക എന്നത് വായ്പ നൽകുന്നവർ കാലാകാലമായി സ്വീകരിച്ചു വരുന്ന രീതിയാണ്. മാനാപമാനങ്ങൾ നഷ്ടപ്പെട്ട അവസ്ഥയിലായവരെ  ഏത് രീതിയിലും കൈകാര്യം ചെയ്യാനാവും. ഗുണ്ടകളെ വിട്ട് വിരട്ടലൊക്കെ വരുന്നതോടെ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലേക്ക് ഇര മാറിയിരിക്കും.
 സംവിധാനങ്ങൾ ആധുനികമാകുന്നു എന്നല്ലാതെ ചൂഷണ വ്യവസ്ഥക്കോ, അതു നടപ്പാക്കുന്ന കണ്ണിൽ ചോരയില്ലാത്ത  ദുഷ്ട മനുഷ്യർക്കോ ഒരു  മാറ്റവുമില്ല. ഗുണ്ടയും സാമൂഹ്യ വിരുദ്ധനുമായ  വട്ടിപ്പലിശക്കാരന്റെ പരിഷ്‌കരിച്ച പതിപ്പുകൾ മാത്രമാണ്  തട്ടിപ്പിന്റെ കട തുറന്ന് കാത്തിരിക്കുന്ന ലോൺ ആപ് അടക്കമുള്ള   സംവിധാനങ്ങളും എന്നതാണ് ശരി.  ഒറ്റ ക്ലിക്കിനപ്പുറം പതിയിരിക്കുന്ന  ചതിയുടെ മഹാഗർത്തങ്ങളെക്കുറിച്ച്  മനസ്സിലാക്കിയില്ലെങ്കിൽ ആഴത്തിലേക്ക് വീണുപോകും.

Latest News