Sorry, you need to enable JavaScript to visit this website.

ഇടുക്കി അണക്കെട്ട് തുറന്നാല്‍ എന്തു സംഭവിക്കും? 

തൊടുപുഴ- ഇടുക്കി ജലസംഭരണിക്ക് മൂന്ന് അണക്കെട്ടുകളാണ് ഉള്ളത്. ഇതില്‍ ഏറ്റവും വലിയ അണക്കെട്ടാണ് ഇടുക്കി ആര്‍ച്ച് ഡാം. ചറു തോണി ഡാം, കുളമാവ് ഡാം എന്നിവയാണ് മറ്റുള്ളവ. ആര്‍ച്ച് ഡാമിന് ഷട്ടറുകളില്ല. ജലസംഭരണിയിലെ ജലനിരപ്പ് അപകടരമായി ഉയര്‍ന്നാല്‍ ചെറുതോണി ഡാം ആണ് തുറക്കുക. അഞ്ച് ഷട്ടറുകളാണ് ഈ ഡാമിനുള്ളത്. ഇതില്‍ രണ്ടെണ്ണം ആദ്യം തുറക്കും. ഈ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചെന്ന് ചേരും. ഇവിടെ നിന്നും വനമേഖലയിലൂടേയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ വെള്ളമെത്തും. വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ഈ അണക്കെട്ട് ഇപ്പോള്‍ തന്നെ തുറന്നാണിരിക്കുന്നത്. ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം ഇതുവഴി കടന്ന് കിലോമീറ്ററുകള്‍ ഒഴുകി ഭൂതത്താന്‍ അണക്കെട്ടിലാണ് പിന്നീട് എത്തുക. ചെറുതോണി അണക്കെട്ട് തുറക്കുന്നതിനു മുമ്പ് തന്നെ മുന്‍കരുതല്‍ നപടിയെന്നോണം ഭൂതത്താന്‍ അണക്കെട്ട് ഭാഗികമായി തുറന്നിരിക്കും. ഇതുവഴി വെള്ളം കാലടി വഴി ആലുവയിലെത്തും. ഏലൂര്‍ വ്യവസായ മേഖലയിലൂടെ ഒഴുകിയെത്തുന്ന ഈ വെള്ളം അവസാനം കൊച്ചി വേമ്പനാട്ട് കായലിലും അറബിക്കടലിലും ചേരും.

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമേറിയ ആര്‍ച്ച് ഡാമുകളിലൊന്നായ ഇടുക്കി ജലസംഭരണി 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തുറക്കാനിരിക്കുന്നത്. 2,403 അടി ഉയരം വരെയാണ് ജലസംഭരണിയുടെ പമാവധി ശേഷി. തിങ്കളാഴ്ച മൂന്നു മണി വരെയുള്ള കണക്കുകള്‍ പ്രകാരം ജലനിരപ്പ് 2,394.72 അടി വരെ എത്തിയിട്ടുണ്ട്. വെറും ആറു സെന്റീമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട്  (അതിജാഗ്രതാ) പ്രഖ്യാപിക്കും. ജലനിരപ്പ് 2,399 അടിയിലെത്തിയാല്‍ അപകട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ശേഷം 24 മണിക്കൂറിനുള്ളില്‍ അണക്കെട്ട് തുറക്കുന്ന പ്രക്രിയ ആരംഭിക്കും.

അതേസമയം ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ട്രയലിനായി തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെയും, ഡാമിലേക്കുള്ള നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലാണ് എടുക്കുന്നതെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഷട്ടറുകള്‍ ട്രയലിനായി തുറക്കുന്നതിന്റെ തീയതിയും, സമയവും മുന്‍കൂട്ടി നിശ്ചയിച്ച് എല്ലാ വിഭാഗം ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും നിലവില്‍ ഇത് സംബന്ധിച്ച യാതൊരു ആശങ്കകളുടെയും ആവശ്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാശ്യമായ എല്ലാവിധ നടപടികളും സംസ്ഥാന സര്‍ക്കാരും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാഭരണകൂടവും കൈക്കൊണ്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ യതാസമയം പൊതുജനങ്ങളെ അറിയിക്കുന്നതാണെന്നും കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇടുക്കി ഡാം
കുറിഞ്ഞി, കുറവന്‍ മലകളുടെ ഇടുക്കില്‍ വക്രാകൃതിയിലാണ് ഡാം സ്ഥിതിചെയ്യുന്നത്. മലമുകളിലെ ഈ അണക്കെട്ടില്‍ പെരിയാറിലെ വെള്ളമാണ് സംഭരിച്ചിരിക്കുന്നത്. പ്രധാന അണക്കെട്ടായ ആര്‍ച്ച് ഡാമിന് ഷട്ടറുകളില്ലാത്തതിനാല്‍ ഈ സംഭരണിയിലെ ചെറുതോണി, കുളമാവ് അണക്കെട്ടുകളില്‍ നിന്ന് വെള്ളം കെ.എസ്.ഇ.ബിയുടെ 780 മെഗാവാട്ട് ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഒഴുക്കി വിടുന്നു. 1993 ഒക്ടോബര്‍ 12-നാണ് അവസാനമായി ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ട് തുറന്നത്.
 

Latest News