ലണ്ടന്‍- വിസ ഫീസ് വര്‍ധന ഒക്‌ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറ് മാസത്തില്‍ താഴെയുള്ള സന്ദര്‍ശന വിസക്ക് 15 ബ്രിട്ടീഷ് പൗണ്ടും സ്റ്റുഡന്റ് വിസയ്ക്ക് 127 പൗണ്ടും വര്‍ധിക്കും.
വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമനിര്‍മ്മാണത്തെത്തുടര്‍ന്നാണ്് മാറ്റങ്ങള്‍. ആറ് മാസത്തില്‍ താഴെയുള്ള സന്ദര്‍ശന വിസയുടെ ചെലവ് ഇതോടെ 115 പൗണ്ട് ആയി ഉയരുമെന്നും വിദ്യാര്‍ഥി വിസക്ക് യു.കെക്ക് പുറത്തുനിന്ന് അപേക്ഷിക്കുന്നതിനുള്ള ഫീസ് 490 ആയി ഉയരുമെന്നും യു.കെ ഹോം ഓഫീസ് അറിയിച്ചു. ഇത് ഇന്‍കണ്‍ട്രി ആപ്ലിക്കേഷനുകള്‍ക്ക് ഈടാക്കുന്ന തുകക്ക് തുല്യമാണ്.
വിസ അപേക്ഷകര്‍ യു.കെയുടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് (എന്‍എച്ച്എസ്) നല്‍കുന്ന ഫീസും ഹെല്‍ത്ത് സര്‍ചാര്‍ജും രാജ്യത്തെ പൊതുമേഖലാ വേതന വര്‍ധനവ് നിറവേറ്റുന്നതിനായി 'ഗണ്യമായി' ഉയര്‍ത്തുമെന്ന് ജൂലൈയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു.
'വിസക്ക് അപേക്ഷിക്കുമ്പോള്‍ ഈ രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാര്‍ക്കുള്ള നിരക്കുകള്‍ ഞങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. കൂടാതെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും കൂടും. വര്‍ധനയിലൂടെ 1 ബില്യണിലധികം പൗണ്ട് സമാഹരിക്കാനാണ് പരിപാടി.
കര്‍ശനമായ നിയമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് യു.കെ. 2024 ജനുവരി 1 മുതല്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാന്‍ ആകില്ല. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ക്കും യു കെയി ജനിച്ച കുട്ടികള്‍ക്കും പക്ഷെ ഈ നിയമം ബാധകമാകില്ല. പി എച്ച് ഡി, അതുപോലുള്ള മറ്റ് ഡോക്ടറല്‍ കോഴ്‌സുകള്‍ എന്നിവക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ആശ്രിതരെ കൊണ്ടുവരാന്‍ കഴിയുക.
സ്റ്റുഡന്റ്‌സ് വിസയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍, അവരെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍, ഡിഗ്രി തലത്തിലോ, ഉയര്‍ന്ന തലത്തിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്ന തീയതിക്ക് മുന്‍പുള്ള ഒരു സ്റ്റാര്‍ട്ട് ഡേറ്റ് കാണിക്കരുത്. അതുമല്ലെങ്കില്‍, പി എച്ച് ഡി വിദ്യാര്‍ത്ഥികളാണെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് അവരുടെ പി എച്ച് ഡി കോഴ്‌സ് ആരംഭിച്ച് കഴിഞ്ഞ് 24 മാസങ്ങള്ക്കുള്ളില്‍ സ്റ്റാര്‍ട്ട് ഡേറ്റ് കാണിക്കരുത്.
നിലവില്‍ വര്‍ക്ക് പെര്‍മിറ്റിലുള്ള ആരുടെയെങ്കിലും ആശ്രിത പങ്കാളി ആകണമെങ്കിലും വിദ്യാര്‍ത്ഥികള്‍ ഈ നിബന്ധന പാലിച്ചിരിക്കണം. വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ അപേക്ഷിക്കുമ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതായുള്ള സ്‌പോണ്‍സറുടെ സാക്ഷ്യപത്രം നല്‍കേണ്ടി വരും.