Sorry, you need to enable JavaScript to visit this website.

ദല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് ലൈന്‍ വേഗം കൂട്ടുന്നു, 120 കി.മീ വരെ

ന്യൂദല്‍ഹി- ഞായറാഴ്ച മുതല്‍ ദല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് ലൈനില്‍ ട്രെയിനുകള്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ ഇടനാഴിയിലെ ട്രെയിനുകളുടെ വേഗം ക്രമാനുഗതമായി 90 കി.മീ മുതല്‍ 120 കി.മീ വരെ വര്‍ധിപ്പിച്ചത് ഡിഎംആര്‍സിയുടെ വലിയ നേട്ടമാണ്. എന്‍ജിനീയര്‍മാര്‍ മറ്റ് നിരവധി സര്‍ക്കാര്‍ ഏജന്‍സികളുമായും  വിദഗ്ധരുമായും കൂടിയാലോചിച്ച് കൃത്യമായ ആസൂത്രണവും സമയബന്ധിതമായ നടപ്പാക്കലും വഴിയാണ് ഇത് സാധ്യമാക്കിയത്.

സെപ്റ്റംബര്‍ 17 മുതല്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈന്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ഡിഎംആര്‍സി പ്രസ്താവനയില്‍ പറഞ്ഞു.

ദ്വാരകയില്‍ യശോഭൂമി എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററിന്റെ (ഐഐസിസി) ആദ്യഘട്ടവും ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈന്‍ ദ്വാരക സെക്ടര്‍ 21ല്‍ നിന്ന് ദ്വാരക സെക്ടര്‍ 25ലെ പുതിയ മെട്രോ സ്‌റ്റേഷനിലേക്ക് നീട്ടുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.

എയര്‍പോര്‍ട്ട് ലൈനിന്റെ വിപുലീകരണ ഉദ്ഘാടനത്തിന് ശേഷം വര്‍ധിപ്പിച്ച വേഗം ഈ പാതയില്‍ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്ന് ശനിയാഴ്ച വൃത്തങ്ങള്‍ അറിയിച്ചു.

നിലവിലെ പ്രവര്‍ത്തനക്ഷമമായ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈന്‍ ന്യൂദല്‍ഹി മെട്രോ സ്‌റ്റേഷനില്‍നിന്ന് ദ്വാരക സെക്ടര്‍ 21 സ്‌റ്റേഷന്‍ വരെയാണ്.

 

Latest News