പ്രധാനമന്ത്രി മോഡിക്ക് നാളെ 73ാം പിറന്നാള്‍, ആഘോഷിക്കാന്‍ ബി.ജെ.പി

ന്യൂദല്‍ഹി-  പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സെപ്റ്റംബര്‍ 17 ന് 73 വയസ്സ് തികയും. ഇന്ത്യയിലുടനീളമുള്ള ബി.ജെ.പി യൂണിറ്റുകള്‍ അദ്ദേഹത്തിന്റെ ജന്മദിനം വ്യത്യസ്ത രീതികളില്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.

1950 സെപ്റ്റംബര്‍ 17 ന്, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ദാമോദര്‍ദാസ് മോഡിയുടെയും ഹീരാബായ് മോഡിയുടെയും ആറ് മക്കളില്‍ മൂന്നാമനായി നരേന്ദ്ര മോഡി ജനിച്ചത്.

ചെറുപ്പകാലം മുതല്‍, മോഡി രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍എസ്എസ്) അംഗമായിരുന്നു. 1970 കള്‍ മുതല്‍ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും, 1990 കളുടെ അവസാനം വരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം കാര്യമായ ചലനം നേടിയില്ല.

1987ല്‍ ഗുജറാത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയായി മോഡി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1995 ല്‍ ഗുജറാത്തില്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി അധികാരത്തിലെത്തി.

2001 ഒക്‌ടോബര്‍ 7ന് നരേന്ദ്ര മോഡി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയാണ് മോഡി. 2014ല്‍, മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി തെരഞ്ഞെടുപ്പില്‍ തൂത്തുവാരി. മൂന്ന് പതിറ്റാണ്ടിനിപ്പുറം ഒറ്റക്ക് ഭൂരിപക്ഷം നേടുന്ന ആദ്യ പാര്‍ട്ടിയായി.

പ്രധാനമന്ത്രി പദത്തിലെ തന്റെ രണ്ടാമൂഴം അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെ, മൂന്നാമൂഴത്തിനായുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹവും പാര്‍ട്ടിയും.

 

Latest News