കോഴിക്കോട് - കേരള കോൺഗ്രസ് ബി നേതാവ് കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നതിനെച്ചൊല്ലി കേരള കോൺഗ്രസ് യെമ്മിൽ അസ്വസ്ഥതത പുകയുന്നു. കേരള കോൺഗ്രസ് എം ചെയർമാനും എം.പിയുമായ ജോസ് കെ മാണിയെ സോളാർ ലൈംഗിക പീഡനക്കേസിൽ കുരുക്കാൻ ഗൂഢനീക്കം നടത്തിയ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നത് പിന്തുണക്കാനാവില്ലെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ വികാരം.
ഇടതു മുന്നണിയിലെ മുൻ ധാരണയനുസരിച്ച് ആന്റണി രാജുവിന് പകരക്കാരനായി ഈ നവംബറിലാണ് ഗണേഷ്‌കുമാറും ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലിന്റെ പിൻഗാമിയായി കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകേണ്ടത്. കടന്നപ്പള്ളിയുടെ മന്ത്രിസഭാ പ്രവേശത്തിന് ഘടകക്ഷികളെല്ലാം നൂറുശതമാനം പിന്തുണ നൽകുമ്പോഴും ഗണേഷ്‌കുമാറിന്റെ കാര്യത്തിൽ അത്തരമൊരു സ്വീകാര്യത ഇല്ലെന്നു മാത്രമല്ല, കടുത്ത വിയോജനമാണ് പല കേന്ദ്രങ്ങളും രഹസ്യമായി പങ്കുവെക്കുന്നത്. എന്നാൽ, മുന്നണിയിലെ ധാരണ എന്ന നിലയ്ക്ക് ഇതിനെ പരസ്യമായി തള്ളിപ്പറയാൻ ഇതുവരെയും ആരും തയ്യാറായിട്ടില്ലെന്നു മാത്രം.
സോളാർ പീഡനക്കേസിൽ സി.ബി.ഐ റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ, കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ജോസ് കെ മാണിയെയും കുടുക്കാൻ കാര്യമായ ഗൂഢാലോചനയുണ്ടായെന്നും അതിന് പിന്നിലെ ബുദ്ധികേന്ദ്രം ഗണേഷ്‌കുമാറാണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ഇത് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗത്തിന് ഗണേഷ്‌കുമാറിനെ ഉൾക്കൊള്ളാൻ കടുത്ത മാനസിക പ്രയാസമാണുണ്ടാക്കുന്നത്. ഗണേഷ്‌കുമാറാണ് പീഡനക്കേസിൽ കളിച്ചതെന്ന് നേരത്തെ തന്നെ പലർക്കും അഭിപ്രായമുണ്ടായിരുന്നുവെങ്കിലും പുതിയ വെളിപ്പെടുത്തലോടെ യു.ഡി.എഫിൽ മാത്രമല്ല, ഇടതു മുന്നണിയിലും പ്രത്യേകിച്ച് കേരള കോൺഗ്രസ് യെമ്മിലും ഗണേഷ് വിരുദ്ധ വികാരം കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നതിൽ പ്രവർത്തകരും നേതാക്കളും കടുത്ത നീരസം പ്രകടമാക്കുന്നത്. ഗണേഷ്‌കുമാറിനൈ മന്ത്രിയാക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ സഹോദരിയും ഈയിടെ രംഗത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഇടതു മുന്നണിയിലും ഗണേഷ്‌കുമാറിനെച്ചൊല്ലി വീണ്ടും അഭിപ്രായ ഭിന്നതകൾ തലപൊക്കുന്നത്.
മുന്നണി ധാരണയനുസരിച്ച് രണ്ടരവർഷം ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ടെന്നും അതിന് തടസ്സമൊന്നും ഇല്ലെന്നുമാണ് എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ പറഞ്ഞത്. എന്നാൽ, സ്ത്രീവിഷയങ്ങളിലും മറ്റും ഏറെ ആരോപണങ്ങൾ നേരിടുന്ന ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പ്രവേശം ഇടതു മുന്നണിയുടെ പ്രതിച്ഛായയ്ക്കു ഗുണം ചെയ്യില്ലെന്നും കൂടുതൽ പരുക്കുകളുണ്ടാക്കുമെന്നുമുള്ള അഭിപ്രായം സി.പി.എമ്മിലും ഘടകക്ഷികളിലും പലർക്കുമുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ പരസ്യമായൊരു നിലപാട് പറഞ്ഞില്ലെങ്കിലും ഗണേഷ്‌കുമാറിനെ പൂർണമായും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ്. രാഷ്ട്രീയ ധാർമികതക്കപ്പുറം, ഗണേഷിന്റെ വരവിന് നിയമപരമായ തടസ്സമില്ലെങ്കിൽ വാക്കു പാലിക്കണമെന്നാണ് ഗണേഷ്‌കുമാറിനെ പിന്തുണയ്ക്കുന്ന ഇ.പി ജയരാജനെ പോലെയുള്ളവരുടെ വാദം. എന്നാൽ, അന്തിമമായൊരു തീരുമാനത്തിലേക്ക് പോകും മുമ്പ് പുനരാലോചനയുണ്ടാകുന്നത് നല്ലതാണെന്നും പക്ഷേ, അത് മാധ്യമങ്ങൾക്ക് വിഴുപ്പലക്കാൻ അവസരം ഒരുക്കുംവിധമാകരുതെന്നും ഇവർ പറയുന്നു..
സോളാർ കേസിലെ പരാതിക്കാരി സരിത എസ് നായരെ പീഡിപ്പിച്ചുവെന്ന പ്രമാദമായ കത്തിൽ ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് ആദ്യം ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതിച്ചേർത്തതാണെന്നുമാണ് പരാതിക്കാരിയുടെ അഭിഭാഷകന്റെ പുതിയ വെളിപ്പെടുത്തൽ. ലൈംഗിക പീഡനത്തിൽ കൃത്യമായ ഗൂഢാലോചനയുണ്ടായെന്നും അതിന് പിന്നിൽ പ്രവർത്തിച്ചത് പരാതിക്കാരിയുടെ ആദ്യ കത്തിൽതന്നെ ആരോപണമുയർന്ന കെ.ബി ഗണേഷ്‌കുമാറാണെന്നുമാണ് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ കഴിഞ്ഞദിവസം തുറന്നടിച്ചത്. ജയിലിൽ നിന്ന് ഇറങ്ങിയശേഷം ഗണേഷ്‌കുമാറിന്റെ നിർബന്ധത്തിന് വഴങ്ങി ആറുമാസം അദ്ദേഹത്തിന്റെ ബന്ധുവീട്ടിലാണ് താമസിച്ചതെന്ന് പരാതിക്കാരിയും വ്യക്തമാക്കുകയുണ്ടായി.
പരാതിക്കാരിയെ സ്വാധീനിച്ച് തന്റെ രാഷ്ട്രീയ പകപ്പോക്കലിന് വിവാദ കത്തിനെ ആയുധമാക്കിയ ഗണേഷിന്റെ ഇത്തരം ചെയ്തികൾ കൂടുതൽ മറനീക്കി പുറത്തുവരുമ്പോൾ അത്തരമൊരാളെ മന്ത്രിസഭയിൽ കുടിയിരുത്തുന്നത് തെറ്റാണെന്നും ധാർമികമായത് ഉൾക്കൊള്ളാനാവില്ലെന്നുമുള്ള ശക്തമായ വികാരമാണ് ജോസ് കെ മാണിയെ പിന്തുണക്കുന്നവർക്കുള്ളത്. തങ്ങളുടെ അഭിപ്രായം മാനിക്കാതെ, ഗണേഷിനെ മന്ത്രിയാക്കാൻ സി.പി.എം വാശിപിടിച്ചാൽ മുന്നണി വിടാൻ പോലും മാണി ഗ്രൂപ്പിന് മടിയുണ്ടാവില്ലെന്നാണ് വിവരം. അങ്ങനെ വന്നാൽ മാണി ഗ്രൂപ്പിൽ വീണ്ടുമൊരു പിളർപ്പിന് കളമൊരുങ്ങുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പ്രവേശത്തിൽ ജോസ് കെ മാണി നിലപാട് കടുപ്പിച്ചാൽ മന്ത്രി റോഷി അഗസ്റ്റ്യനെ കൂടെ നിർത്തി കേരള കോൺഗ്രസിലെ ഒരു വിഭാഗത്തെ കൂടെ നിർത്താനാണ് സി.പി.എം ആഗ്രഹിക്കുന്നത്. സി.പി.എമ്മിലും ഗണേഷിന്റെ പ്രവർത്തനങ്ങളോട് പലർക്കും ശക്തമായ നീരസമുള്ള സാഹചര്യത്തിൽ കാര്യങ്ങൾ സമവായത്തിലൂടെ നടത്താനാണ് മുഖ്യമന്ത്രിയും പാർട്ടിയും ഊന്നൽ നൽകുക. ജോസ് കെ മാണിയുടെ രാജ്യസഭ കാലാവധി തീരാൻ ഒരു വർഷത്തിൽ താഴെയുള്ളൂവെന്നിരിക്കെ കടുത്ത ഒരു നിലപാടിലേക്ക് പോകാൻ അവർക്കാവില്ലെന്നും ബാർ കോഴക്കേസിൽ സി.പി.എമ്മിനോട് പൊറുത്തതുപോലെ സോളാറിൽ ഗണേഷിനോടും പൊറുക്കാനായിരിക്കും ജോസ് കെ മാണിയുടെ നിയോഗമെന്നും കരുതുന്നവരുണ്ട്. ഗണേഷിന്റെ ന്യൂനതകളൊക്കെ അംഗീകരിക്കുമ്പോഴും പത്തനാപുരം മണ്ഡലത്തിലെ സ്വാധീനവവും എൻ.എസ്.എസ് നേതൃത്വവുമായുള്ള ഇടത് പാലവുമെല്ലാം പരിഗണിച്ച് അദ്ദേഹത്തെ പാടെ അവഗണിക്കുന്ന ഒരു സമീപനത്തിന് സി.പി.എമ്മും ധൈര്യം കാണിക്കില്ലെന്നാണ് പറയുന്നത്. ഈമാസം 24ന് ചേരുന്ന കേരള കോൺഗ്രസ് യെമ്മിന്റെ ഉന്നതതല യോഗത്തിൽ ഗണേഷിന്റെ മന്ത്രിസ്ഥാനമാണ് പ്രധാന ചർച്ചാ വിഷയമെന്നാണ് വിവരം. എന്തായാലും ജോസ് കെ മാണിയുടെയും സംഘത്തിന്റെയും പ്രതിഷേധം ഇടതുമുന്നണിയിൽ എങ്ങനെയാകും പ്രതിഫലിക്കുകയെന്ന് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.