കാട്ടുപന്നിക്കൂട്ടം കോഴിഫാമിലെ 350 ഓളം കോഴികളെ കടിച്ചു കൊന്നു

ഭീമനടി- കാട്ടുപന്നിക്കൂട്ടം കോഴിഫാമിലെ 350 ഓളം കോഴികളെ കടിച്ചു കൊന്നു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട അൻപത്തിയാറ്തട്ട് ഉദയപുരത്തെ പെരക്കോണിൽ ജോസിൻ്റെ കോഴികളെയാണ് കാട്ടുപന്നികൾ കടിച്ചു കൊന്നത്. 350 ഓളം കോഴികളെ കൊന്നതായി ജോസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോഴിഫാമിൻ്റെ പ്ലാസ്റ്റിക് ഗ്രിൽ തകർത്താണ് കാട്ടുപന്നികൾ അകത്ത് കയറിയത്. ചത്തു കിടന്ന 350 കോഴികളെ അയൽക്കാരായ യുവാക്കളുടെ സഹായത്തോടെ കുഴിച്ചുമൂടി. പരിക്കേറ്റവ ഫാമിൽ വേറെയുമുണ്ട്. സമീപത്തെ ചൂരപ്പൊയ്കയിൽ മാത്യുവിൻ്റെ കപ്പ, ചേന എന്നിവയും കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു. രാത്രിയാകുന്നതോടെ കാട്ടുപന്നികൾ കൂട്ടമായി കൃഷിയിടത്തിലേയ്ക്കിറങ്ങുന്നത് നിസഹായതയോടെ നോക്കി നിൽക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ. കൃഷികൾ നശിപ്പിക്കുന്നത് പതിവാണെങ്കിലും കോഴികളെ കൊല്ലുന്നത് ആദ്യ സംഭവമാണ്. കമ്മാടം കാവിൽ നിന്നും ചട്ടമല ഫോറസ്റ്റിൽ നിന്നുമാണ് കാട്ടുപന്നികൾ കൃഷിയിടത്തിൽ ഇറങ്ങുന്നതെന്ന് കർഷകർ പറയുന്നു.

Latest News