Sorry, you need to enable JavaScript to visit this website.

'വവ്വാലുകളെ പേടിപ്പിച്ചാൽ വൈറസിന്റെ തോത് കൂടും'; നിപയിൽ മുന്നറിയിപ്പുമായി വിദഗ്ധർ

കോഴിക്കോട് - വവ്വാലുകൾ സസ്തനി വിഭാഗത്തിലുള്ള വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് പ്രധാനമെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ. 
 നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, ചാവുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളിൽ ചേക്കേറുന്നവയുമാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ സമ്മർദ്ദം മൂലം ശരീരത്തിലുള്ള വൈറസിന്റെ തോത് കൂടാനും അത് ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറം തള്ളാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. 
 കിണറുകളിലും ഗുഹകളിലും ആൾതാമസം കുറവുള്ള കെട്ടിടങ്ങളിലും പാലങ്ങളുടെ ചുവട്ടിലും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറു പ്രാണികളെയും പല്ലികളെയും കഴിക്കുന്ന മറ്റിനം വവ്വാലുകൾ/നരിച്ചീറുകൾ ആണ്. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേർന്നു ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാമെന്നും വിദഗ്ധർ പറയുന്നു. വവ്വാലുകളെ പേടിപ്പിക്കലല്ല നിപക്കുള്ള പരിഹാരമെന്നും ജാഗ്രതയോടെയുള്ള സമീപനമാണെന്നും അധികൃതർ വ്യക്തമാക്കി.
 

Latest News