Sorry, you need to enable JavaScript to visit this website.

വിമതർക്ക് സംഘടനയുമായി ബന്ധമില്ല - സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

റിയാദ് - സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നിന്ന് സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയവരും മെമ്പർഷിപ്പ് എടുക്കാതെ മാറി നിന്നവരും നേരത്തെ രാജി വെച്ചവരുമാണ് പുതിയ തട്ടിക്കൂട്ട് കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നതെന്നും മാതൃ സംഘടന ഏതെന്ന് പോലും ഇവർക്ക് അറിയില്ലെന്നും സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.  കെ.എൻ.എം മാർക്കസുദ്ദഅ്‌വയുടെ കീഴ്ഘടകമായ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ഔദ്യോഗിക കമ്മിറ്റി നിലവിലുള്ളപ്പോൾ മെമ്പർമാരിൽ 25ശതമാനത്തിന്റെ പോലും പിന്തുണ ഇല്ലാതെയാണ് വിമതർ പുതിയ കമ്മിറ്റി രൂപീകരിച്ച് പത്ര പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്. 
2002ൽ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളർപ്പിന് ശേഷം കോഴിക്കോട് മാർക്കസുദ്ദഅ്‌വ കേന്ദ്രമായി പ്രവർത്തിച്ചു വന്ന കെ.എൻ.എമ്മിന്റെ പ്രവാസ ഘടകമാണ് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ. 2016 ഡിസംബറിലുണ്ടായ മുജാഹിദ് ഐക്യത്തിന് ശേഷം (കെ.എൻ.എം സിഡി ടവറും കെ.എൻ.എം മർകസുദ്ദഅവയും) റിയാദിലും ഇരു വിഭാഗത്തിന്റേയും ഇസ്ലാഹി സെന്ററുകളുടെ ഏകീകരണത്തിനു വേണ്ടി ചർച്ചകൾ നടത്തിയെങ്കിലും സംഘടനാപരവും ആദർശപരവുമായ കാരണങ്ങളാൽ  ഐക്യം സാധ്യമല്ലാതാവുകയായിരുന്നു. പിന്നീട് നാട്ടിൽ നിന്ന് വന്ന കെ.എൻ.എം ഭാരവാഹികൾ ഇരു സെന്റർ ഭാരവാഹികളോടും ചർച്ച നടത്തിയിട്ടും ഐക്യം സാധ്യമാകാത്തതിനെ തുടർന്ന് ഇരു സെന്ററുകളും മുൻ കാലങ്ങളിൽ പ്രവർത്തിച്ച പോലെ തുടർന്നും പ്രവർത്തിക്കുവാനും സഹകരിക്കാവുന്ന മേഖലകളിൽ സഹകരിക്കുവാനും തീരുമാനിച്ചു. സഊദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദിന്റെ ജനറൽ ബോഡിയും ഐക്യകണ്‌ഠേന എടുത്ത തീരുമാനവും ഇത് തന്നെയായിരുന്നു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ ബോഡി തീരുമാനത്തെ അട്ടിമറിച്ചു അന്നത്തെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഭാരവാഹികൾ സെന്ററിനെ ഒരു പക്ഷത്തേക്ക് കൊണ്ടു പോകുവാനുള്ള കുത്സിത പ്രവർത്തനങ്ങൾ ശക്തമായി നടത്തുകയും സംഘടനയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയും ചെയ്തു. ഈ സമയത്താണ് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിൻ പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് റിയാദിലും മെമ്പർഷിപ് കാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. 
പക്ഷേ കഴിഞ്ഞ കമ്മിറ്റി ഭാരവാഹികളും മുൻ പ്രസിഡന്റിന്റെ  കൂടെ വിമത പ്രവർത്തനങ്ങളിൽ പങ്കാളികളായ റഷീദ് വടക്കൻ (ട്രഷറർ), നൗഷാദ് മടവൂർ (ജോയിന്റ് സെക്രട്ടറി) എന്നിവരും മെമ്പർഷിപ്പ് എടുക്കാതിരിക്കുകയും മുജീബലി ഉൾക്കൊള്ളുന്ന റൗദ യൂണിറ്റിൽ മെമ്പർഷിപ്പ് കാമ്പയിൻ പോലും നടത്താതിരിക്കുകയും  ചെയ്ത് സെന്ററിനെ തകർക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി. മെമ്പർഷിപ്പ് കാമ്പയിൻ അവസാനിക്കുകയും തുടർന്ന് ന്യൂ സനയ്യ, അസീസിയ, ബത്ഹ, മലസ് യൂണിറ്റുകളും അതിനു ശേഷം സെൻട്രൽ കമ്മിറ്റിയും പൂർണ്ണമായും ജനാധിപത്യ രീതിയിൽ നിലവിൽ വരികയും ചെയ്തു. ജനറൽ ബോഡി മുജീബലിയെ വൈസ് പ്രസിഡന്റായും സാജിദ് കൊച്ചിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തെങ്കിലും അവർ സ്ഥാനം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ കമ്മിറ്റിക്കെതിരായി പ്രസ്താവന ഇറക്കിയ നാഷണൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി കൂടി ഉൾപ്പെട്ട തെരഞ്ഞെടുപ്പ് സമിതിയുടെ മേൽനോട്ടത്തിൽ പൂർണമായും അവരുടെ നിർദ്ദേശങ്ങൾ പാലിച്ചു നടത്തിയ തെരഞ്ഞെടുപ്പ് നാഷണൽ കമ്മിറ്റി അംഗീകരിച്ചതുമാണ്. തെരഞ്ഞടുപ്പിനെ കുറിച്ച് ഒരു പരാതിയും ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റിക്ക് ആരും നൽകിയിട്ടുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിയായ മുജീബ് അബ്ദുൽ ഗഫൂർ ഇപ്പോൾ വിമത വിഭാഗം രൂപീകരിച്ച കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറി സ്ഥാനം കൂടി ഏറ്റെടുത്തിട്ടുണ്ട്. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിനെതിരായ പ്രവർത്തനങ്ങൾ എല്ലാ പരിധിയും ലംഘിക്കുന്ന അവസ്ഥ ഉണ്ടായപ്പോൾ സെന്റർ ജനറൽ ബോഡി ജൂലൈ 13 നു  ചേരുകയും  സെന്റർ നേരത്തെയുള്ളത് പോലെ തന്നെ മുന്നോട്ട് പോകുമെന്നും തുടർച്ചയായി സംഘടന വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മുജീബലി തൊടികപുലത്തെയും അബ്ദുൽ മജീദിനേയും സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിനെ ഐക്യ വിരുദ്ധർ എന്നാക്ഷേപിച്ചു ഐക്യത്തിന് ആഹ്വാനം ചെയ്തവർ സിഡി ടവർ സെന്ററുമായി ലയിക്കാതെ തട്ടികൂട്ട് കമ്മിറ്റി ഉണ്ടാക്കി വ്യാജ പ്രസ്താവനയുമായി രംഗത്തു വന്നതിൽ നിന്ന് തന്നെ അവർ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലെ വൈരുദ്ധ്യം വ്യക്തമാണെന്നും ഇവർ വ്യക്തമാക്കി. വസ്തുതകൾ ഇതാണെന്നിരിക്കെ റിയാദിലെ പൊതു സമൂഹത്തിന് മുന്നിൽ വ്യാജ പ്രസ്താവനകളുമായി വരുന്നവരുടെ അജണ്ടകൾ പൊതു സമൂഹം മനസ്സിലാക്കണമെന്നും നാട്ടിൽ ആദർശ ബന്ധിതവും നീതിയുക്തവുമായ ഐക്യം ഉണ്ടായാൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കൗൺസിൽ തീരുമാനം അനുസരിച്ചു മുന്നോട്ട് പോകുമെന്നും പൊതു വിഷയങ്ങളിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ അടക്കമുള്ള സംഘടനകളുമായി യോജിച്ചു മുന്നോട്ട് പോകുമെന്നും ഇവർ പറഞ്ഞു. എന്നാൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ വിമതർക്ക് പിന്തുണ നൽകി രംഗം വഷളാക്കുന്നതായും അവർക്ക് ഒത്താശ നൽകുന്നതായും ചോദ്യങ്ങൾക്ക് മറുവടിയായി അവർ പറഞ്ഞു.  വിശുദ്ധ ഖുർആൻ മുഴുവൻ ഏഴു വർഷം കൊണ്ട് പഠിച്ചു തീർക്കാൻ സാധിക്കുന്ന രൂപത്തിൽ നാട്ടിലും വിദേശ രാജ്യങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന വെളിച്ചം ഖുർആൻ പഠന പദ്ധതി റിയാദിൽ ഒക്ടോബറിലും ഒരു വർഷം നീണ്ടു നിൽക്കുന്ന ഹദീസ് പഠന പദ്ധതി ആഗസ്റ്റ് പത്തു മുതലും ആരംഭിക്കുമെന്നും ഇവർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിറാജ് തയ്യിൽ (പ്രസിഡന്റ്), ഷാജഹാൻ ചളവറ (ജനറൽ സെക്രട്ടറി ), സാജിദ് പാലത്ത് (ട്രഷറർ ), ഷഫീഖ് കൂടാളി (ജോയിന്റ് സെക്രട്ടറിമാർ), അബ്ദുൽ ഹമീദ് മടവൂർ (ഉപദേശക സെമിതി അംഗം ), ഐ.എം.കെ അഹമ്മദ്, ശംസുദ്ദീൻ മദനി എന്നിവർ സംബന്ധിച്ചു.
 

Latest News