ന്യൂഡൽഹി - നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനെ താഴെ ഇറക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മായ 'ഇന്ത്യ' സഖ്യത്തിന്റെ ഏകോപന സമിതിയിൽ സി.പി.എം പ്രതിനിധി ഉണ്ടാകില്ല. രണ്ടുദിവസമായി രാജ്യതലസ്ഥാനത്ത് നടക്കുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ ഇത്തരമൊരു തീരുമാനം എടുത്തതായാണ് വിവരം. എന്നാൽ, സഖ്യവുമായി പാർട്ടി സഹകരണം തുടരുമെന്ന് സി.പി.എം നേതൃത്വം പറയുന്നു.
ഈയിടെ മുംബൈയിൽ ചേർന്ന ഇന്ത്യ സഖ്യത്തിന്റെ മൂന്നാമത് നേതൃയോഗത്തിൽ 14 അംഗ ഏകോപന സമിതിയെ തെരഞ്ഞെടുക്കുകയും അതിൽ സി.പി.എം പ്രതിനിധിയുടെ പേര് പിന്നീട് പറയാമെന്നുമുള്ള ധാരണയിൽ പിരിയുകയുമായിരുന്നു. സി.പി.ഐ പ്രതിനിധി പോലും ഏകോപന സമിതിയിൽ ഉണ്ടായിട്ടും സി.പി.എം പ്രതിനിധി എവിടെപ്പോയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പ്രതിനിധിയെ സി.പി.എം കേന്ദ്ര നേതൃത്വം പിന്നീട് അറിയിക്കുമെന്നായിരുന്നു ഇന്ത്യ മുന്നണിയുടെ നേതാക്കൾ പ്രതികരിച്ചിരുന്നത്.
കെ സി വേണുഗോപാൽ (കോൺഗ്രസ്), ശരത് പവാർ (എൻ.സി.പി), ടി ആർ ബാലു (ഡി.എം.കെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആർ.ജെ.ഡി), അഭിഷേക് ബാനർജി (തൃണമൂൽ കോൺഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാർട്ടി), ജാവേദ് അലി ഖാൻ (സമാജവാദി പാർട്ടി), ലലൻ സിംഗ് (ജെ.ഡി.യു), ഹേമന്ദ് സോറൻ (ജെ.എം.എം), ഡി രാജ (സി.പി.ഐ), ഒമർ അബ്ദുല്ല (നാഷണൽ കോൺഫറൻസ്), മെഹ്ബൂബ മുഫ്തി (പി.ഡി.പി) എന്നിവരാണ് ഏകോപന സമിതിയിലുള്ളത്.