Sorry, you need to enable JavaScript to visit this website.

സൈബര്‍ ആക്രമണം; അച്ചു ഉമ്മന് പിന്നാലെ മറിയ ഉമ്മന്‍ ഡി. ജി. പിക്ക് പരാതി നല്‍കി

തിരുവനന്തപുരം- സാമൂഹ്യ മാധ്യമങ്ങളില്‍ മോശമായ പോസ്റ്റുകളും കമന്റുകളും ചെയ്തവര്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ ഡി. ജി. പിക്ക് പരാതി നല്‍കി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഡി. ജി. പിക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ അപ്പയെ വേട്ടയാടിയ എതിരാളികള്‍ മരണശേഷവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ പോലും ഭയക്കുന്നത് കൊണ്ടാണ് അതു തുടരുന്നതെന്നു മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയില്‍ 'ഉമ്മന്‍ ചാണ്ടി'ക്കുണ്ടായ മഹാവിജയം.

പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീര്‍ക്കലാണ് രാഷ്ട്രീയത്തില്‍ പോലുമില്ലാത്ത തനിക്കെതിരെ സി. പി. എം സൈബര്‍ സംഘം നടത്തുന്നതെന്നും ഇത് ഏറ്റവും അപലപനീയമാണെന്നും മറിയ ഉമ്മന്‍ പറഞ്ഞു.

'പോരാളി ഷാജി' ഉള്‍പ്പെടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മോശമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ചില പോസ്റ്റുകള്‍ പിന്നീട് ഡിലീറ്റ് ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനെതിരേയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അച്ചു ഉമ്മന്റെ പരാതിയില്‍ സെക്രട്ടേറിയറ്റിലെ മുന്‍ അഡിഷനല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തിരുന്നു. ഫോണ്‍ പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് മറിയ ഉമ്മനും പരാതി നല്‍കിയിയിരിക്കുന്നത്.

Latest News