ഏഴായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കൊച്ചി- പെരുമ്പാവൂര്‍ പട്ടണത്തിലും പരിസരങ്ങളിലും പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴായിരത്തോളം പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് പതിനേഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 

ബസ്സ്റ്റാന്റുകള്‍, ബാറുകള്‍, ലോഡ്ജുകള്‍, അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍, ഇടവഴികള്‍, വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു റെയ്ഡ് നടത്തിയത്. ഡോഗ് സ്‌ക്വാഡും പരിശോധനക്കുണ്ടായിരുന്നു. 

രഹസ്യമായി വില്‍ക്കാന്‍ വച്ച പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇവിടേയ്ക്ക് എത്തുന്നത്. ഡി. വൈ.എ സ്. പി പി. പി ഷംസ്, ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. രഞ്ജിത്ത്, എം. മനോജ്, ജിജിന്‍. ജി ചാക്കോ, എസ്. ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News