Sorry, you need to enable JavaScript to visit this website.

ബി.ജെ.പി വീണ്ടും വന്നാൽ ജനാധിപത്യം തകരും -പി.സി. ചാക്കോ

കാസർകോട്- ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്ന സാഹചര്യം ഉണ്ടായാൽ നാളിതുവരെയായി കാത്തുസൂക്ഷിച്ച ജനാധിപത്യ സമ്പ്രദായം അട്ടിമറിക്കപ്പെടുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. കാഞ്ഞങ്ങാട് സൂര്യവംശം ഓഡിറ്റോറിയത്തിൽ  എൻ.സി.പി കാസർകോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ഇന്ത്യയെ വെട്ടി മാറ്റി ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർ.എസ്.എസിന്റെ കാഴ്ചപ്പാട് നടപ്പിലാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. 2024 ൽ വീണ്ടും ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇന്ത്യയെ മത രാഷ്ട്രം ആക്കി മാറ്റും. അത് ചെറുക്കാനുള്ള ഉത്തരവാദിത്തം മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിർവഹിക്കണം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം വേണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത്  എൻ.സി.പിയും അതിന്റെ ദേശീയ പ്രസിഡന്റ് ശരത് പവാറുമാണ്. അഴിമതി മൂടിവെക്കാൻ മഹാരാഷ്ട്രയിൽ ഒരു വിഭാഗം ബി.ജെ.പിയുടെ കൂടെ പോയത് കൊണ്ട് എൻ.സി.പിയിൽ യാതൊരു പ്രതിസന്ധിയും ഇല്ല. രാജ്യത്തെ 26 സംസ്ഥാനങ്ങളിൽ 23 സംസ്ഥാനങ്ങളിലെ എൻ.സി.പി കമ്മിറ്റിയും ശരത് പവാറിന്റെ കൂടെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് തീരുമാനിച്ചാലും നീതി തേടി പാർട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും പി.സി. ചാക്കോ പറഞ്ഞു. കൺവെൻഷനിൽ എൽ.സി.പി ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബു, ട്രഷറർ പി.കെ. കുഞ്ഞുമോൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രവീന്ദ്രൻ, സെക്രട്ടറി സി. ബാലൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം അഡ്വ. സി.വി. ദാമോദരൻ, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്  സി.ആർ. സജിത്ത്,
നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അനിത കുന്നത്ത്, എൻ.എസ്.സി സംസ്ഥാന പ്രസിഡന്റ് അരുൺ സത്യനാഥൻ, പി. സി. സനൂപ്, ജില്ലാ ഭാരവാഹികളായ ടി. ദേവദാസ്, രാജു കൊയ്യൻ, ബെന്നി നാഗമറ്റം, സുകുമാരൻ ഉദിനൂർ, എ.ടി. വിജയൻ, സുബൈർ പടുപ്പ്, സിദ്ധിഖ് കൈകമ്പ, ഒ.കെ. ബാലകൃഷ്ണൻ, അശോകൻ, ദാമോദരൻ ബെള്ളിഗെ, സീനത്ത് സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി. നാരായണൻ സ്വാഗതം പറഞ്ഞു. വിവിധ മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന നിരവധി പേരെ കൺവെൻഷനിൽ ഉപഹാരം നൽകി ആദരിച്ചു.

Latest News