കല്‍പ്പറ്റ- വയനാട്ടില്‍ ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ആപ്പില്‍ നിന്നു കടമെടുത്തിരുന്നു. പണം തിരിച്ചടക്കാന്‍ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ ദമ്പതികളും മക്കളും ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു. പിന്നാലെയാണ് വയനാട്ടിലെ സംഭവവും.
ലോണ്‍ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങള്‍ യുവതിയുടെ ഫോണില്‍ നിന്ന് ലഭിച്ചിരുന്നു. കൂടാതെ സംഘം യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ബന്ധുക്കളുടെ ഫോണുകളിലേക്ക് അയച്ചതായും വിവരമുണ്ട്.
അതേസമയം, ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കാന്‍ ഉടന്‍ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. നിലവിലെ ഐ.ടി നിയമത്തില്‍ ഓണ്‍ലൈന്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ പരിമിതികളുണ്ട്. പ്ലേ സ്‌റ്റോറില്‍ അടക്കം ലഭ്യമായ നിയമ വിരുദ്ധ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വ്യവസ്ഥകളുള്ള നിയമമാണ് കൊണ്ടുവരിക. റിസര്‍വ്ബാങ്കിന്റെ അനുമതിയുള്ള ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ പട്ടിക പുറത്തിറക്കും.