അസമില്‍ 40 ലക്ഷത്തോളം പേര്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്

ബംഗാളി മുസ്ലിം മേഖലയില്‍ ആശങ്ക

ഗുവാഹത്തി- ബംഗ്ലദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ പുറത്താക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസന്‍സ് (എന്‍.ആര്‍.സി) അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. തങ്ങളുടെ പൗരത്വം സ്ഥിരീകരിക്കാന്‍ 3.29 കോടി ആളുകളാണ് എന്‍.ആര്‍.സിയില്‍ അപേക്ഷിച്ചിരുന്നത്. ഇവരില്‍ 2.9 കോടി പേര്‍ക്കു മാത്രമാണ് ഇന്ത്യന്‍ പൗരത്വം ഉറപ്പായത്. 40 ലക്ഷത്തോളം പേര്‍ പൗരത്വ രജിസ്റ്ററില്‍ നിന്നു പുറത്തായെന്ന്  രജിസ്ട്രാര്‍ ജനറല്‍ സൈലേഷ് അറിയിച്ചു. വടക്കു കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയം സെക്രട്ടറി സത്യേന്ദ്ര ഗാര്‍ഗും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി തിങ്കളാഴ്ച അസമില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബംഗാളി മുസ്ലിം ജനസംഖ്യ ഏറെയുള്ള ഏഴു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്.

ഇതു രണ്ടാമത്തെ പൗരത്വ പട്ടികയാണ്. നേരത്തെ 2017 ഡിസംബര്‍ 31-ന് ആദ്യ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ്3.29 അപേക്ഷകരില്‍ 1.9 കോടി പേരുകളാണ് ആദ്യ പട്ടികയില്‍ നിന്ന് പുറത്തായിരുന്നത്. എന്നാല്‍ ഇവരില്‍ 70 ലക്ഷത്തോളം പേര്‍ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിച്ച് പൗരത്വം സ്ഥിരീകരിച്ചുവെന്നാണ് ഇന്ന് പുറത്തു വിട്ട റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഇപ്പോള്‍ 40 ലക്ഷത്തോളം പേരാണ് പുറത്തുള്ളത്. ഇവര്‍ക്ക് പൗരത്വം ശരിയാക്കാന്‍ ആവശ്യമായ സമയം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉറപ്പു നല്‍കിയിട്ടുണ്ട്.
 

Latest News