മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവു പിടിയില്‍

ഹൈദരാബാദ്- മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിനെ തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തു.  ഹൈദരാബാദിലെ കുക്കട്പള്ളിയിലുള്ള മലേഷ്യന്‍ ടൗണ്‍ഷിപ്പില്‍ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഏറെക്കാലമായി പോലീസ് ഇദ്ദേഹത്തിനായി തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. 

കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര പോലീസ് സേനകള്‍ തെരയുന്ന മാവോയിസ്റ്റുകളുടെ പട്ടികയിലെ പ്രധാനിയാണ് സഞ്ജയ് ദീപക് റാവു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കാല്‍ക്കോടി രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. 

നിരോധിത സി. പി. ഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റിയംഗമാണ്. പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്നു. 

മഹാരാഷ്ട്രയിലെ താനെയ്ക്കു സമീപം അംബര്‍നാഥ് ഈസ്റ്റ് സ്വദേശിയാണ്. ശ്രീനഗര്‍ എന്‍. ഐ. ടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷമാണ് നക്‌സല്‍ പ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞത്. അച്ഛന്‍ മുംബൈയിലെ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു.

Latest News