റാഞ്ചി- മാതാപിതാക്കളോടുളള പക തീര്‍ക്കാന്‍ അവരുടെ അഞ്ചു വയസ്സായ മകനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഉലാംഗ് ഗ്രാമത്തിലാണ് സംഭവം.
ഫൈസല്‍ അന്‍സാരി റോസ് എന്ന കുട്ടിയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. അങ്കണവാടി വിദ്യാര്‍ത്ഥിയായ ഫൈസല്‍ പഠനം കഴിഞ്ഞ് സഹപാഠിയായ ബന്ധുവിനോടൊപ്പമാണ് തിരികെ വീട്ടില്‍ എത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഫൈസല്‍ വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും തിരച്ചില്‍ നടത്തിയിരുന്നു. പിന്നാലെ പോലീസില്‍ പരാതി നല്‍കി.
പോലീസ് അന്വേഷണത്തില്‍ കുട്ടിയുടെ ചെരുപ്പുകള്‍ കിണറിനു സമീപത്ത് നിന്നും കണ്ടെടുത്തി. തുടര്‍ന്നാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കഴുത്തില്‍ രണ്ട് ഇഷ്ടികകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
തുടര്‍ന്ന് പോലലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി 55 കാരിയാണെന്ന് തെളിഞ്ഞത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ സ്ത്രീയെ നിരന്തരമായി അപമാനിച്ചിരുന്നുയെന്നും മാതാപിതാക്കളെ മര്യാദ പഠിപ്പിക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.