ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കാൻ ഒരുക്കം തുടങ്ങി
റിയാദ്- ബിഗ് ടൈം എന്ന ബാനറിൽ നാലാമത് റിയാദ് സീസൺ ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കാൻ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി. ഒക്ടോബർ 28ന് ലോകം ഇന്നേവരെ കാണാത്ത അത്ഭുതങ്ങളുമായാണ് ഈ വർഷത്തെ റിയാദ് സീസണിന് തിരശ്ശീല ഉയരുകയെന്ന് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് വ്യക്തമാക്കി. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ ടൈസൺ ഫ്യൂറിയും മുൻ യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യൻ ഫ്രാൻസിസ് അംഗാനോയും പങ്കെടുക്കുന്ന ഏറ്റവും വലിയ ബോക്‌സിംഗ് പോരാട്ടത്തിന് അന്ന് റിയാദ് സാക്ഷിയാവും. പ്രാദേശിക, ആഗോള തലങ്ങളിൽ വിനോദം, കായികം, സംസ്‌കാരം എന്നിവയുടെ ഉറവിടമെന്ന നിലയിൽ റിയാദ് നഗരത്തിന് ഉജ്വല സ്ഥാനം കൈവരുന്ന നിമിഷം കൂടിയായിരിക്കുമത്.
70 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ടായിരത്തോളം ദേശീയ അന്തർദേശീയ വിനോദ കമ്പനികൾ അണിനിരക്കുന്ന നാലാമത് റിയാദ് സീസണിൽ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പുതിയ ഫീച്ചറുകളുള്ള അപ്‌ഗ്രേഡ് ചെയ്ത വെബ്‌സൈറ്റും അതുല്യ സവിശേഷതകളുള്ള ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമും ഉണ്ടായിരിക്കും. രണ്ട് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കിയ രണ്ട് ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഒരേസമയം നാൽപതിനായിരം സന്ദർശകരെ ഉൾകൊള്ളാൻ കഴിയുന്ന ബൊളവാഡ് ഹാൾ ഈ സീസണിൽ ഉദ്ഘാടനം ചെയ്യും. ഇവിടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
മൂന്നു വിനോദ കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുമ്പോൾ മറ്റെല്ലാ വേദികളിലേക്കും ടിക്കറ്റെടുത്ത് പ്രവേശിക്കണം. ഡിസ്‌നി കാസിൽ, കൊക്കോ മെലോൺ വേൾഡ്, ബാർബി വേൾഡ്, ട്രഷർ ഹണ്ട് മത്സരം, ഡബ്ലിയു ഡബ്ലിയു ഇ വേൾഡ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിനും റിയാദ് സീസൺ പദ്ധതി തയ്യാറാക്കുന്നുണ്ട്. ലോക പാഡൽ കപ്പിനും ലോക ടെന്നീസ് ചാമ്പ്യൻഷിപ്പിനും പുറമെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അവാർഡ് ചടങ്ങും സംഘടിപ്പിക്കും.
അന്താരാഷ്ട്ര പരിപാടികൾക്കായി ബുളവാഡ് സിറ്റിയിൽ നവീകരണങ്ങൾ നടപ്പാക്കിവരുന്നു. ഇവിടെ ഫുട്‌ബോൾ ലജന്റ് മ്യൂസിയം ഒരുങ്ങുന്നു. ഫുട്‌ബോൾ ഇതിഹാസങ്ങളുടെ ആദ്യത്തേതും ഏറ്റവും വലുതുമായ മ്യൂസിയം ആണിത്. ഫുട്‌ബോളുമായി ബന്ധപ്പെട്ട 30000ത്തിലധികം അപൂർവ ശേഖരങ്ങൾ ഇവിടെയുണ്ടാവും.
ലോകോത്തര കലാകാരന്മാർ പുറമെ 1180 വ്യാപാര സ്ഥാപനങ്ങളും 120 കോഫി ഷോപ്പുകളും റിയാദ് സീസണിന്റെ ഭാഗമായി റിയാദിലെത്തും. അതിന് പുറമെ മുറബ്ബയിൽ പുതിയ അന്താരാഷ്ട്ര ബ്രാന്റ് റസ്‌റ്റോറന്റുകളും കോഫിഷോപ്പുകളും തുറക്കും. റിയാദിന്റെ വടക്ക് വിന്റർ ഗാർഡൻ എന്ന് പേരുള്ള പുതിയ വേദി കൂടി ഈ വർഷമുണ്ടാവും. യക്ഷിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലിറ്റിൽ ക്രേസി, ഹ്വാനിം ഗ്രോവ്‌സ് സിറ്റി തുടങ്ങിയ പുതിയ അനുഭവങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.