Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് എതിരെ ഐക്യത്തോടെ പോരാടുക-സോണിയ ഗാന്ധി

ന്യൂദൽഹി-ബി.ജെപിക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യ മുന്നണിക്കൊപ്പം പാർട്ടി പ്രവർത്തകർ ഐക്യത്തോടെ ഒന്നിച്ചു നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. 28 അംഗ പ്രതിപക്ഷ മുന്നണിയിൽ പ്രവർത്തകർ അണിനിരക്കണമെന്നും ഹൈദരാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു. പുനഃസംഘടനയ്ക്കു ശേഷം ചേർന്ന കോൺഗ്രസിന്റെ ആദ്യ പ്രവർത്തക സമിതി യോഗമാണിത്. ചില സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിടൽ വലിയ തോതിൽ വിജയിച്ചെങ്കിലും, ബംഗാൾ, ദൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ തടസ്സം നേരിടേണ്ടിവരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സോണിയയുടെ പരാമർശം. 
അതേസമയം, ഗുരുതരമായ ആഭ്യന്തര വെല്ലുവിളികൾ രാജ്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. പുരോഗമനപരവും മതേതര സ്വഭാവവുമുള്ള രാജ്യത്തിന്റെ പ്രതിച്ഛായക്കു മങ്ങലേൽപ്പിക്കുന്നതാണ് ഈയിടെ നടക്കുന്ന അക്രമ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. എരിതീയിൽ എണ്ണ ഒഴിക്കുന്ന പണിയാണ് ബി.ജെ.പി ചെയ്യുന്നത്. മോഡി സർക്കാർ വൻ പരാജയമാണ്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, മണിപ്പൂർ അക്രമം, കർഷകരുടെയും തൊഴിലാളികളുടെയും മോശം അവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരുന്നു വിലയിരുത്തൽ. മണിപ്പുരിലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ രാജ്യം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്. മണിപ്പുരിൽ കത്തുന്ന തീ ഹരിയാനയിലെ നൂഹിലേക്ക് പടരാൻ മോഡി സർക്കാർ അനുവദിച്ചു. ആധുനികവും പുരോഗമനപരവും മതേതരവുമായ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുന്നതാണ് ഈ സംഭവങ്ങൾ. ബി.ജെ.പിയും വർഗീയ സംഘടനകളും ചില മാധ്യമങ്ങളും എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്നും ഖർഗെ കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണിയിലെ 28 പാർട്ടികളും അടിസ്ഥാന പ്രശ്‌നങ്ങളിൽ  യോജിച്ച് നിൽക്കുമെന്ന് ഖർഗെ പറഞ്ഞു. വിജയകരമായ മൂന്നു യോഗങ്ങൾക്കുശേഷം ജനാധിപത്യവിരുദ്ധമായ ബി.ജെ.പി സർക്കാരിനെതിരെ പോരാടാൻ മുന്നണി മുന്നോട്ടു കുതിക്കുകയാണെന്നും ഖർഗെ പറഞ്ഞു.
 

Latest News