കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര, കെ എസ് ആര്‍ ടി സിയുടെ ജനത സര്‍വീസ് ആരംഭിച്ചു

കൊല്ലം - കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര ഒരുക്കാന്‍ കെ എസ് ആര്‍ ടിസിയുടെ ജനത സര്‍വീസ് ഇന്നുമുതല്‍ ആരംഭിച്ചു. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. കൊല്ലം ഡിപ്പോയില്‍  മേയര്‍ പ്രസന്ന ഏണസ്റ്റ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. കെ എസ് ആര്‍ ടി സിയുടെ ലോഫ്ളോര്‍ ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസ് നടത്തുന്നത്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഫാസ്റ്റ് പാസഞ്ചറിനെക്കാള്‍ കുറച്ച് കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കുറഞ്ഞനിരക്കിലുമാണ് സര്‍വീസ് നടത്തുക. രാവിലെ 7.15 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിക്കാണ് സര്‍വീസ്. തിരിച്ച് 10ന് തിരിക്കുന്ന ബസുകള്‍ 12ന് കൊല്ലത്ത് എത്തും. ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തും. അഞ്ചു മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് രാത്രി 7.15ന് അവസാനിപ്പിക്കും.

 

Latest News