സൗദി ഫുട്‌ബോളിൽ നെയ്മാറിന് അരങ്ങേറ്റം; ഹിലാലിന് ആറു ഗോൾ ജയം

റിയാദ്- ലോക ഫുട്‌ബോളിലെ സൂപ്പർ താരങ്ങളിൽ ഒരാളായ ബ്രസീലിന്റെ നെയ്മാറിന്റെ സൗദി ലീഗിലെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ച റോഷൻ ലീഗിലെ മത്സരത്തിൽ നെയ്മാറിന്റെ അൽ ഹിലാലിന് ജയം. മത്സരത്തിന്റെ 65-ാം മിനിറ്റിൽ പകരക്കാനായി ഗ്രൗണ്ടിലെത്തിയ നെയ്മാറിന്റെ അസിസ്റ്റിലാണ് ഒരു ഗോൾ പിറന്നത്. മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് അൽ ഹിലാൽ വിജയിച്ചു. ലീഗിൽ പതിനഞ്ചാം സ്ഥാനത്തുള്ള റിയാദിനെയാണ് ഹിലാൽ തോൽപ്പിച്ചത്. ആദ്യപകുതിയിൽ തന്നെ ഹിലാൽ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു.
നെയ്മാർ അരങ്ങേറ്റം കുറിക്കുമോ എന്ന് ഫുട്‌ബോൾ ലോകം ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന മത്സരത്തിൽ 65-ാം മിനിറ്റിലാണ് നീലപ്പടയുടെ ജഴ്‌സിയണിഞ്ഞ് താരം ഗ്രൗണ്ടിലെത്തിയത്. മിഷേലിന് പകരക്കാനായ ഗ്രൗണ്ടിലെത്തിയ നെയ്മാർ ആരാധകരുടെ മനം കവർന്നു. ഈ സമയത്ത് തന്നെ ഹിലാൽ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു. നെയ്മാർ ഗ്രൗണ്ടിലെത്തി രണ്ടു മിനിറ്റിനകം ഹിലാൽ ഒരു ഗോൾ കൂടി അടിച്ച് ഗോൾ നേട്ടം മൂന്നായി ഉയർത്തി. 83-ാം മിനിറ്റിൽ മാൽകോം, 87-ാം മിനിറ്റിൽ സാലേം അൽ ദോസരി, 95-ാം മിനിറ്റിൽ വീണ്ടും ദോസരി എന്നിങ്ങനെ ആറുഗോളുകളാണ് ഹിലാൽ നേടിയത്. 96-ാം മിനിറ്റിൽ അലി അൽ സക്കാനാണ് അൽ റിയാദിന്റെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ഹിലാൽ മുന്നിലെത്തി. 

നെയ്മാർ കളിക്കുമോ ഇല്ലയോ എന്നതായിരുന്നു മത്സരം തുടങ്ങുന്നത് വരെ ആരാധകർ ഉയർത്തിയിരുന്ന ചോദ്യം. കഴിഞ്ഞ മാസം തന്നെ സൗദി ക്ലബ്ബിൽ നെയ്മാർ ചേർന്നിരുന്നുവെങ്കിലും പരിക്ക് കാരണം അരങ്ങേറ്റം വൈകുകയായിരുന്നു. ഇന്നത്തെ വിജയത്തോടെ ഇത്തിഹാദിന് മുകളിലാണ് അൽ ഹിലാൽ. ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് 16 പോയിന്റാ 18 തവണ ചാമ്പ്യൻമാരായ ഹിലാലിനുള്ളത്. 
ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ സ്‌കോർ മറികടന്ന നെയ്മാർ സൗദി റോഷൻ ലീഗിലെ ആദ്യമത്സരത്തിൽ തന്നെ ആരാധകരുടെ മനം കവർന്നു. ആദ്യത്തെ ഒരു മണിക്കൂർ നേരം സൈഡ് ബെഞ്ചിലിരുന്നാണ് നെയ്മാർ സഹതാരങ്ങളുടെ മത്സരം വീക്ഷിച്ചത്. 

Latest News