കൊച്ചി - എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. സി.ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം.
കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച ഇദ്ദേഹം 25-ലധികം കൃതികൾ എഴുതിയിട്ടുണ്ട്. കോട്ടയം നായർ സമാജം ഹൈസ്‌കൂൾ, സി.എം.എസ് കോളജ്, കൊല്ലം എസ്.എൻ കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ് എന്നിവിടങ്ങളിലാണ് പഠനം. സിനിമാ മാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിലും സർക്കാർ കോളജുകളിൽ മലയാളം ലക്ചറർ ആയും പ്രവർത്തിച്ചു. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്നു. 35 വർഷത്തോളമായി സാഹിത്യരംഗത്തുണ്ട്. 1998-ലാണ് സർവീസിൽനിന്ന് വിരമിച്ചത്. എറണാകുളം ലിസി ആശുപത്രിക്കുസമീപം തിരുനക്കര വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ എസ് ഹേമലത. സംവിധായകൻ അമൽ നീരദ് മകനാണ്. അനുപയാണ് മകൾ. മരുമക്കൾ: ജ്യോതിർമയി, ഗോപൻ ചിദംബരം (തിരക്കഥാകൃത്ത്).