കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട മാർഗനിർദ്ദേശം തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചതിന്റെ മറപിടിച്ച് മാധ്യമ സ്വാതന്ത്ര്യത്തെ ഒന്നാകെ വരിഞ്ഞുമുറുക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാം. അതിന് തടയിടേണ്ട ബാധ്യത കൂടി സുപ്രീം കോടതിക്കുണ്ട്.
ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് മാധ്യമ വിചാരണക്കെതിരെ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമങ്ങൾക്ക്കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാർഗനിർദേശം വേണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ മൂന്ന് മാസത്തിനകം മാർഗനിർദേശം .തയാറാക്കണമെന്നുമാണ് സുപ്രീംകോടതി നിർദ്ദേശം. അച്ചടി - ദൃശ്യ - സാമൂഹിക മാധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശം ഉണ്ടാകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ വിമർശനങ്ങളും നിർദ്ദേശങ്ങളും വസ്തുതയുള്ളതും കാലിക പ്രസക്തവുമാണ്. എന്നാൽ ഇത്തരം മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുമ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിലുണ്ടാകാനിടയുള്ള ചില കരുതിക്കൂട്ടിയുള്ള ഇടപെടലുകൾകൂടി നീതിപീഠം കണക്കിലെടുക്കേണ്ടതുണ്ട്.
സുപ്രീം കോടതി പറഞ്ഞതു പോലെ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. അതിൽ ആർക്കും തർക്കമുണ്ടാകില്ല. അതിന് വേണ്ടി ചില നിയന്ത്രണങ്ങൾ കൊണ്ടുവരികയുമാകാം. എന്നാൽ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ പൂർണമായും ഹനിക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങളാകരുത് കൊണ്ടുവരുന്നത്. അങ്ങനെ വന്നാൽ അത് വലിയ പ്രത്യാഘാതമായിരിക്കും സമൂഹത്തിൽ സൃഷ്ടിക്കുക. കുറ്റകൃത്യങ്ങളുടെ നിരക്ക് വലിയ രീതിയിൽ ഉയരാനും കുറ്റം ചെയ്യുന്നവർക്ക് എളുപ്പത്തിൽ രക്ഷപ്പെടാനും അത് വഴിയൊരുക്കും. നിയമങ്ങളെ പേടിയുള്ളത് കൊണ്ട് മാത്രമല്ല ആളുകളിൽ വലിയൊരു ഭാഗം കുറ്റകൃത്യങ്ങളിലേക്ക് കടക്കാത്തത്. നിയമങ്ങളേക്കാൾ പലർക്കും പേടി മാധ്യമങ്ങളുടെ ഇടപെടലിനെയാണ്. കുറ്റകൃത്യങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നാൽ സമൂഹത്തിലുള്ള തങ്ങളുടെ ഇമേജ് തകരുമെന്ന് ബഹുഭൂരിഭാഗവും കരുതുന്നുണ്ട്. ഇത് തന്നെയാണ് പലരെയും കുറ്റം ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുന്നത്. അഴിമതിയും, വിവിധ അന്വേഷണ സംഘങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും രാഷ്ട്രീയ രംഗത്തുള്ള കുറ്റകൃത്യങ്ങളുമെല്ലാം മാധ്യമങ്ങളുടെ ഇടപെടൽ കൊണ്ട് മാത്രമാണ് പുറത്തെത്തുന്നതും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇടയാക്കുന്നതും.
കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പൊതുവായി പാലിക്കേണ്ട മര്യാദകൾ പാലിക്കുന്നില്ലെന്ന് അടച്ചാക്ഷേപിക്കാൻ കഴിയില്ല. എന്നാൽ തീർച്ചയായും ചിലപ്പോൾ മാധ്യമങ്ങൾ പരിധി വിട്ടുപോകാറുണ്ട്. അത് മാധ്യമങ്ങളുടെ ഏതെങ്കിലും സ്വാർഥ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നില്ല, മറിച്ച് സമൂഹത്തെ ബാധിക്കുന്ന ഏറ്റവും പ്രധാന വിഷയമാണെന്ന രീതിയിലുള്ള ആവേശംകൊണ്ടും അതിൽ ഫലപ്രദമായ ഇടപെടൽ നടത്തേണ്ടത് തങ്ങളുടെ കടമയാണെന്നു മാധ്യമങ്ങൾ കരുതുന്നതുകൊണ്ടുമാണ്. ഈ ആവേശം പ്രതികളുടെയും ഇരകളുടെയും അവരുടെ ബന്ധുക്കളുടെയുമെല്ലാം അവകാശങ്ങളെ നിഷേധിക്കുന്നതാണെങ്കിൽ അതിനെതിരെ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല.
നിയമപ്രകാരം ഒരു സാധാരണ വ്യക്തിക്ക് ലഭിക്കുന്ന അവകാശങ്ങൾ മാത്രമേ മാധ്യമങ്ങൾക്കുമുള്ളൂ. എന്നാൽ സമൂഹത്തിന്റെ നൻമക്ക് വേണ്ടിയുള്ള പ്രവർത്തനമെന്ന നിലയിൽ ചില പ്രിവിലേജുകൾ മാധ്യമങ്ങൾ അനുഭവിക്കുന്നുണ്ട്. ആ പ്രിവിലേജിന്റെ പുറത്താണ് മാധ്യമങ്ങൾ സുരക്ഷിതമായി നിലനിൽക്കുന്നത്. ആ പ്രിവിലേജ് ഉപയോഗിച്ച് ആരുടെയെങ്കിലും അവകാശങ്ങൾ ഇല്ലാതാക്കുകയോ, നീതി നിഷേധം നടത്തുകയോ ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ അതിനെതിരെയുള്ള നിയന്ത്രണം ആവശ്യമാണ്. എന്നാൽ അത് മാധ്യമ സ്വാതന്ത്ര്യത്തെ ആകെ തകിടം മറിക്കുന്ന രീതിയിലാകരുതെന്ന് മാത്രം.
ഏതെങ്കിലും വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ ഒക്കെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലോ അവർക്ക് മാനനഷ്ടമുണ്ടാക്കുന്ന രീതിയിലോ വാർത്തകൾ നൽകാൻ മാധ്യമങ്ങൾ തയാറായാൽ അതിന് ഇരയായവർക്ക് നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശമുണ്ട്. പലരും അത് ചെയ്തുവരുന്നുണ്ട്. എന്നാൽ വലിയ ഒരു സാമൂഹിക അവബോധം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നത് വാസ്തവമാണ്. മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളുടെ വലിയ തോതിലുള്ള മുന്നേറ്റം വാർത്തകളുടെ വിശ്വാസ്യതയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ആർക്കും അടിസ്ഥാനരഹിതമായ വാർത്തകൾ എപ്പോൾ വേണമെങ്കിലും പടച്ചുവിടാമെന്ന സ്ഥിതിയാണുള്ളത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറപിടിച്ചുകൊണ്ടാണ്,സത്യത്തിന്റെ അംശങ്ങൾ തീരെയില്ലാത്തതും വ്യാജവും നിന്ദ്യവുമായ വാർത്തകൾ പടച്ചുവിടുന്നത്. അതിന്റെ പേരിൽ വ്യവസ്ഥാപിത രീതിയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളെ ഒന്നാകെ കുറ്റവാളികളാക്കുന്നത് ശരിയല്ല. സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം വ്യാജൻമാരുടെ വലിയ കടന്നുകയറ്റം യഥാർഥ മാധ്യമ പ്രവർത്തനത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകർക്കുന്ന കള്ളനാണയങ്ങളെ കണ്ടെത്തി ആദ്യം നടപടിയെടുക്കുകയാണ് ചെയ്യേണ്ടത്. നിർഭാഗ്യവശാൽ അത്തരം ശ്രമങ്ങൾ വേണ്ട രീതിയിൽ നടക്കുന്നില്ല.
കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾക്ക് മാർഗ നിർദേശം നൽകുന്നതിനായി സംസ്ഥാന ഡി.ജി.പിമാരും ദേശീയ മനുഷ്യവകാശ കമ്മീഷനും മറ്റു കക്ഷികളും ഇക്കാര്യത്തിൽ ഒരു മാസത്തിനകം അവരുടെ അഭിപ്രായങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ചാകണം മാധ്യമങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ തയാറാക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും റിപ്പോർട്ടിംഗിലും മാധ്യമങ്ങളോട് സംസാരിക്കാൻ അന്വേഷണ ഏജൻസികൾ നോഡൽ ഓഫീസർമാരെ നിയോഗിക്കണമെന്ന നിർദ്ദേശവും സുപ്രീം കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. വിവിധ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പരിധിക്കപ്പുറത്തേക്ക് കടന്ന് കോടതിയിലെ വിചാരണ നടപടികളെപ്പോലും മാധ്യമങ്ങൾ സ്വാധീനിക്കുന്നുവെന്നാണ് സുപ്രീം കോടതി പറയുന്നത്. അങ്ങനെയുണ്ടെങ്കിൽ അത് തിരുത്തേണ്ടത് തന്നെയാണ്. ജനാധിപത്യത്തിന്റെ രണ്ട് പ്രധാന തൂണുകളാണ് മാധ്യമങ്ങളും ജുഡീഷ്യറിയും. ഇവ തമ്മിൽ സംഘർഷത്തിന്റെയോ, പരസ്പരമുള്ള കടന്നു കയറ്റത്തിന്റെയോ ആവശ്യമില്ല.
ഇവിടെ ഒരു പ്രധാന പ്രശ്‌നമുള്ളത് കേന്ദ്രസർക്കാർ സുപ്രീം കോടതിയുടെ നിർദ്ദേശത്തെ ഏത് രീതിയിൽ സമീപിക്കുമെന്നതാണ്. മാധ്യമങ്ങളെ അനാവശ്യമായി നിയന്ത്രിക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ ഒരു പ്രധാന അജണ്ടയാണ്. പല തവണ അതിന് ശ്രമിച്ചിട്ടും നടക്കാതെ പോയത് സുപ്രീം കോടതി അടക്കമുള്ള നീതിന്യായ സംവിധാനങ്ങളുടെ ശക്തമായ ഇടപെടലുകൾ കൊണ്ട് മാത്രമാണ്. മാധ്യമങ്ങളെ സർക്കാർ നിയന്ത്രിക്കുകയല്ല, മറിച്ച് മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും അങ്ങനെ ചെയ്താൽ മാത്രമേ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും സുപ്രീം കോടതി ഇതിന് മുൻപ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടാണ് മാധ്യമ സ്വാതന്ത്ര്യം ഒരു പരിധിവരെയങ്കിലും നിലനിൽക്കുന്നത്. എന്നാൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട മാർഗനിർദ്ദേശം തയാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചതിന്റെ മറപിടിച്ച് മാധ്യമ സ്വാതന്ത്ര്യത്തെ ഒന്നാകെ വരിഞ്ഞുമുറുക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാം. അതിന് തടയിടേണ്ട ബാധ്യത കൂടി സുപ്രീം കോടതിക്കുണ്ട്.
കോടതി നിർദ്ദേശിച്ചപോലെ വിവിധ കേസുകളിലെ പ്രതികളുടെയും ഇരകളുടെയും അവരുടെ ബന്ധുക്കളുടെയുമെല്ലാം അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ഉത്തമ ബോധ്യത്തോടെയായിരിക്കണം ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവരേണ്ടത്. അല്ലാതെ മാധ്യമങ്ങളുടെ മേൽ സർക്കാരിന് കുതിരകയറാനുള്ള ഉപാധിയായി ഇത് മാറരുത്. അങ്ങനെ ചെയ്താൽ അത് ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിന് തുല്യമായിരിക്കും. എലിയെ കൊല്ലുന്നതിന് ഇല്ലം തന്നെ ചുട്ടുകരിക്കുന്ന അവസ്ഥയുണ്ടാകരുത്.