പ്ലീസ് എന്റെ പെന്‍ഷന്‍ ഭാര്യമാര്‍ക്കായി  വീതിച്ച് നല്‍കൂ- സര്‍ക്കാര്‍ ജീവനക്കാരന്‍ 

പാലക്കാട്- രണ്ട് ഭാര്യമാര്‍ക്കായി കുടുംബ പെന്‍ഷന്‍ വീതിച്ച് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേരള സര്‍വീസ് റൂള്‍സ് ചട്ടങ്ങള്‍ ബാധകമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. തന്റെ മരണ ശേഷം ലഭിക്കുന്ന കുടുംബ പെന്‍ഷന്‍ ആദ്യ ഭാര്യയ്ക്കും രണ്ടാം ഭാര്യയ്ക്കുമായി 50 ശതമാനം വീതിച്ച് നല്‍കണമെന്ന മുന്‍ ജീവനക്കാരന്റെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്.
മുന്‍ ജീവനക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്റെ വിശദീകരണം. 2022 ഫെബ്രുവരിയില്‍ താന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും അത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചതായി പരാതിക്കാരനായ എം. ഷംസുദ്ദീന്‍ പറഞ്ഞു. തന്റെ ആദ്യഭാര്യ സര്‍വീസില്‍ ഉണ്ടായിരുന്നതുകൊണ്ട് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ഇതിന് പുറമെയാണ് ഫാമിലി പെന്‍ഷന്‍ ലഭിക്കേണ്ടതെന്നും പരാതിയില്‍ പറയുന്നു.
വിരമിച്ച ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ബാധകല്ലെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് കമ്മീഷന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ടു വാങ്ങി. കെഎസ്ആര്‍ പ്രകാരം ഭാവിയില്‍ നല്ല പെരുമാറ്റം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പെന്‍ഷന്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കാന്‍ പാടില്ല.പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡിറില്‍ ഫാമിലി പെന്‍ഷനായി അക്കൗണ്ടന്റ് ജനറല്‍ നോമിനേറ്റ് ചെയ്തവര്‍ക്കാണ് ഫാമിലി പെന്‍ഷന്‍ അനുവദിക്കുന്നത്. നിയമപരമായി വിവാഹം കഴിച്ചവര്‍ക്ക് മാത്രമേ ഫാമിലി പെന്‍ഷന് അര്‍ഹതയുള്ളൂ. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് ആരെയും നോമിനേഷന്‍ നല്‍കി പിന്‍ഗാമിയാക്കാമെന്ന പരാതിക്കാരന്റെ വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Latest News