Sorry, you need to enable JavaScript to visit this website.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ  ലൈംഗിക ചേഷ്ട; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ആറുകാണി അണമുഖം സ്വദേശി സനു രാജന്‍ (30) ആണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയില്‍ ഓട്ടം എടുക്കാന്‍ പോയി മടങ്ങവെ വീരണകാവിന് സമീപമാണ് സംഭവം. ഒറ്റയ്ക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തെത്തിയ പ്രതി പെണ്‍കുട്ടിയോട് ഓട്ടോയില്‍ കയറാന്‍ ആവശ്യപ്പെടുകയും പെണ്‍കുട്ടി വിസമ്മതിച്ചപ്പോള്‍ ലൈംഗിക ചേഷ്ടകള്‍ കാട്ടി പിന്നാലെ പോവുകയുമായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടി ഓടി ബന്ധുവിന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ വിവരം അറിയിക്കുകയും അച്ഛന്‍ സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വാഹനത്തെയും പ്രതിയെയും കണ്ടെത്താന്‍ കഴിഞ്ഞത്. വട്ടപ്പാറ രജിസ്‌ട്രേഷനില്‍ ഉള്ളതാണ് ഓട്ടോ എന്ന് തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായകമായത് എന്ന് പോലീസ് വ്യക്തമാക്കി.

Latest News